Image: Reuters, Representing Picture
ഒമാന്‍ തീരത്ത് ഇന്ത്യന്‍ ജീവനക്കാരുള്ള കപ്പലിനു നേരെ നടന്ന ആക്രമണത്തില്‍ യുഎസിനെതിരെ കടുത്ത പ്രതിഷേധം. അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഇന്ത്യ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. ‘സെറ്റെബെല്ലോ’ എന്ന കപ്പലിനു നേരെയുണ്ടായ ആക്രമണത്തില്‍ 24 ഇന്ത്യക്കാരായിരുന്നു ഉണ്ടായിരുന്നത്. 21 പേരെ രക്ഷപ്പെടുത്തിയെങ്കിലും മൂന്നുപേരെ കണ്ടെത്താനായിട്ടില്ല.
വിദേശകാര്യ മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി നാഗരാജ് നായിഡു, യുഎസ് ചാർജ് ഡി അഫയേഴ്‌സ് ജേസൺ മീക്സിനെ വിളിച്ചുവരുത്തിയാണ് ഈ വിഷയത്തിൽ ഔദ്യോഗികമായി പ്രതിഷേധം രേഖപ്പെടുത്തിയത്. ഈ മേഖലയില്‍ കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തുന്ന രീതി ഉപേക്ഷിക്കണമെന്നും അങ്ങേയറ്റം ആശങ്കാജനകമാണെന്നും ഇന്ത്യ അമേരിക്കയെ അറിയിച്ചു.
ജൂണ്‍ 9ന് രാത്രി പതിനൊന്നരയോടെയാണ് പലാവു പതാകയുള്ള കപ്പലിനു നേരെ ആക്രമണമുണ്ടായത്. കപ്പലിന്റെ എന്‍ജിന്‍ റൂമിനു നേരെയാണ് യുഎസ് വിമാനം ആയുധങ്ങള്‍ തൊടുത്തുവിട്ടത്. പ്രശ്നങ്ങള്‍ സമാധാനപരമായി പരിഹരിക്കാന്‍ ശ്രമിക്കണമെന്നും രാജ്യാന്തര ജലപാതകളിൽ കപ്പലുകൾക്ക് സുരക്ഷിതമായി സഞ്ചരിക്കാനുള്ള സാഹചര്യം ഉറപ്പാക്കണമെന്നും ഇന്ത്യ നിർദേശിച്ചു. ഇറാനെതിരായ ഉപരോധത്തിന്റെ ഭാഗമായാണ് കപ്പല്‍ ആക്രമിച്ചതെന്നായിരുന്നു യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ വിശദീകരണം.
കാണാതായ ഇന്ത്യന്‍ ജീവനക്കാര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ഇറാനെതിരായ ഉപരോധത്തെ തുടർന്ന് ഹോർമുസിലും സമീപ പ്രദേശങ്ങളിലും ചരക്ക് കപ്പലുകൾക്ക് നേരെ ആക്രമണങ്ങൾ വർധിച്ചുവരുന്നത് കടുത്ത ആശങ്കയുളവാക്കുന്നുവെന്ന് ന്യൂഡല്‍ഹി പ്രതികരിച്ചു.