Untitled design - 1

സ്ഥാനാര്‍ഥി നിര്‍ണയവും പട്ടികയും വൈകുന്നതോടെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന് സമയം കുറയുമെന്ന ആശങ്കയില്‍ കോണ്‍ഗ്രസ്. നാളെ ഈദുൽ ഫിത്ർ അവധിയായി നേരത്തെ നിശ്ചയിച്ചിരുന്നു. ഇത് ശനിയാഴ്ചയിലേക്ക് മാറാനും ഇടയുണ്ട്. അതോടെ അവധി ദിവസവും ഞായറാഴ്ചയും പത്രികാസമര്‍പ്പണം സാധ്യമല്ല. തിങ്കളാഴ്ച മൂന്നു മണിക്കു മുന്‍പുതന്നെ പത്രിക സമര്‍പ്പിക്കേണ്ടതുണ്ട്. ഇതിന് മുന്നോടിയായി ബാങ്കില്‍ നിന്നും സര്‍ക്കാര്‍ ഓഫീസുകളില്‍നിന്നും ആവശ്യമുള്ള സര്‍ട്ടിഫിക്കറ്റുകളും സ്റ്റേറ്റ്മെന്‍റുകളും വാങ്ങേണ്ടതുണ്ട്. ഇതിനൊന്നും സാധിക്കാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ് . എല്‍ഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ഥി നിര്‍ണയവും പൂര്‍ത്തിയായിട്ടില്ല. കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടാല്‍ മാത്രമെ കേന്ദ്ര തിരഞ്ഞടുപ്പ് കമ്മിഷന് തീയതി നീട്ടി നല്‍കുന്നത് പരിഗണിക്കാന്‍കഴിയൂ.  

കെ സുധാകരന് സീറ്റ് ലഭിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ ‍‍ഡിസി.സിക്ക് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ച് ആഹ്ലാദപ്രകടനം നടത്തി. തൊട്ടുപിന്നാലെ കോണ്‍ഗ്രസിന്റെ കണ്ണൂര്‍ മണ്ഡലം നേതൃയോഗത്തില്‍ ബഹളമുണ്ടായി. മോഹനന്‍–സുധാകരന്‍ അനുകൂലികള്‍ തമ്മിലാണ് തര്‍ക്കമുണ്ടായത്. അനുനയത്തിലെത്താന്‍ സുധാകരനോട് ആവശ്യപ്പെട്ടെന്നും മൂന്നാമത് ഭരണം ഉണ്ടാകരുതെന്നും പറഞ്ഞെന്നും എ.കെ.ആന്റണി സ്ഥിരീകരിച്ചു. പാര്‍ട്ടി തീരുമാനം അനുസരിക്കണമെന്ന് അഭ്യര്‍ഥിച്ചെന്നും എ.കെ.ആന്റണി പറഞ്ഞു. എന്നാല്‍ കെ. സുധാകരന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് പ്രചരിക്കുന്നത് അഭ്യൂഹമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചു.  സിഇസി ലിസ്റ്റ് മാറും എന്ന് കരുതുന്നില്ല. ഇനിയത് മാറ്റുക ദുഷ്കരമെന്നും രാജ്മോഹന്‍ ഡല്‍ഹിയില്‍ വ്യക്തമാക്കി. 

Also Read: നാടകീയതക്കൊടുവിൽ ഹൈക്കമാൻഡ് അയഞ്ഞു; കെ.സുധാകരന്‍ തിരഞ്ഞെടുപ്പ് ഗോദയിലേക്ക്


കെ.സുധാകരന് സീറ്റ് നല്‍കിയതോടെ കോന്നി സീറ്റിനായി സമ്മര്‍ദം ശക്തമാക്കി അടൂര്‍ പ്രകാശ്. കെ.സി.വേണുഗോപാല്‍, വി.ഡി.സതീശന്‍, രമേശ് ചെന്നിത്തല എന്നിവരുമായി അടൂര്‍ പ്രകാശ് ഫോണില്‍ സംസാരിച്ചു. പാര്‍ട്ടി നിര്‍ദേശം അനുസരിക്കുന്നെന്ന് ഫെയ്സ് ബുക്ക് പോസ്റ്റ് ഇട്ടെങ്കിലും അല്‍പസമയത്തിനകം പോസ്റ്റ് പിന്‍വലിച്ചു. 

ഇതിനിടെ മല്‍സരിക്കാന്‍ അവസരം നല്‍കിയില്ലെങ്കില്‍ ഡിസിസി അധ്യക്ഷനാക്കണമെന്ന് നേത്യത്ത്വത്തോട് ആവശ്യപ്പെട്ട് എല്‍ദോസ് കുന്നപ്പിള്ളില്‍. അനുനയശ്രമത്തിനായി വിളിച്ച രമേശ് ചെന്നിത്തലയോടും  ഈ കാര്യം ആവശ്യപ്പെട്ടു. 

സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് രാജിഭീഷണി മുഴക്കി കെഎസ്‍യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും നേതൃത്വത്തിന് തലവേദനയാകുന്നു. സ്ഥാനമൊഴിയുകയാണെന്ന സൂചന നല്‍കിയതിന് പിന്നാലെ കെ.സി.വേണുഗോപാല്‍ അലോഷ്യസിനെ വിളിച്ചു. പ്രത്യേക സാഹചര്യത്തിലാണ് സീറ്റ് നല്‍കാന്‍ കഴിയാതിരുന്നതെന്ന് അലോഷ്യസിനെ അറിയിച്ചു. തുടര്‍ന്ന് അലോഷ്യസ് സേവ്യര്‍ രാജി തീരുമാനത്തില്‍ നിന്ന് പിന്മാറി

ENGLISH SUMMARY:

Malayala Manorama Online News covers the intense concern within the Congress party due to the delay in finalizing the candidate list, compounded by upcoming holidays that significantly shorten the nomination filing window. This situation has led to internal friction and protests among party members regarding seat allocation.