കോണ്‍ഗ്രസിനെ വെല്ലുവിളിക്കാനില്ലെന്നും പാര്‍ട്ടിയില്‍ തുടരുമെന്നും കെ. സുധാകരന്‍. പാര്‍ട്ടിയ്ക്ക് വിധേയനായി തുടരും. പാര്‍ട്ടി എത്രയോ വലുതാണ്. താന്‍ എത്രയോ ചെറുതുമാണ്. സ്വതന്ത്രനായി മത്സരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ല. പാര്‍ട്ടി സ്ഥാനാര്‍ഥിയാക്കിയാല്‍ മല്‍സരിക്കുമെന്നും സുധാകരന്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോടു പറഞ്ഞു. 

 

Also Read: തുടര്‍ച്ചയായി മൂന്നു അവധി ദിനങ്ങള്‍; പത്രിക എപ്പോള്‍ സമര്‍പ്പിക്കും?; 23 അവസാന ദിവസം

 

രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ മണിക്കൂറുകളായിരുന്നു കടന്നു പോയത്. എവിടേയും ഉയര്‍ന്ന ചോദ്യം ഒന്നു മാത്രം. കേരളത്തിലെ തലമുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന് കണ്ണൂരില്‍ സീറ്റുണ്ടാകുമോ ?. ചാനലുകളില്‍ ബ്രേക്കിങ് ന്യൂസുകള്‍ മാറിമാറി വന്നപ്പോഴും ഒന്നും ഉറപ്പിച്ച് പറയാന്‍ പറ്റാത്ത സാഹചര്യം. ഒടുവില്‍ ഇന്ന് രാത്രിയോടെ ഹൈക്കമാന്‍ഡ് തീരുമാനം വന്നു. സിറ്റിങ് എംപിമാര്‍ മത്സരിക്കേണ്ടെന്ന തീരുമാനം ഒരാള്‍ക്കു മാത്രമായി മാറ്റേണ്ടതില്ല. അങ്ങനെ ചെയ്താല്‍ അതൊരു കീഴ്‍വഴക്കമാകും. 

 

കൂടുതല്‍ എം.പിമാര്‍ മല്‍സരിക്കണമെന്ന് ആവശ്യപ്പെടാനും സാധ്യതയുണ്ട്. ഇതോടെ കെ. സുധാകരന്റെ പിടിവാശിയ്ക്കു മുന്നില്‍ കീഴടങ്ങേണ്ടതില്ലെന്ന് ഹൈക്കമാന്‍ഡ് തീരുമാനിച്ചു. വിട്ടുവീഴ്ച വേണ്ടെന്ന നിലപാട് കടുപ്പില്‍ രാഹുല്‍ ഗാന്ധി തന്നെയായിരുന്നു. സുധാകരന്റെ ഏതു നീക്കവും നേരിടാനുറച്ചാണ് സംസ്ഥാന നേതൃത്വം. പാര്‍ട്ടിക്ക് ഒരു പോറലും ഏല്‍ക്കില്ലെന്നും നേതാക്കള്‍ വിലയിരുത്തുന്നു.

 

പട്ടികയ്ക്ക് ഹൈക്കമാന്‍ഡ് അംഗീകാരം ലഭിച്ചെന്നും പ്രഖ്യാപനം ഉടനെന്നും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ്ഞു. കെ. സുധാകരന്റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ഒറ്റപ്പെട്ട സംഭവമെന്ന് വി.ഡി സതീശന്‍ പ്രതികരിച്ചു. എല്ലാം ഊതിവീര്‍പ്പിച്ചതാണ്. നിര്‍ണായക ഘട്ടത്തില്‍ മുതിര്‍ന്ന നേതാവ് എ.കെ. ആന്റണി ഇടപെടാറുണ്ട്. 100ല്‍ കൂടുതല്‍ സീറ്റില്ലെങ്കില്‍ വനവാസത്തിന് തന്നെയെന്നും വി.ഡി പറവൂരില്‍ ആവര്‍ത്തിച്ചു. 

 

 

 

ENGLISH SUMMARY:

K Sudhakaran will remain loyal to the party and will not contest as an independent candidate. He stated that he is not contemplating running as an independent and will contest if nominated by the party, emphasizing his subordinate role within the larger Congress structure.