Image: PIB Delhi
ഒമാന്‍ തീരക്കടലില്‍ ആക്രമണത്തിനിരയായ കപ്പലിലേക്ക് തുരന്നുകയറിയ മിസൈലിന്റെ ഭാഗം സാഹസികമായി നീക്കം ചെയ്ത് ഇന്ത്യന്‍ നാവികസേന. ആറു ദിവസമെടുത്താണ് സ്ഫോടകവസ്തു നിര്‍വീര്യമാക്കിയത്. ദക്ഷിണ നാവിക കമാൻഡ് ആസ്ഥാനത്തെ എക്സ്പ്ലോസീവ് ഓർഡിനൻസ് ഡിസ്പോസൽ വിഭാഗത്തിലെ അംഗങ്ങളാണ് പുറങ്കടലിൽ കൊച്ചിക്കു സമീപം നങ്കൂരമിട്ട കപ്പലിലെത്തി മിസൈല്‍ഭാഗം നീക്കം ചെയ്തത്.
യുഎഇയിലെ ഫ്യുജൈറയില്‍ നിന്നും കൊച്ചിയിലേക്ക് വന്ന മാർഷൽ ഐലൻഡ്സ് പതാകയുള്ള എംടി ഒളിംപിക് ക്രൂഡ് ഓയിൽ ടാങ്കറിനു നേരെ മേയ് 26നാണ് ആക്രമണമുണ്ടായത്. കപ്പലിന്റെ മുന്‍ഭാഗം തുരന്നുകയറിയ മിസൈലിന്റെ പോര്‍മുന പൊട്ടിയില്ല. തുടര്‍ന്ന് മിസൈലിനൊപ്പം ജീവനക്കാര്‍ ദിവസങ്ങളോളം കഴിയേണ്ടിവന്നു.
അതേസമയം ആക്രമിക്കപ്പെട്ടെങ്കിലും കപ്പലിനു സാങ്കേതിക തകരാറുകളൊന്നും സംഭവിച്ചിരുന്നില്ല. കപ്പലില്‍ വെള്ളം കയറാത്തതും രക്ഷയായി. കപ്പലിൽ ഇന്ത്യൻ ജീവനക്കാരില്ലായിരുന്നു. കൊച്ചിക്ക് 50 നോട്ടിക്കൽ മൈൽ അകലെയെത്തിയപ്പോൾ അപായ സന്ദേശം കൈമാറിയതോടെയാണു നാവികസേന രക്ഷാപ്രവർത്തനത്തിനിറങ്ങിയത്.
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ഇൻഫർമേഷൻ ഫ്യൂഷൻ സെന്റർ (IFC-IOR) വഴി വിവരങ്ങൾ ലഭിച്ചതിനെത്തുടർന്നാണ് ഇന്ത്യൻ നാവികസേന പ്രവര്‍ത്തനം ആരംഭിച്ചത്. ഒരു പ്രൊജക്റ്റൈൽ കപ്പലിന്റെ പുറംചട്ടയിലേക്ക് തുളച്ചുകയറിയതായും, ഒന്നിലധികം കമ്പാർട്ടുമെന്റുകളിലൂടെ കടന്നുപോയതായും, ഒരു ഇന്ധന ടാങ്കിനുള്ളിൽ കുടുങ്ങിയതായും നാവിക സംഘം സ്ഥിരീകരിച്ചു.
ഇന്ധന സംഭരണ കമ്പാര്‍ട്ട്മെന്റിനുള്ളില്‍ പൊട്ടിത്തെറിക്കാത്ത മിസൈല്‍ വാര്‍ഹെഡ് ഉണ്ടാക്കിയേക്കാവുന്ന അപകടസാധ്യതകള്‍ കണക്കിലെടുത്ത് അതിവേഗമായിരുന്നു നാവികസേനയുടെ പ്രവര്‍ത്തനം. കപ്പലിനും ജീവനക്കാര്‍ക്കും തുറമുഖ അടിസ്ഥാന സൗകര്യങ്ങള്‍ക്കും വലിയ നാശനഷ്ടം ഉണ്ടാക്കിയേക്കാന്‍ തക്ക സാഹചര്യമുള്ള അവസ്ഥയായിരുന്നു അത്.
നിര്‍വീര്യമാക്കിയ മിസൈല്‍ഭാഗം വിശദമായ പരിശോധനയ്ക്കായി സുരക്ഷിതമായ ഒരു കേന്ദ്രത്തിലേക്ക് മാറ്റിക്കഴിഞ്ഞു. ഇന്ത്യന്‍ നാവികസേനയുടെ ആസൂത്രണ പാടവവും അപകടസാധ്യതയുള്ള സാഹചര്യത്തിലും ദേശീയതയോ കപ്പലിന്റെ ഉടമസ്ഥതയോ ഒന്നും പരിഗണിക്കാതെയുള്ള ഇന്ത്യന്‍ നാവികസനയുടെ ഇടപെടലിനും വലിയ കയ്യടിയാണ് ലഭിക്കുന്നതെന്നും പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് ഡല്‍ഹി പിഐബി വ്യക്തമാക്കുന്നു.