കണ്ണൂരില്‍ മല്‍സരിക്കണമെന്ന കെ.സുധാകരന്റെ പിടിവാശിക്ക് വഴങ്ങാതെ ഹൈക്കമാന്‍ഡ്. എം.പിമാര്‍ മല്‍സരിക്കേണ്ടെന്ന കര്‍ശന നിലപാടെടുത്തതോടെ കെ. സുധാകരന് സീറ്റ് നല്‍കേണ്ടെന്ന് ഒടുവില്‍ തീരുമാനിച്ചു. ഇതോെട സ്വതന്ത്രനായി മത്സരിച്ചേക്കുമെന്ന് സൂചനകള്‍. ഉടന്‍ പ്രഖ്യാപനം നടത്തിയേക്കും. ഒന്‍പതേ മുക്കാലിന്റെ വിമാനത്തില്‍ ഇന്നുതന്നെ സുധാകരന്‍ നാട്ടിലേക്ക് മടങ്ങും. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സുധാകരന് വന്‍ സ്വീകരണം നല്‍കാന്‍ നീക്കം നടക്കുന്നു. 

കണ്ണൂരില്‍ ടി.ഒ.മോഹനന്‍ സ്ഥാനാര്‍ഥിയായേക്കും. എം.പിമാര്‍ക്ക് ഇളവ് നല്‍കിയാല്‍ കീഴ്‍വഴക്കമാകുമെന്ന് ഹൈക്കമാന്‍ഡ് നിലപാടെടുത്തു. കൂടുതല്‍ എം.പിമാര്‍ മല്‍സരിക്കണമെന്ന് ആവശ്യപ്പെടാമെന്നും ഹൈക്കമാന്‍ഡിന് ആശങ്ക. പട്ടികയ്ക്ക് ഹൈക്കമാന്‍ഡ് അംഗീകാരം ലഭിച്ചെന്നും പ്രഖ്യാപനം ഉടനെന്നും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ്ഞു

Also Read: തുടര്‍ച്ചയായി മൂന്നു അവധി ദിനങ്ങള്‍; പത്രിക എപ്പോള്‍ സമര്‍പ്പിക്കും?; 23 അവസാന ദിവസം


അതേസമയം, കോണ്‍ഗ്രസ് പട്ടികയില്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും സ്വതന്ത്രനായി മല്‍സരിക്കാനാണ് സുധാകരന്റെ തീരുമാനമെന്ന് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹിയിലെ വസതിയില്‍ വാര്‍ത്താ സമ്മേളനത്തിന് ഒരുക്കം നടക്കുന്നു. ഡല്‍ഹിയില്‍ നിന്ന് ഇന്ന് തന്നെ കേരളത്തിലെത്തും. കൊച്ചിയില്‍നിന്ന് ട്രെയിനിലായിരിക്കും കണ്ണൂരിലെത്തുക. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സുധാകരന് വന്‍ സ്വീകരണം നല്‍കാന്‍ നീക്കം നടക്കുന്നു. 

കെ. സുധാകരന്റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ഒറ്റപ്പെട്ട സംഭവമെന്ന് വി.ഡി സതീശന്‍ പ്രതികരിച്ചു. എല്ലാം ഊതിവീര്‍പ്പിച്ചതാണ്. നിര്‍ണായക ഘട്ടത്തില്‍ മുതിര്‍ന്ന നേതാവ് എ.കെ. ആന്റണി ഇടപെടാറുണ്ട്. 100ല്‍ കൂടുതല്‍ സീറ്റില്ലെങ്കില്‍ വനവാസത്തിന് തന്നെയെന്നും വി.ഡി പറവൂരില്‍ ആവര്‍ത്തിച്ചു. 

അതേസമയം, പെരുമ്പാവൂരിൽ സ്ഥാനാർത്ഥി നിർണ്ണയം അന്തിമഘട്ടത്തിലെത്തി നിൽക്കെ അപ്രതീക്ഷിത നീക്കങ്ങളുമായി എൽദോസ് കുന്നപ്പിള്ളിലിന്റെ നീക്കങ്ങള്‍. സ്ഥാനാർത്ഥി പട്ടികയിൽ ഇടം ലഭിക്കില്ലെന്ന് ഉറപ്പായതോടെ, എറണാകുളം ഡിസിസി അധ്യക്ഷസ്ഥാനം ലക്ഷ്യമിട്ടാണ് കുന്നപ്പിള്ളിലിന്റെ സമ്മർദ്ദ നീക്കങ്ങൾ. വിമാനത്താവളത്തിൽ വെച്ച് എൽദോസ് നടത്തിയ വൈകാരിക പ്രതികരണം യുഡിഎഫ് ക്യാമ്പുകളിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നു. നിയമസഭയിലേക്ക് വീണ്ടും പരിഗണിച്ചില്ലെങ്കിൽ പകരം തന്നെ ഡിസിസി അധ്യക്ഷനാക്കണമെന്ന ഉറച്ച ആവശ്യമാണ് കുന്നപ്പള്ളി ഹൈക്കമാൻഡിന് മുന്നിൽ വെച്ചിരിക്കുന്നത്.

എന്നാൽ രമേശ് ചെന്നിത്തലയോ ദേശീയ നേതൃത്വമോ ഇക്കാര്യത്തിൽ ഇതുവരെ പച്ചക്കൊടി കാട്ടിയിട്ടില്ല. ഇതിനിടെ കുറുപ്പുംപടിയിൽ എൽദോസ് അനുകൂലികളുടെ ശക്തിപ്രകടനം നടന്നു. ഡിസിസി ഭാരവാഹികൾ, ബ്ലോക്ക് അധ്യക്ഷന്മാർ, പഞ്ചായത്ത് പ്രസിഡന്റുമാർ ഉൾപ്പെടെ 100 കണക്കിനാളുകൾ പ്രകടനത്തിൽ അണിനിരന്നു. കുന്നപ്പള്ളിയോട് നേതൃത്വം നന്ദികേട് കാണിക്കരുതെന്ന് പ്രവർത്തകർ ആവശ്യപ്പെട്ടു. 

എന്നാൽ ഐ ഗ്രൂപ്പിലെ ഒരു വിഭാഗം മാത്രമാണ് ഈ നീക്കങ്ങൾക്ക് പിന്നിലെന്നാണ് ബെന്നി ബഹന്നാൻ അനുകൂലികളുടെ വാദം. 

ENGLISH SUMMARY:

K. Sudhakaran's potential independent candidacy is creating ripples in Kerala Congress politics as the final candidate list faces delays. The party leadership is communicating a strict stance against MPs contesting to the high command, though Sudhakaran reportedly plans to run as an independent regardless.