Image Credit : https://x.com/AvmNews7/status/2065694599386169765
കൊച്ചുകുട്ടികളുടെ മുഖത്ത് ആഞ്ഞടിക്കുന്ന ഒരധ്യാപകന്‍റെ ദൃശ്യമാണ് ഇപ്പോള്‍ സൈബറിടത്ത് വ്യാപകമായി പ്രചരിക്കുന്നത്. ജാര്‍ഖണ്ഡിലെ ജാപ്ലയിലുളള ഒരു സ്കൂളില്‍ നിന്നുളളതാണ് ദൃശ്യങ്ങള്‍. അഞ്ചോ ആറോ വയസ് മാത്രം തോന്നിക്കുന്ന കൊച്ചുപെണ്‍കുട്ടികളെയാണ് യാതൊരുവിധ ദയയും കാണിക്കാതെ അധ്യാപകന്‍ മര്‍ദിക്കുന്നത്. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ സ്കൂളിനെതിരെയും അധ്യാപകനെതിരെയും വ്യാപക വിമര്‍ശനമാണ് സൈബറിടത്ത് ഉയരുന്നത്.
ക്ലാസ് മുറിയില്‍ നടന്ന ഈ ക്രൂരകൃത്യത്തിന്‍റെ ദൃശ്യങ്ങള്‍ ആരാണ് പകര്‍ത്തിയതെന്നോ ആരാണ് പുറത്തുവിട്ടതെന്നോ വ്യക്തമല്ല. റിപ്പോര്‍ട്ടുകള്‍ പ്രകാരം ജാര്‍ഖണ്ഡിലെ പലാമു ജില്ലയിലുളള ജാപ്ല എന്നയിടത്തെ ലക്ഷ്മി ശിശു വാടിക എന്ന പ്ലേ സ്കൂളിലാണ് സംഭവം നടന്നിരിക്കുന്നത്. സ്കൂളിലെ പ്രധാന അധ്യാപകനായ ശശികേഷ് കശ്യപിനെയാണ് വിഡിയോയില്‍ കാണുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അധ്യാപകന്‍റെ ക്രൂരതയില്‍ നടുങ്ങിനില്‍ക്കുന്ന മറ്റു പെണ്‍കുട്ടികളെയും വിഡിയോയില്‍ കാണാം. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ വലിയ വിമര്‍ശനമാണ് പ്ലേ സ്കൂളിനെതിരെയും അധ്യാപകനെതിരെയും ഉയരുന്നത്. പ്രതിക്കെതിരെ കടുത്ത നടപടി തന്നെ സ്വീകരിക്കണം എന്നാണ് സോഷ്യലിടം ഒരേ സ്വരത്തില്‍ പറയുന്നത്.