തനിക്ക് കാന്‍സര്‍ രോഗമാണ് വെളിപ്പെടുത്തി രേണു സുധി. സ്തനാര്‍ബുദം മൂന്നാം ഘട്ടത്തിലാണെന്നും ഇനി കീമോതെറാപ്പിയടക്കമുളള ചികില്‍സകള്‍ ചെയ്യണമെന്നും രേണു സുധി പറഞ്ഞു. ഇത് ഇന്നോ ഇന്നലയോ തുടങ്ങിയ രോഗമല്ലെന്നും തന്‍റെ പതിനഞ്ചാം വയസിലാണ് മാറിടത്തില്‍ ചെറിയൊരു മുഴയായി രോഗം ആദ്യം പ്രത്യക്ഷപ്പെട്ടതെന്നും രേണു വ്യക്തമാക്കി. ഡോക്ടറുടെ നിര്‍ദേശപ്രകാരം പ്രാരംഭഘട്ടത്തിലേ മുഴ നീക്കം ചെയ്തിരുന്നെങ്കില്‍ തനിക്ക് ഇന്ന് ഇങ്ങനെയാരു അവസ്ഥ വരില്ലായിരുന്നെന്നും രേണു സുധി കൂട്ടിച്ചേര്‍ത്തു.
മെയിന്‍സ്ട്രീംവണ്‍ എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെയാണ് രേണുവിന്‍റെ തുറന്നുപറച്ചില്‍. കുറച്ച് നാളായി പറയണമെന്ന് കരുതിയ കാര്യമാണിതെന്നും ഇപ്പോഴതിനുളള സമയമായെന്നും രേണു സുധി പറയുന്നു. ഒരു സൂചി കണ്ടാല്‍ പോലും ഭയപ്പെടുന്നയാളാണ് താനെന്നും എന്നാല്‍ തന്‍റെ മനക്കരുത്ത് ഒന്നുകൊണ്ടുമാത്രമാണ് ഇപ്പോഴും പിടിച്ചുനില്‍ക്കുന്നതെന്നും രേണു സുധി വ്യക്തമാക്കി. ആശുപത്രിയില്‍ പെറ്റ് സ്കാനിന് പോയതറിഞ്ഞ ചില യൂട്യൂബര്‍മാരാണ് രോഗവിവരം പുറത്തുവിട്ടതെന്നും അവരുടെയൊന്നും പേര് വെളിപ്പെടുത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും രേണു സുധി പറഞ്ഞു.
രേണുവിന്‍റെ വാക്കുകള്‍ ഇങ്ങനെ..
'കുറച്ച് നാളുകളായി ചില കാര്യങ്ങള്‍ പറയണമെന്ന് ആഗ്രഹിക്കുന്നു. അത് പറയാന്‍ സമയമായി എന്നുതോന്നുന്നു. എനിക്ക് കാന്‍സറാണ്. പലരും തെറ്റിധരിച്ചിരിക്കുന്നത് ഇത് ദുബായില്‍ വച്ച് സ്ഥിരീകരിച്ചു എന്നാണ്. അങ്ങനെയൊരു സംഭവമേ അല്ല ഇത്. മാറിടത്തില്‍ ഒരു മുഴ എന്‍റെ ശ്രദ്ധയില്‍പ്പെട്ടത് എനിക്ക് പതിനഞ്ച് വയസുളളപ്പോഴാണ്. ആ മുഴയാണ് ഇപ്പോള്‍ കാന്‍സറായി മാറിയിരിക്കുന്നത്. മുഴയുടെ പുറത്ത് ഒരു നിറവ്യത്യാസം കണ്ടിട്ടും അന്ന് ഞാനത് കാര്യമാക്കിയില്ല. ഡിപ്ലോമയ്ക്ക് പഠിക്കുമ്പോഴാണ് വീട്ടുകാര്‍ ഈ വിവരം അറിയുന്നത്. അവരെന്നെ കോട്ടയം മെഡിക്കല്‍ കോളജില്‍ കൊണ്ടുപോയി. അന്ന് ബയോപ്സി ഒക്കെ ചെയ്തായിരുന്നു. അന്നെന്നോട് ഡോക്ടര്‍ പറഞ്ഞത് ഇപ്പോള്‍ ഇത് വല്യ പ്രശ്നമല്ലെങ്കിലും ഭാവിയില്‍ കാന്‍സറാകും എന്നുമായിരുന്നു'.
'ആ സമയത്ത് എനിക്ക് അപ്പെന്‍ഡിസൈറ്റിസിന്‍റെ ഓപ്പറേഷന്‍ കഴിഞ്ഞിരിക്കുകയാണ്. ആ ഒരു വേദനയുടെ പേടിമൂലം ഞാന്‍ ഇക്കാര്യം വീട്ടില്‍ പറഞ്ഞില്ല. അതെടുത്ത് കളയണം എന്ന വിവരം വീട്ടില്‍ പറഞ്ഞില്ല. കാന്‍സറാണെന്ന് അറിഞ്ഞിട്ടും റീല്‍സിലും മറ്റ് ചിരിച്ച് നില്‍ക്കുന്നത് എന്‍റെ മനസിന്‍റെ കട്ടികൊണ്ടാണ്. സുധിച്ചേട്ടന്‍റെ മരണം കഴിഞ്ഞ് കുറച്ച് നാളുകള്‍ക്ക് ശേഷം മാറിടത്തിന് ചെറിയ വ്യത്യാസം എന്‍റെ ശ്രദ്ധയില്‍പ്പെട്ടു. വേദനയില്ലാത്ത മുഴയായതിനാലാണ് ഞാന്‍ കാര്യമായി എടുക്കാതിരുന്നത്. സ്കാന്‍ ചെയ്തപ്പോള്‍ ചെറിയ സംശയമുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു. മാമോഗ്രാം ടെസ്റ്റ് ചെയ്പ്പോള്‍ സംശയം തോന്നിയ ഡോക്ടര്‍ എന്നെ വിളിപ്പിച്ചു. ബയോപ്സി റിസള്‍ട്ടും ഞാന്‍ ഒറ്റയ്ക്കാണ് ചെന്നുവാങ്ങിയത്'.
'ഡോകടര്‍ എന്നോട് പറഞ്ഞു കാന്‍സറാണെന്ന്. ആദ്യം ഞാനിക്കാര്യം ആരോടും പറഞ്ഞില്ല. പിന്നെയാണ് വീട്ടുകാരോട് പറയുന്നത്. അതിന് ശേഷം ആശുപത്രിയില്‍ പെറ്റ് സ്കാന്‍ എടുക്കാന്‍ പോയി. അവിടെ നിന്നുമാണ് ഈ വിവരം ഏതോ യൂട്യൂബര്‍മാരൊക്കെ അറിയുന്നത്. പിന്നീട് മെഡിക്കല്‍ കോളജുകാര്‍ ഒരുപാട് ടെസ്റ്റുകളും സ്കാനുകളും മറ്റും ചെയ്തിട്ടാണ് കാന്‍സറാണെന്ന് അവരും ഉറപ്പിക്കുന്നത്. രണ്ടാഴ്ച്ചയ്ക്ക് മുന്‍പാണ് രോഗം പൂര്‍ണമായും സ്ഥിരീകരിച്ചത്. ഡോക്ടര്‍ പറഞ്ഞത് പ്രകാരം ബ്രസ്റ്റ് കാന്‍സറിന്‍റെ മൂന്നാം ഘട്ടത്തിലാണ് ഞാന്‍. 15 വര്‍ഷം മുന്‍പ് ഡോക്ടര്‍ പറഞ്ഞപോലെ ഈ മുഴ എടുത്ത് കളഞ്ഞിരുന്നെങ്കില്‍ ഇന്നെനിക്ക് ഈ അവസ്ഥ വരില്ലായിരുന്നു'.
'ബ്രസ്റ്റില്‍ നിന്നും രോഗം കക്ഷത്തിലേക്ക് വ്യാപിച്ചു. ഹൃദയത്തിന്‍റെ മസില്‍ഭാഗങ്ങളിലേക്കും രോഗം ചെറുതായി വ്യാപിച്ചിട്ടുണ്ട്. ശ്വാസകോശത്തിലേക്കും വ്യാപിച്ചിട്ടുണ്ട്. കീമോതെറാപ്പി ആരംഭിക്കണം എന്ന് ഡോക്ടര്‍ പറഞ്ഞിട്ടുണ്ട്. എനിക്ക് ചെറിയ കുട്ടിയാണുളളത്. ഈ രോഗം അറിഞ്ഞിട്ടും എന്നെ വെറുക്കുന്നവരുണ്ട്..അവരോട് എനിക്കൊന്നും പറയാനില്ല. എന്നാലും എന്നെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട്. കീമോ ചെയ്യുമ്പോള്‍ മുടിയെല്ലാം പോകാനിടയുണ്ട്..വേദനയും ഉണ്ടാകുമെന്ന് കേട്ടിട്ടുണ്ട്. റിഥപ്പനോട് രോഗവിവരം പറഞ്ഞത് ചെറിയ അസുഖമുണ്ടെന്നാണ്. അവന്‍ എന്നോട് വേഗം മാറുമെന്ന് പറഞ്ഞെന്നും രേണു സുധി പറഞ്ഞു.