സിപിഎമ്മിന്റെ ആലപ്പുഴ സമ്മേളനത്തില്‍നിന്ന് ഇറങ്ങിപ്പോയ വിഎസ് അച്യുതാനന്ദന്‍ പിന്നീടെന്ത് ചെയ്യുമെന്നൊരു രാഷ്ട്രീയ ആകാംക്ഷ കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തിന് ഉണ്ടായിരുന്നു. വിഎസ് പാര്‍ട്ടിയില്‍ത്തന്നെ തുടര്‍ന്നു എന്നത് ചരിത്രം. കമ്യൂണിസ്റ്റ് ഗാഥയേറെ പറയാനുള്ള ആലപ്പുഴ,,, പാര്‍ട്ടി ചരിത്രത്തിലെഴുതിയത് വിജയകഥകള്‍ മാത്രമല്ലെന്ന് നമുക്കറിയാം. അജയ്യനെന്ന് കരുതിയ വിഎസ് മാരാരിക്കുളത്ത് തോറ്റു തുടങ്ങി കഥകളേറെ, കളികളേറെ. ഇന്നിതാ ആലപ്പുഴ സിപിഎമ്മിലെ അതികായരില്‍ ഒരാള്‍ പാര്‍ട്ടി ശത്രുവാകുന്നു, പാര്‍ട്ടിക്കെതിരെ മല്‍സരിക്കാന്‍ പോകുന്നു. ഒന്നും രണ്ടും പിണറായി സര്‍ക്കാരുകളുടെ വാഴ്ത്തുപാട്ട് നടക്കുമ്പോള്‍ ഒന്നാം സര്‍ക്കാരിലെ മന്ത്രി മിക്കവാറും യുഡിഎഫ് പിന്തുണയുള്ള സ്ഥാനാര്‍ഥിയാകും എന്ന വിസ്മയചിത്രം. അമ്പലപ്പുഴയില്‍ ജി സുധാകരന്‍ പാര്‍ട്ടിയെ വീഴ്ത്തുമോ? സുധാകരന്‍ പാര്‍ട്ടിയെ ഈ തിരഞ്ഞെടുപ്പ് കാലത്ത് കേരളത്തിലാകെ പ്രതിസന്ധിയിലാക്കുമോ? ഉത്തരംകിട്ടേണ്ട പ്രധാന ചോദ്യങ്ങളിലൊന്ന്, എന്താണ് സുധാകരന്‍ ഉന്നയിക്കുന്ന രാഷ്ട്രീയപ്രശ്നമെന്നതുകൂടിയാണ്. മല്‍സരിക്കണം, ജയിക്കണം, അവസരംവേണം, പരിഗണനവേണം എന്നതിനപ്പുറത്ത് ഒരു പ്രശ്നം ഈ സീനിയര്‍ കമ്യൂണിസ്റ്റ് ഉന്നയിക്കുന്നുണ്ടോ?