ഭൂട്ടാന്‍ വാഹനക്കടത്തും ഓപ്പറേഷന്‍ നുംഖോറും. ഏറ്റവും ഒടുവില്‍‌, ഓപ്പറേഷന്‍ നുംഖോറില്‍ ആദ്യ അറസ്റ്റ് നടന്നതോടെ നിര്‍ണായക നീക്കങ്ങളിലേക്കാണ് അന്വേഷണസംഘം എത്തിയിരിക്കുന്നത്.  ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസറും അടക്കം അഞ്ചുപേരെ കസ്റ്റംസ് പിടികൂടിയിരിക്കുന്നു. 

ഭൂട്ടാനിലെ 'സോങ്ക്ഖാ' ഭാഷയിൽ നുംഖോറെന്നാല്‍ വാഹനം എന്നാണ് അര്‍ഥം. ഭൂട്ടാനിലെ സൈന്യം ഉപയോഗിക്കുന്ന വാഹനങ്ങള്‍ മിക്കതും ജപ്പാനില്‍ നിന്നൊക്കെ ഇറക്കിയതാണ്. അതും സെക്കന്റ് ഹാന്‍ഡില്‍. ലാന്‍ഡ് ക്രൂയിസര്‍, ലാന്‍ഡ് റോവര്‍ അടക്കമുള്ള വാഹനങ്ങളാണ് മിക്കതും. ഭൂട്ടാനില്‍ നിന്ന് അഞ്ച് ലക്ഷം രൂപ മുതല്‍ ഈ വാഹനങ്ങള്‍ വാങ്ങും. എന്നിട്ട്, അത് പത്തിരട്ടി വിലയില്‍ വില്‍ക്കും. ഭൂട്ടാന്‍ റോയല്‍ ആര്‍മി ഉപേക്ഷിച്ച 150 വാഹനങ്ങള്‍ നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് കൊണ്ടുവരികയും ഹിമാചല്‍പ്രദേശില്‍ റജിസ്റ്റര്‍ ചെയ്ത ശേഷം പത്തിരട്ടിവരെ വിലക്ക് വില്‍ക്കുകയും ചെയ്തു എന്നാണ് ഈ കേസില്‍ ആദ്യം കണ്ടെത്തുന്ന ഞെട്ടിപ്പിക്കുന്ന കാര്യം. 

വിദേശത്ത് റജിസ്റ്റർ ചെയ്ത സെക്കൻഡ് ഹാൻഡ് കാറുകൾ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ നിയമം അനുവദിക്കുന്നില്ല. വിദേശ ഇന്ത്യക്കാർ അവർ തങ്ങുന്ന രാജ്യത്ത് 3 വർഷത്തിൽ കൂടുതൽ കാലം ഉടമസ്ഥതയിൽ കൈവശം വയ്ക്കുന്ന വാഹനങ്ങൾ മാത്രമാണ് 160% തീരുവ നൽകി കൊണ്ടുവരാൻ അനുവാദമുള്ളത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ വാഹനങ്ങള്‍ മറിച്ചു വില്‍ക്കുന്നുണ്ട്. കൂടുതലും റജിസ്റ്റര്‍ ചെയ്യുന്നത് ഷിംല റൂറലിലാണ്. ഹിമാചൽപ്രദേശ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന റാക്കറ്റ് ഷിംല റൂറൽ ,എച്ച്പി 52, റജിസ്ട്രേഷനിലാണ് വാഹനങ്ങൾ മറിച്ചുവിൽക്കുന്നത്. വാഹനം വാങ്ങുന്നവരുടെ സംസ്ഥാനങ്ങളിൽ റീ–റജിസ്റ്റർ ചെയ്യാനുള്ള എൻഒസി സഹിതമാണു വിൽപന. 

2022 സെപ്റ്റംബറിൽ ഹിമാചൽ പ്രദേശിലെ വാഹന ഏജന്റ് ഡൽഹി മായാപുരിയിലുള്ള കാർ വിൽപ്പനക്കാരന് ടെയോട്ട പ്രാഡോ കാർ വിറ്റതാണ് ഈ വലിയ തട്ടിപ്പിലേക്ക് വാതിൽ തുറന്നത്. വെറും 1 ലക്ഷം രൂപക്കായിരുന്നു വിൽപന. ഇത്ര വിലകുറച്ചു കിട്ടുന്ന ഈ വാഹനങ്ങൾ എവിടേക്ക് പോകുന്നു എന്ന അന്വേഷണം കസ്റ്റംസിനെ എത്തിച്ചത് കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്കായിരുന്നു. വാഹന ഇടപാടുകളില്‍ ഇടനില നിന്നിട്ടുള്ളവരെ കേന്ദ്രീകരിച്ച് ആദ്യം അന്വേഷണം നടത്തിയിരുന്നു. അവരില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ പശ്ചാത്തലത്തിലാണ് ഓപ്പറേഷന്‍ നുംകോറില്‍ കേരളത്തിലും പരിശോധന നടന്നത്. ആദ്യഘട്ടത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, അമിത് ചക്കാലക്കല്‍ തുടങ്ങിയ താരങ്ങളുടെ വീട്ടില്‍ പരിശോധന നടത്തി. നടന്‍ അമിത് ചക്കാലക്കലിന്റെ എളംകുളത്തുള്ള വീട്ടില്‍ പരിശോധനയ്ക്ക് ശേഷം അന്ന് രണ്ട് കാറുകള്‍ പിടിച്ചെടുത്തിരുന്നു. 

കഴിഞ്ഞ ആറ് മാസമായി നടക്കുന്ന അന്വേഷണത്തില്‍ ആര്‍മിയുടെ രേഖകള്‍ വ്യാജമായി നിര്‍മിച്ചാണ് തട്ടിപ്പുസംഘം കാര്‍ എത്തിച്ചതെന്ന് മനസിലായി. ഇരുന്നൂറോളം വാഹനങ്ങള്‍ കേരളത്തിലുണ്ടെന്നാണ് കണ്ടെത്തിയത്. പരിവാഹന്‍ വെബ്സൈറ്റിലും കൃത്രിമം കാണിച്ചിരുന്നു. റജിസ്ട്രേഷനടക്കം വ്യാജരേഖകള്‍ ഉപയോഗിച്ചു. ജിഎസ്ടി ഉള്‍പ്പെടെ വെട്ടിപ്പ് നടത്തി. ടൂറിസ്റ്റുകളുമായി വന്ന്, വാഹനങ്ങള്‍ ഇട്ടിട്ട് പോകും. ലിസ്റ്റിലെ 90 ശതമാനം വണ്ടികളും കൃത്രിമ രേഖകള്‍ ഉപയോഗിച്ചാണ് ഇന്ത്യയിലേക്ക് കൊണ്ടുവന്നിരുന്നത്. 

കാർ കടത്തിന് ഇൻഡോ–ഭൂട്ടാൻ കാർ റാലികളും കള്ളക്കടത്ത് റാക്കറ്റ് കുറുക്കുവഴിയാക്കി. ഓരോ തവണയും റാലിയിൽ പങ്കെടുക്കുന്നത് 30 മുതൽ 50 വരെ കാറുകളാണെങ്കിലും റാലിയുടെ സ്റ്റിക്കർ പതിച്ച നൂറിലധികം കാറുകൾ അകമ്പടിയായി റാലിയിൽ പങ്കെടുക്കും. ഇത്തരത്തിൽ പരിശോധന ഒഴിവാക്കി കള്ളക്കടത്തു കാറുകളും അതിർത്തി കടക്കുന്നതായി കേന്ദ്ര ഏജൻസികൾ റിപ്പോർട്ട് ചെയ്തു. വാഹനക്കടത്തിന് പ്രധാനമായും കൂട്ടുനില്‍ക്കുന്നത് കോയമ്പത്തൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഓട്ടോ മൊബീല്‍ സ്ഥാപനമെന്ന് ഇ.ഡി. കഴിഞ്ഞ ഒക്ടോബറില്‍ കണ്ടെത്തി. കോയമ്പത്തൂരിലെ ഷൈൻ മോട്ടോഴ്സ് എന്ന സ്ഥാപനത്തിന്റെ ഉടമകളായ സാദിഖ് ബാഷ, ഇമ്രാൻ ഖാൻ എന്നിവരാണ് വാഹനക്കടത്ത് ആസൂത്രണം ചെയ്തു നടപ്പാക്കിയത്. ഭൂട്ടാനിലെ മുൻ സൈനികനും ഇടനിലക്കാരനുമായ ഷാ കിൻലിക്കൊപ്പം ചേർന്ന് 16 വാഹനങ്ങൾ ഇന്ത്യയിലേക്ക് കടത്തിയെന്ന് ഇവർ ഇഡിയോട് പിന്നീട് സമ്മതിച്ചു. 

ഭൂട്ടാന്‍ വാഹനക്കടത്തില്‍ സൂത്രധാരനും സംഘത്തില്‍പ്പെട്ട ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസറും അടക്കം അഞ്ചുപേരെ കസ്റ്റംസ് പിടികൂടുന്നത് കഴിഞ്ഞ ശനിയാഴ്ചയാണ്. ഓപ്പറേഷന്‍ നുംഖോറിലെ ആദ്യ അറസ്റ്റ്. വ്യാജരേഖകള്‍ ഉപയോഗിച്ച് സംഘം 460 വാഹനങ്ങള്‍ റജിസ്റ്റര്‍ ചെയ്തതായാണ് ഏറ്റവും ഒടുവിലുള്ള കണക്ക്. ബംഗാള്‍ ജല്‍പായ്ഗുഡി സ്വദേശി ബിശ്വദീപ് ദാസിനെ ഭൂട്ടാന്‍ അതിര്‍ത്തിയിലെ ജയ്‍ഗാവില്‍വച്ച് ബംഗാള്‍ കസ്റ്റംസ് പ്രിവന്‍റിവ് യൂണിന്‍റെയും സശസ്ത്ര സീമാ ഭല്ലിന്‍റെയും സഹായത്തോടെയാണ് പിടികൂടുന്നത്. വാഹനക്കടത്തിലെ പ്രധാന സൂത്രധാരന്മാരില്‍ ഒരാളാണ് ബിശ്വദീപ് എന്നാണ് വിലയിരുത്തല്‍. ബഹുരാഷ്ട്ര ഐടി കമ്പനിയില്‍ സീനിയര്‍ എന്‍ജിനീയര്‍. ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അയച്ചു.

ബിശ്വദീപിനെക്കൂടാതെ നാല് പേരെ അസമില്‍ നിന്ന് ഓപ്പറേഷന്‍ നുംഖോറിന്‍റെ ഭാഗമായി പിടികൂടി. ദീപക് പട്ടോവാരി, അയൂബ് അലി, മുസ്തഫ അഹമ്മദ്, ജലാല്‍ മണ്ഡല്‍ എന്നിവരെ കൊച്ചി കസ്റ്റംസ് പ്രിവന്‍റീവ് സംഘം ഷില്ലോങ് കസ്റ്റംസ് പ്രിവന്‍റീവ് സംഘത്തിന്‍റെ സഹായത്തോടെ പിടികൂടി. ഇതില്‍ 57കാരനായ ദീപക് പട്ടോവാരി അസമില്‍ ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസറാണ്. ഇയാളെ കസ്റ്റംസ് വകുപ്പിലെയും  സെന്‍ട്രല്‍ ജിഎസ്ടിയിലെയും ഉദ്യോഗസ്ഥര്‍ സംയുക്തമായി ചോദ്യം ചെയ്തു. മൂവായിരം കിലോമീറ്ററിലധികം സഞ്ചരിച്ച് ഒരാഴ്ച്ച കൊണ്ടാണ് കസ്റ്റംസ് അറസ്റ്റുകള്‍ നടത്തിയത്.  വ്യാജരേഖകള്‍ ഉപയോഗിച്ച് സംഘം 460 വാഹനങ്ങള്‍ റജിസ്റ്റര്‍ ചെയ്തതായി അസം പൊലീസിന്‍റെ അന്വേഷണത്തില്‍ കണ്ടെത്തി. സിഎജി റിപ്പോര്‍ട്ട് പ്രകാരം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഒരേ ഷാസി , എന്‍ജിന്‍ നമ്പറുകള്‍ ഉപയോഗിച്ച് 15,849 വാഹനങ്ങളാണ് റജിസ്റ്റര്‍ ചെയ്തതിരിക്കുന്നത്. നികുതി വെട്ടിക്കാന്‍ വ്യാജരേഖകളുണ്ടാക്കി 150 മുതല്‍ 200 വരെ വാഹനങ്ങള്‍ ഭൂട്ടാനില്‍ നിന്ന് ഇറക്കുമതി ചെയ്തിട്ടുണ്ടെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍. 

മുഖ്യസൂത്രധാരൻ ബിശ്വദീപ് ദാസിനെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഉടന്‍‌ ചോദ്യം ചെയ്യും. ‌ബിശ്വദീപിന്റെ റാക്കറ്റിന്റെ കള്ളപ്പണ ഇടപാടുകളിൽ വിശദമായ പരിശോധന നടത്തും. നികുതിവെട്ടിച്ച് കാർ കടത്തുന്നതിനായി ലക്ഷങ്ങൾ ഇയാൾ കൈക്കൂലി വാങ്ങിയെന്നാണ് കണ്ടെത്തിയത്. അഞ്ഞൂറോളം വാഹനങ്ങൾ കടത്തിയെന്ന് ബിശ്വദീപ് കസ്റ്റംസിന് മൊഴിയും നൽകിയിരുന്നു. കേരളത്തിൽ എത്തിച്ചശേഷം ബിശ്വദീപിന്റെ കൂട്ടാളികളെയും ചോദ്യം ചെയ്യും. വാഹനക്കടത്തിൽ നിലവിൽ ഫെമ കേസ് റജിസ്റ്റർ ചെയ്താണ് ഇ.ഡിയുടെ അന്വേഷണം.

ENGLISH SUMMARY:

Bhutan vehicle smuggling and Operation Nunhkor have led to crucial arrests, with customs apprehending five individuals, including a District Transport Officer. This operation targets the illegal import and resale of vehicles from Bhutan into India using forged documents and tax evasion.