കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. പാര്‍ട്ടി ചെയര്‍മാന്‍ ജോസ്.കെ.മാണി പാലായിലും മന്ത്രി റോഷി അഗസ്റ്റിന്‍ ഇടുക്കിയിലും തേരുതെളിക്കും. ചാലക്കുടിയില്‍ ബിജു ചിറയത്ത് സ്ഥാനാര്‍ഥിയാകും. എല്‍ഡിഎഫ് പന്ത്രണ്ടു സീറ്റിലൊതുക്കിയ കേരള കോണ്‍ഗ്രസ് എം പ്രതാപം തിരിച്ചുപിടിക്കാനുള്ള പടപ്പുറപ്പാടിലാണ്.
പതിമൂന്നാമതൊരു സീറ്റിനുവേണ്ടി ജോസ്.കെ.മാണി കാര്യമായി ഇടപെട്ടെങ്കിലും സിപിഎം നല്‍കിയില്ല. കേരള കോണ്‍ഗ്രസ് എം കഴിഞ്ഞതവണ മല്‍സരിച്ച പന്ത്രണ്ടു സീറ്റിലൊതുങ്ങി. ഇടുക്കില്‍ റോഷി അഗസ്റ്റിനും, കാഞ്ഞിരപ്പള്ളിയില്‍ എൻ. ജയരാജും, ചങ്ങനാശേരിയില്‍ ജോബ് മൈക്കിളും, പൂഞ്ഞാറില്‍ സെബാസ്റ്റ്യൻ കുളത്തുങ്കലും, റാന്നിയില്‍ പ്രമോദ് നാരായണനും സ്ഥാനാര്‍ഥിത്വം ഉറപ്പാക്കി പ്രചാരണം തുടങ്ങിയിരുന്നു.
പാര്‍ട്ടി ചെയര്‍മാന്‍ ജോസ്.കെ.മാണി ഒരുകാലത്തെ പാര്‍ട്ടിയുടെ തട്ടകമായിരുന്ന പാലായില്‍ തന്നെ മല്‍സരിക്കും. കടുത്തുരുത്തിയില്‍ നിര്‍മല ജിമ്മി, തൊടുപുഴയില്‍ സിറിയക് ചാഴിക്കാടന്‍, പെരുമ്പാവൂരില്‍ ബേസില്‍ പോള്‍, പിറവത്ത് സാബു.കെ.ജേക്കബ്, ഇരിക്കൂറില്‍ മാത്യു കുന്നപ്പളളി എന്നിവരാണ് അവസാനഘട്ടത്തില്‍ സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഇടംപിടിച്ചവര്‍.