Image: X
പോസ്റ്റുമോര്‍ട്ടത്തിനിടെ പുരുഷന്‍മാരുടെ മൃതദേഹ അവയവങ്ങള്‍ നോക്കി കമന്റ് ചെയ്യാറുണ്ടെന്ന പ്രസ്താവനയിലൂടെ വിവാദത്തിലായ എംബിബിഎസ് വിദ്യാര്‍ഥിനി സേജല്‍ പവാറിനെതിരെ അന്വേഷണം. സ്റ്റാന്‍ഡപ് കൊമേഡിയന്‍ പ്രണിത് മോറിന്റെ ഷോയ്ക്കിടെയായിരുന്നു വിദ്യാര്‍ഥിനിയുടെ വിവാദമായ മറുപടി. ലൈംഗികാവയവങ്ങളുടെ വലുപ്പം നോക്കി കമന്റ് ചെയ്ത് ചിരിക്കാറുണ്ടെന്ന എംബിബിഎസ് വിദ്യാര്‍ഥിയുടെ കമന്റ് ഏറെ ഗൗരവത്തോടുകൂടിയേ കാണാനാകൂവെന്നാണ് സീനിയര്‍ ഡോക്ടര്‍മാരുടെയടക്കം അഭിപ്രായം.
സേജല്‍ പവാര്‍ തന്റെ പ്രസ്താവനയില്‍ മാപ്പ് എഴുതി നല്‍കിയെങ്കിലും അതുകൊണ്ടൊന്നും പ്രശ്നം തീരുന്നില്ലെന്നാണ് മുതിര്‍ന്ന ഡോക്ടര്‍മാരുടെ അഭിപ്രായം. മെഡിക്കല്‍ മേഖലയുെട അന്തസിനെ തന്നെ ഇല്ലാതാക്കുന്ന അഭിപ്രായമാണിത്, പലപ്പോഴും മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തിനായാണ് പല കുടുംബങ്ങളും മൃതദേഹങ്ങള്‍ ആശുപത്രികള്‍ക്ക് വിട്ടുനല്‍കുന്നത്. അത് അത്രയും ബഹുമാനത്തോടെ മാത്രമേ ഉപയോഗിക്കാനും കാണാനും പാടുള്ളൂവെന്നതാണ് മെഡിക്കല്‍ എതിക്സ്. എന്നാല്‍ സേജലിന്റെ അഭിപ്രായം മൃതദേഹ പഠനവുമായി ബന്ധപ്പെട്ടുപോലും വലിയ പ്രത്യാഘാതമുണ്ടാക്കിയേക്കുമെന്ന അഭിപ്രായമാണ് ഒരു കൂട്ടം ഡോക്ടര്‍മാര്‍ ഉന്നയിക്കുന്നത്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാനായി കെഇഎം ആശുപത്രി ഒരു അന്വേഷണക്കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. രണ്ടു ദിവസത്തിനകം തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കമ്മിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനു ശേഷമാകും സേജലിനെതിരായ നടപടി ഏത് വിധത്തില്‍ വേണമെന്ന് തീരുമാനിക്കുക. തങ്ങളുടെ വിദ്യാര്‍ഥിയുടെ ഭാഗത്തുനിന്നുണ്ടായ മോശം പരാമര്‍ശത്തെക്കുറിച്ചുള്ള വിഡിയോ കണ്ടെന്നും, ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഷോയില്‍ നിന്നുള്ള 2 മിനിറ്റ് വിഡിയോ ആണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നതെന്നും കെഇഎം ആശുപത്രി ഡീന്‍ പറയുന്നു.
ഡോ. അനിത ചലക്, ഡോ ശ്രദ്ധ എന്നിവരടങ്ങിയ കമ്മിറ്റിയാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതെന്നും ഡീന്‍ പറയുന്നു. ദേശീയ മെഡിക്കല്‍ കമ്മിഷന്റെ സോഷ്യല്‍മീഡിയ ഗൈഡ്‌ലൈനിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് വിഷയം പരിശോധിക്കുന്നത്. നിലവില്‍ വിദ്യാര്‍ഥിനിക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിലും സമൂഹത്തിലേക്ക് നല്ല സന്ദേശം ലഭിക്കുന്ന തരത്തിലുള്ള നടപടിക്ക് സാധ്യതയുണ്ടെന്നും ഡീന്‍ വ്യക്തമാക്കുന്നു.