കെ. സുധാകരൻ എംപി കണ്ണൂർ സീറ്റിലൂടെ നിയമസഭാ തിരഞ്ഞെടുപ്പ് ഗോദയിലേക്ക്. കെ സുധാകരന്റെ വലിയ സമ്മർദ്ദ നീക്കങ്ങൾക്കും നാടകീയതകൾക്കും ഒടുവിൽ ഹൈക്കമാൻഡ് അയഞ്ഞു. സ്വതന്ത്ര സ്ഥാനാർത്ഥിയാകുന്നതടക്കമുള്ള കെ. സുധാകരന്റെ നീക്കങ്ങളുടെ പരിണതഫലം തിരിച്ചറിഞ്ഞ എ.കെ. ആന്റണിയും രമേശ് ചെന്നിത്തലയും ഉചിതമായ ഇടപെടൽ നടത്തി. സുധാകരന്റെ സ്ഥാനാർത്ഥിത്വം പ്രവർത്തകർക്കിടയിൽ ആവേശം നിറയ്ക്കുമ്പോൾ സമ്മർദ്ദം ശക്തമാക്കി രംഗത്തിറങ്ങുകയാണ് നേരത്തെ മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച എംപിമാർ.
കെ സുധാകരന്റെ സ്ഥാനാർത്ഥിത്വത്തിലേക്ക് എത്താൻ കോൺഗ്രസ് നേതൃത്വം കടന്നുപോയത് വലിയ അനിശ്ചിതത്വങ്ങളിലൂടെ. എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ട എന്നും ഉപതിരഞ്ഞെടുപ്പിൽ ലോക്സഭ മണ്ഡലം പിടിക്കാൻ കഴിഞ്ഞില്ലെങ്കിൽ ദേശീയതലത്തിൽ തിരിച്ചടിയാകും എന്നുമായിരുന്നു അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെയും രാഹുൽ ഗാന്ധിയുടെയും മറ്റു നേതാക്കളുടെയും നിലപാട്. തീരുമാനം അറിയിച്ചിട്ടും മത്സരിക്കണമെന്ന ആവശ്യം ഹൈക്കമാന്റിനെ അറിയിച്ചത് 9 എംപിമാർ. വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ മുൻപിൽ നിന്നു കെ. സുധാകരൻ. കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും അടക്കം നേതാക്കളുടെ വലിയ നിര തന്നെ അനുനയിപ്പിക്കാൻ ഇറങ്ങി. നിർദ്ദേശിക്കുന്ന പേരുകാർക്ക് സ്ഥാനാർത്ഥിത്വം എന്ന നിർദ്ദേശവും സുധാകരൻ സ്വീകരിച്ചില്ല. കെപിസിസി അധ്യക്ഷ പദത്തിൽ നിന്നും മാറ്റുമ്പോള്‍ രാഹുൽഗാന്ധി തന്ന വാക്കാണ് സ്ഥാനാർഥിത്വമെന്നും പ്രവർത്തകസമിതി അംഗമായിട്ട് ഒരു കൂടിയാലോചനയും നടത്തുന്നില്ലെന്നും സുധാകരൻ കടുത്ത ഭാഷയിൽ മറുപടി നൽകി.
സ്വതന്ത്രനായി മത്സരിക്കും, പ്രവർത്തകസമിതി അംഗത്വം രാജിവെക്കും, പുതിയ പാർട്ടി രൂപീകരിക്കുന്നതും ആലോചനയിലുണ്ട് തുടങ്ങിയ സുധാകരന്റെ നിലപാട് പാർട്ടിയെ വെട്ടിലാക്കി. സംസ്ഥാനത്തുടനീളവും പ്രത്യേകിച്ച് മലബാറിലും ഉണ്ടാകുന്ന തിരിച്ചടി കണ്ണൂരിൽ നിന്നുള്ള കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനെ അടക്കം ആശങ്കയിലാക്കി. അങ്ങനെയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റിയിൽ അടക്കം എടുത്ത തീരുമാനം പുനപരിശോധിക്കാൻ തീരുമാനിച്ചത്. രമേശ് ചെന്നിത്തല രാഹുൽ ഗാന്ധിയെ കാര്യങ്ങൾ ബോധ്യപ്പെടുത്തി.
മുതിർന്ന നേതാവ് എ.കെ. ആന്റണിയും കെ. സുധാകരനെ അനുനയിപ്പിക്കാൻ ഇറങ്ങി. വാർത്താ സമ്മേളനം വിളിച്ച് നിലപാട് കടുപ്പിക്കാൻ ഇരുന്ന കെ. സുധാകരൻ വാർത്താസമ്മേളനം നീട്ടിക്കൊണ്ടുപോയി. ഇതിനിടെ ഒരു ഘട്ടത്തിൽ പാർട്ടി കൈവിട്ടെന്ന് സുധാകരനും വിശ്വസിച്ചു. ഏകപക്ഷീയ തീരുമാനമെടുത്ത് മുന്നോട്ടുപോകുന്ന നേതൃത്വം ആണെന്നും ഗുഡ്ബൈ എന്നും നേതാക്കളെ ഫോണിൽ വിളിച്ച് പറഞ്ഞു. സുധാകരന്റെ സ്ഥാനാർത്ഥിത്വ ചിത്രം തെളിയുമ്പോൾ ചോദ്യങ്ങൾ പലതു ഉയരുന്നുണ്ട്. നിർണായക തിരഞ്ഞെടുപ്പ് ഘട്ടത്തിൽ പാർട്ടിയെ നയിക്കേണ്ട നേതാവ് ഇങ്ങനെയാണോ പെരുമാറേണ്ടത് ?