Image Credit : Twitter/Facebook
പ്രശസ്ത സംവിധായകൻ ശശി സംവിധാനം ചെയ്യുന്ന 'നൂറു സാമി' എന്ന ചിത്രത്തിന്‍റെ പ്രീ റിലീസ് ചടങ്ങിനിടെ നടന്ന അപ്രതീക്ഷിതമായ ഒരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. നടി സ്വാസികയുടെ കാല്‍തൊട്ട് വണങ്ങുന്ന പ്രശസ്ത സംവിധായകന്‍ മിഷ്കിന്‍ എന്ന പേരിലാണ് വിഡിയോ പ്രചരിക്കുന്നത്. മിഷ്കിന്‍റെ ഈ പ്രവര്‍ത്തി സ്വാസികയെ മാത്രമല്ല ചടങ്ങിനെത്തിയ എല്ലാവരെയും ഒരുപോലെ അമ്പരപ്പിച്ചു. 'നൂറു സാമി' എന്ന ചിത്രത്തിലെ സ്വാസികയുടെ പ്രകടനത്തിനുളള ആദരവായാണ് മിഷ്കിന്‍ താരത്തിന്‍റെ കാല്‍തൊട്ട് വണങ്ങിയത്.
വിജയ് ആന്‍റണി നായകനായെത്തുന്ന നൂറു സാമിയില്‍ സ്വാസികയാണ് നായിക. നൂറു സാമിയുടെ പ്രീ റിലീസ് ചടങ്ങില്‍ ചിത്രത്തിലെ താരങ്ങൾക്കും അണിയറപ്രവർത്തകർക്കുമൊപ്പം അതിഥിയായി എത്തിയതായിരുന്നു മിഷ്കിൻ. വേദിയില്‍ ചിത്രത്തെ കുറിച്ച് വാചാലനായ മിഷ്കിന്‍ സ്വാസികയുടെ അഭിനയ മികവിനെ വാനോളം പുകഴ്ത്തി. സ്വാസിക തന്റെ രക്തവും ആത്മാവും നൽകിയാണ് ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നതെന്നും മിഷ്കിന്‍ പറഞ്ഞു. ഇതിനുപിന്നാലെയാണ് സ്വാസികയ്ക്ക് അരികിലെത്തി മിഷ്കിന്‍ താരത്തിന്‍റെ കാല്‍തൊട്ട് വണങ്ങിയത്.
അപ്രതീക്ഷിതമായി നടന്ന സംഭവത്തില്‍ ആദ്യം അമ്പരന്ന് പോയ സ്വാസിക പെട്ടെന്ന് തന്നെ അദ്ദേഹത്തെ പിടിച്ചെഴുന്നേൽപ്പിക്കുകയും, തിരിച്ച് കൈകൂപ്പി വണങ്ങുകയും ചെയ്തു. പിന്നീട് വേദിയിലെത്തി മിഷ്കിന്‍റെ നല്ലവാക്കുകള്‍ക്ക് താരം നന്ദിയും പറഞ്ഞു. ഈ സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ വളരെ പെട്ടെന്നാണ് സൈബറിടത്ത് വൈറലായി മാറിയത്. ചടങ്ങിൽ ചിത്രത്തിന്റെ സംവിധായകൻ ശശിയെയും മിഷ്കിൻ വാനോളം പുകഴ്ത്തി സംസാരിച്ചു. 'പിച്ചൈക്കാരൻ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം വിജയ് ആന്റണിയെ നായകനാക്കി ശശി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'നൂറ് സാമി'. അജയ് ധിഷൻ, ലിജോ മോൾ, കാവ്യ അനിൽ എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്.