സിപിഎം വിട്ട മുന്‍ മന്ത്രി ജി. സുധാകരന്‍റെ സ്ഥാനാര്‍ഥിത്വത്തിലും തുറന്നുപറച്ചിലിലും പകച്ചുനില്‍ക്കുകയാണ് ആലപ്പുഴയില്‍ സിപിഎം നേതൃത്വം. പാര്‍ട്ടി നേതൃത്വം പൊളിറ്റിക്കല്‍ ക്രിമിനലുകളെ വളര്‍ത്തി അവരെക്കൊണ്ട് മുതിര്‍ന്ന നേതാക്കളെ ആക്രമിക്കുകയാണെന്നാണ് ജി. സുധാകരന്‍ തുറന്നടിച്ചത്. സഹോദരനായ ജി. ഭുവനേശ്വരൻ കൊല്ലപ്പെട്ടിട്ടും പാർട്ടിയിൽനിന്ന് ഒരു സഹായവും ലഭിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.
'കൊല്ലപ്പെട്ട സഹോദരന്‍റെ കേസ് നടത്താൻ ആരും പൈസ തന്നില്ല. ആരും അവനായി രക്തസാക്ഷി ഫണ്ടും പിരിച്ചില്ല. വീട്ടിലെ ആഞ്ഞിലി മരം വെട്ടിവിറ്റാണ് കേസ് നടത്തിയത്. ഇടതു സർക്കാർ ഭരിച്ചിട്ടും അന്ന് കേസിൽ അപ്പീൽ പോയില്ല. വിഎസ് പറഞ്ഞിട്ടാണ് അവസാനം സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ വച്ചത്. ഇതാണ് ഭുവനേശ്വരന്റെ ചരിത്രം'. – അദ്ദേഹം ഇന്നത്തെ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
ജി. സുധാകരന്‍റെ പാര്‍ട്ടിക്ക് എതിരായ കടുത്ത പരാമര്‍ശങ്ങളോട്, അതേ ഭാഷയില്‍ തന്നെ പ്രതികരിച്ച നേതാക്കന്മാരില്‍ പ്രധാനി മന്ത്രി സജി ചെറിയാനാണ്. പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തില്‍ പൊളിറ്റിക്കല്‍ ഗുണ്ടകള്‍ ആരാണെന്നാണ് ജി സുധാകരന്‍ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി സജി ചെറിയാന്‍ തിരിച്ചടിച്ചു.
'ഈ ആലപ്പുഴ ജില്ലയില്‍ അദ്ദേഹമടക്കമുള്ള ഞങ്ങളെല്ലാവരും കൂടി അല്ലേ പാര്‍ട്ടിയെ നയിച്ചത്. അപ്പോള്‍ ഒന്നാമത്തെ ഗുണ്ട അദ്ദേഹമായിരിക്കും. രണ്ടാമത്തെ ഗുണ്ട ഞാനായിരിക്കും. ഇതില്‍ ഏത് ഗുണ്ടയെപ്പറ്റിയാണ് അദ്ദേഹം പറയുന്നത് എന്ന് എനിക്കറിയില്ല. അദ്ദേഹം പാര്‍ട്ടി വിട്ട് പോയി. അത്രയല്ലേ വിഷയമുള്ളു. ഇനി ബാക്കിയുള്ള ഗൂണ്ടകള്‍ നയിക്കട്ടെ, അല്ലാതെന്ത് ചെയ്യാന്‍ പറ്റും.
ഞാനും നാസറും സുധാകരനും ഒക്കെ ചേരുന്നതാണ് ജി സുധാകരന്‍ പറഞ്ഞ ഗുണ്ടകള്‍. ആ ഗുണ്ടകളെ വച്ചല്ലേ നയിക്കാന്‍ പറ്റൂ. ഞങ്ങള്‍ രാഷ്ട്രീയ ഗുണ്ടകളെ ആരെയും വളര്‍ത്തിയിട്ടില്ല. അതല്ല സിപിഎം ജില്ലാനേതൃത്വത്തിന്‍റെ ജോലി. ഞങ്ങള്‍ വളരെ എജ്യൂക്കേറ്റഡ് ആയിട്ടുള്ള പാര്‍ട്ടിയാണ്. നല്ല രാഷ്ട്രീയ കാഴ്ചപ്പാടും ധാരണയും ഉണ്ട്. ആലപ്പുഴയില്‍ പാര്‍ട്ടിക്ക് ഒരുപാട് പ്രതിസന്ധികളും വെല്ലുവിളികളും ഉയര്‍ന്നിട്ടുണ്ട്. അന്നൊന്നും ഒരു ചരിച്ചിലും ഉണ്ടായ പാര്‍ട്ടിയല്ല. നേരെ അങ്ങ് പോകും'. – സജി ചെറിയാന്‍ മറുപടി നല്‍കി.
പൊളിറ്റിക്കല്‍ ക്രിമിനലുകളെ കൂടെ കൊണ്ടുനടക്കുക, അവരെ ആയുധമാക്കി വ്യക്തിഹത്യ നടത്തുക എന്നിവയാണ് ഇപ്പോള്‍ സിപിഎം ചെയ്യുന്നതെന്ന് സുധാകരന്‍ ആഞ്ഞടിച്ചിരുന്നു. ഈ വാക്കുകളാണ് സജി ചെറിയാനെ ചൊടിപ്പിച്ചത്.
പല തരത്തിലുള്ള പീഡനങ്ങള്‍ ഉണ്ടായിട്ടും താന്‍ മെമ്പര്‍ഷിപ് ഒഴിയാന്‍ പോയില്ലെന്നും, അതൊക്കെ കഴിഞ്ഞ് തന്‍റെ അച്ഛനുവിളിക്കാന്‍ തുടങ്ങിയെന്നും സുധാകരന്‍ പറഞ്ഞിരുന്നു. 'നിങ്ങളെന്താ ബിജെപിയില്‍ പോകാത്തത്, കോണ്‍ഗ്രസില്‍ പോകാത്തത് എന്ന് ചോദിക്കാന്‍ തുടങ്ങി. രാഷ്ട്രീയവിമര്‍ശനമല്ലാതെ അനാവശ്യമായ കാര്യങ്ങള്‍ പറഞ്ഞാല്‍ മാന്യമായ ഭാഷയില്‍ ശക്തിയായി തിരിച്ചടിക്കും. ജനാധിപത്യം മൂന്നുതരത്തിലുണ്ട്. ഇപ്പോള്‍ പാര്‍ലമെന്‍ററി ജനാധിപത്യമാണ്. സ്വാതന്ത്ര്യം ഉപയോഗിച്ചാണ് വാര്‍ത്താ സമ്മേളനം നടത്തുന്നത്. ഭരണഘടനാമൂല്യങ്ങള്‍ പാലിക്കണം. കുന്തവും കുടച്ചക്രവും എന്നൊന്നും പറയേണ്ടതില്ല, അത് വിമര്‍ശനമല്ല. വിമര്‍ശനം വേറെ, അറിവില്ലാതെ ഓരോന്ന് പറയുന്നത് വേറെ. ഭരണഘടനയില്‍ നല്ല നല്ല ഭേഗഗതികള്‍ എത്രയോ വന്നു. അതില്‍ നല്ലതിനെയെല്ലാം കമ്യൂണിസ്റ്റുകാര്‍ പിന്തുണയ്ക്കുകയും ചെയ്തു'. - സുധാകരന്‍ സജി ചെറിയാനെ ഉന്നമിട്ട് തുറന്നടിച്ചു.
അതൊന്നും വലിയ ക്ലച്ചുപിടിക്കുന്ന കാര്യമല്ലെന്നായിരുന്നു സജി ചെറിയാന്‍റെ മറുപടി. 'ഇതൊക്കെ നാട്ടിലെ എല്ലാവരും പറയുന്ന കാര്യമല്ലേ. അതൊരു വല്യ കാര്യമാണോ. അദ്ദേഹം പറഞ്ഞ പല കാര്യങ്ങളും ഞാന്‍ വിശ്വസിക്കാന്‍ തുടങ്ങിയാല്‍ മൂന്നുനാല് മണിക്കൂറെടുക്കത്തില്ലേ. അത്രയും തരംതാണ് അദ്ദേഹം പറയും എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഇടതുപക്ഷമുന്നണി ഒരു തിരഞ്ഞെടുപ്പിലേക്ക് പോകുന്ന ഘട്ടത്തില്‍ പാര്‍ട്ടിയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച ഒരു സഖാവ് അസ്വസ്ഥനാകുകയാണ്. ആ സഖാവിന് മല്‍സരിക്കണം. അദ്ദേഹം മല്‍സരിക്കട്ടെ. അതിന് ഞങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യാന്‍പറ്റുമോ? അങ്ങനെ മല്‍സരിക്കുന്നതിന് അദ്ദേഹം ഓപ്പണായി നിലപാടെടുക്കുന്നു. ആ വിഷയം അവിടെ അവസാനിച്ചു. – സജി ചെറിയാന്‍ വ്യക്തമാക്കുന്നു.