dr-muhammed-asheel-3

കോവിഡ് കാലത്തെ 'ബ്രേക്ക് ദ ചെയിൻ' പദ്ധതിയിലെ ക്രമക്കേട് ആരോപണവുമായി ബന്ധപ്പെട്ട്, മുൻ സാമൂഹ്യസുരക്ഷാ മിഷൻ ഡയറക്ടർ ഡോ. മുഹമ്മദ് അഷീലിനെതിരായ അന്വേഷണം നടന്നത് രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ കാലത്താണ്. 2022 ഒക്ടോബറിൽ സാമൂഹ്യനീതി മന്ത്രി ആർ. ബിന്ദുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഗവേണിങ് ബോഡി യോഗമാണ് ഈ അന്വേഷണത്തിന് തീരുമാനമെടുത്തത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ മുഖമായിരുന്ന ഡോ. അഷീലിനെതിരെ അതേ മുന്നണിയുടെ രണ്ടാമൂഴത്തിൽ അന്വേഷണം വന്നത് ശ്രദ്ധേയമായി.

അക്കൗണ്ടന്റ് ജനറലിന്റെ കണ്ടെത്തലുകളെത്തുടർന്ന്, 2023 ഏപ്രിലിലാണ് ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ അന്വേഷണം ആവശ്യപ്പെട്ട് സാമൂഹ്യസുരക്ഷാ മിഷൻ ഡയറക്ടർ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്ത് നൽകിയത്. പദ്ധതിക്ക് സർക്കാർ അനുമതി ഇല്ലായിരുന്നെന്നും ഗുരുതര ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നുമാണ് ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. എന്നാൽ, താൻ ചെയ്തതെല്ലാം നിയമവിധേയമാണെന്ന് ഡോ. അഷീലും, സർക്കാരിന്റെ കൂട്ടായ ഉത്തരവാദിത്തത്തോടെയാണ് പ്രവർത്തനങ്ങൾ നടന്നതെന്ന് മുൻ മന്ത്രി കെ.കെ. ശൈലജയും നേരത്തെ വ്യക്തമാക്കിയിരുന്നു.

രണ്ടാം പിണറായി സർക്കാരിന്റെ ഈ നീക്കം മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജയെ ലക്ഷ്യമിട്ടുള്ളതാണെന്ന വിവാദം നേരത്തെ തന്നെ ഉയർന്നിരുന്നു. ഡോ. അഷീലിനെതിരായ റിപ്പോർട്ടിൽ ആരോഗ്യ വകുപ്പ് ഇനി എന്ത് തുടർനടപടികളാണ് സ്വീകരിക്കുക എന്നതാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.

ENGLISH SUMMARY:

COVID-19 'Break the Chain' project irregularities are being investigated under the second Pinarayi Vijayan government, focusing on former Social Security Mission Director Dr. Mohammed Asheel. This probe, initiated by the governing body in October 2022, has drawn attention due to Dr. Asheel's prominent role during the first Pinarayi government's pandemic response.