ജി. സുധാകരൻ ഉയർത്തുന്ന വെല്ലുവിളിയെ അതേ നാണയത്തിൽ തന്നെ നേരിടാൻ സിപിഎം. പാർട്ടിയെ പ്രതിസന്ധിയിലാക്കിയ സുധാകരനോട് ഇനി മൃദുഭാവം വേണ്ട എന്ന നിലപാടാണ് പാർട്ടി ഘടകങ്ങൾക്ക് നേതൃത്വം നൽകിയിരിക്കുന്നത്. സുധാകരനെതിരെ ഇടത് സൈബർ ഹാൻഡിലുകളിൽ വിമർശനം അതിശക്തമാണ്. ശനിയാഴ്ച വൈകിട്ട് സുധാകരൻ താമസിക്കുന്ന പറവൂരിൽ സിപിഎം ശക്തി പ്രകടനം നടത്തും.
ഇത്രയും മുതിർന്ന നേതാവ് നിർണായക ഘട്ടത്തിൽ പാർട്ടിയുടെ എല്ലാ അഭ്യർത്ഥനകളും നിർദാക്ഷിണ്യം തള്ളി എന്നതാണ് പാർട്ടി നേതൃത്വത്തിൻ്റെ വിമർശനം. സുധാകരനെ പ്രകോപിക്കേണ്ട എന്ന സമീപനം ആദ്യം സ്വീകരിച്ച പാർട്ടി നിലപാട് മാറ്റി. തിരഞ്ഞെടുപ്പിൽ സ്വതന്ത്രനാകും എന്ന പ്രഖ്യാപനം വന്നതോടെ പാർട്ടിയും ജാഗ്രതയിലായി. അധികം വൈകാതെ സുധാകരനെ വർഗവഞ്ചകൻ എന്ന് വിശേഷിപ്പിച്ച് പോസ്റ്ററുകൾ പതിച്ചു. സിപിഎം ഏരിയ നേതാക്കൾ നേരിട്ടിറങ്ങി പോസ്റ്റർ പതിക്കുന്നതിന്ന് നേതൃത്വം നൽകി. ജില്ലയിലെമ്പാടും ലോക്കൽ ,ഏരിയ സമ്മേളനങ്ങൾ ചേർന്ന് സ്ഥിതി വിലയിരുത്തി. പാർട്ടി അംഗങ്ങളിൽ ഒരാൾ പോലും സുധാകരനൊപ്പം പോകില്ലെന്ന് ഉറപ്പാക്കാനാണ് സിപിഎം ശ്രമം.
ഇന്ന് ലോക്കൽ, ഏരിയ തലങ്ങളിൽ അംഗങ്ങളുടെ യോഗം ചേർന്ന് സുധാകരൻ വിഷയത്തിലെ CPM നിലപാട് വിശദീകരിക്കും. രാഷ്ട്രീയമായി തന്നെ പ്രശ്നത്തെ നേരിടുക എന്നതാണ് CPM നയം. ശനിയാഴ്ച വൈകിട്ട് സുധാകരൻ താമസിക്കുന്ന പറവൂരിൽ CPM നേതൃത്വത്തിൽ ശക്തി പ്രകടനം നടത്തും. വി.എസിൻ്റെ വീടിൻ്റെ സമീപത്ത് നിന്ന് പ്രകടനം ആരംഭിക്കുന്നതും വൈകാരികത മുന്നിൽ കണ്ടു തന്നെ. ഇടത് സൈബർ ഹാൻഡിലുകളിലും സുധാകരനെതിരായ വിമർശനം ശക്തമാക്കി.സുധാകരൻ ഉയർത്തുന്ന വെല്ലുവിളി പ്രതിരോധിക്കാൻ രാഷ്ട്രീയ വിശദീകരണയോഗങ്ങളും അമ്പലപ്പുഴ മണ്ഡലത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിൽ സംഘടിപ്പിക്കും.