മന്ത്രി സജി ചെറിയാനെതിരെ രൂക്ഷ വിമർശനവുമായി മുന്‍മന്ത്രി എംഎം മണി രംഗത്ത്. ഇന്ന് ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നിര്‍മ്മിച്ച ചെങ്കുളം മള്‍ട്ടി സ്പീഷ്യസ് മത്സ്യവിത്ത് ഫാമിന്റെ ഉദ്ഘാടന വേദിയിലാണ് മണിയുടെ രോഷപ്രകടനം. ഉദ്ഘാടനത്തിന് സജി ചെറിയാൻ എത്താത്തതിലാണ് എംഎം മണി ക്ഷുഭിതനായത്. മന്ത്രി ഓൺലൈനായാണ് ഉദ്ഘാടനം നിർവഹിച്ചത്.
''ഒരുമാതിരി പണി മന്ത്രിയാണെങ്കിലും കാണിക്കല്ല്. ഞാൻ ഇങ്ങനെ പറഞ്ഞെന്ന് അങ്ങ് പറഞ്ഞേരെ (ഉദ്യോഗസ്ഥരോട്). ഞങ്ങളെയൊക്കെ മന്ത്രി സജി ചെറിയാന്‍ എന്തിനാണ് മെനക്കെടുത്തിയത്?. അയാൾ അവിടെ ഇരുന്ന് ഒണ്ടാക്കണ്ട കാര്യമുണ്ടോ?. ഞാനും രാജയും മതി ഇത് ഉദ്ഘാടനം ചെയ്യാൻ.
ഇതിപ്പം കുളിച്ചില്ലേലും കോണകം പുരപ്പുറത്ത് കിടക്കണമെന്ന് പറയുന്ന പോലെയാണ്. തിരുവനന്തപുരത്ത് ഇരുന്നുള്ള ഉദ്ഘാടനം ഒണ്ടാക്കല്..മെനക്കെടുന്നത് നമ്മളാണ്. ഡീസലും അടിച്ച് നമ്മൾ പിറകെ നടക്കുവാ. മേലാൽ എന്നെ ഇത്തരം കാര്യങ്ങൾക്ക് ക്ഷണിക്കരുത്. എൻറെ ഭാഷയിൽ ഞാൻ വേറെ വല്ലതും പറഞ്ഞുപോവും. ഇതൊരു സദസ് ആയതിനാൽ അത് ഞാൻ പറയുന്നില്ല'' – മണി തുറന്നടിച്ചു.
ഒടുവിൽ പ്രസംഗിക്കാതെ എംഎൽഎ വേദിയും വിട്ടു.