കേരളത്തില്‍ സ്വര്‍ണ വില കൂടി

  • കേരളത്തില്‍ സ്വര്‍ണ വില ഗ്രാമിന് 14,000 രൂപ കടന്നു. പവന് 1,13,760 രൂപ

ഇടവേളയ്ക്ക് ശേഷം കേരളത്തില്‍ സ്വര്‍ണ വില ഗ്രാമിന് 14,000 രൂപ കടന്നു. തിങ്കളാഴ്ചയിലെ നേരിയ കുറവിനു ശേഷം സ്വര്‍ണ വിലയില്‍ 2,320 രൂപയാണ് വര്‍ധിച്ചത്. കേരളത്തില്‍ പവന് 1,13,760 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 290 രൂപ വര്‍ധിച്ച് 14220 രൂപയിലെത്തി. ജൂണ്‍ 9 തിനു ശേഷം ആദ്യമായാണ് സ്വര്‍ണ വില ഗ്രാമിന് 14000 രൂപ കടക്കുന്നത്. കഴിഞ്ഞ ആഴ്ചയിലെ മുന്നേറ്റത്തിന്‍റെ തുടര്‍ച്ച ഈ ആഴ്ചയിലും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

 

രാജ്യാന്തര വില ഇടവേളയ്ക്ക് ശേഷം ട്രോയ് ഔണ്‍സിന് 4,400 ഡോളറിലേക്ക് കുതിച്ചതോടെയാണ്  കേരളത്തിലും വില വര്‍ധിച്ചത്. 4,435.90 ഡോളര്‍ വരെ രാജ്യാന്തര വില ഉയര്‍ന്നു. ജൂണ്‍ അഞ്ചിനു ശേഷമുള്ള ഉയര്‍ന്ന നിരക്കാണിത്. സെപ്റ്റംബറിലെ ഫെ‍ഡ് യോഗത്തില്‍ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് വര്‍ധിപ്പിക്കില്ലെന്ന നിക്ഷേപകരുടെ ആത്മവിശ്വാസമാണ് സ്വര്‍ണ വില ഉയര്‍ത്തുന്നത്. ജൂലൈ മാസത്തിലെ ദുര്‍ബലമായ യുഎസ് തൊഴില്‍ കണക്കാണ് ഇതിന് പിന്‍ബലം. 

 

പലിശ നിരക്ക് കൂടുന്നത് ഡോളറിനെ ഉയര്‍ത്തുകയും സ്വര്‍ണത്തില്‍ നിന്നുള്ള നിക്ഷേപത്തെ ഡോളറുമായി ബന്ധപ്പെട്ട നിക്ഷേപത്തിലേക്ക് മാറ്റുകയും ചെയ്യും. ഇതിന് സ്വര്‍ണ വില കുറയാന്‍ കാരണമാകും. ഇത്തരമൊരു സാഹചര്യം ഉടനെ ഉണ്ടാകുമെന്ന് വിപണി പ്രതീക്ഷിക്കുന്നില്ല. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ വരാനിരിക്കുന്ന യു.എസില്‍ നിന്നുള്ള പണപ്പെരുപ്പ കണക്കാണ് സ്വര്‍ണത്തിന്റെ മുന്നോട്ടുള്ള ഗതി നിര്‍ണയിക്കുക. 

 

ക്രൂ‍ഡ് ഓയില്‍ വില കുറഞ്ഞതും ഡോളര്‍ ഇടിഞ്ഞതും സ്വര്‍ണ വിലയെ കഴിഞ്ഞാഴ്ച മുന്നേറ്റത്തിലേക്ക് നയിച്ചിരുന്നു. ഈ സമയം, ചൈനീസ് സെൻട്രൽ ബാങ്ക് ഏകദേശം 20 ടൺ സ്വര്‍ണമാണ് കരുതൽ ശേഖരത്തിലേക്ക് വാങ്ങിയത്. ബുധനാഴ്ചയിലെ യു.എസ് പണപ്പെരുപ്പ കണക്ക് കുറഞ്ഞാല്‍ സെപ്റ്റംബറില്‍ പലിശ നിരക്ക് കൂട്ടാനുള്ള സാധ്യത കുറയും. ഇത് സ്വര്‍ണ വിലയെ വീണ്ടും കുതിപ്പിലേക്ക് നയിക്കും. അങ്ങനെയെങ്കില്‍ വില 4500 ഡോളറിലേക്ക് കടക്കാനാണ് സാധ്യത.

ENGLISH SUMMARY:

Gold prices in Kerala crossed 14,000 INR per gram following a significant surge of 2,320 INR, bringing the price of a sovereign to 113,760 INR. This sharp domestic increase was driven by international gold prices jumping toward 4,400 USD per troy ounce. Investor confidence that the US Federal Reserve will not hike interest rates during its September meeting, bolstered by weak US employment data, has fueled the precious metal's rally. Market participants are now closely eyeing upcoming US inflation data and crude oil trends, which will determine whether prices climb further toward 4,500 USD.