alligator-chase

ചെകുത്താനും കടലിനു‍മിടയില്‍ പെട്ട പോലെ എന്ന് കേട്ടിട്ടേയുള്ളൂ. അനുഭവിച്ചറിഞ്ഞു യുഎസിലെ ലൂസിയാനയില്‍  ഒരു യുവാവ്. മദ്യപിച്ച് വാഹനമോടിച്ച് പിടിവീണപ്പോള്‍ പൊലീസില്‍ നിന്ന് രക്ഷപ്പെട്ടോടി . ആത്മരക്ഷാര്‍ഥം ചാടിയത് മുതലക്കുളത്തിലേക്ക്. പൊലീസുകാരന്‍റെ ശരീരത്തില്‍ ഘടിപ്പിച്ച ക്യാമറയിലെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.

 വിഡിയോയില്‍ യുവാവ് ചതുപ്പിലൂടെ നീന്തി അടുത്ത തുരുത്തിലേക്ക് കയറാന്‍ ശ്രമിക്കുന്നതായി കാണാം. ഇതിനിടെ കൂറ്റന്‍ ചീങ്കണ്ണി യുവാവിനെ പിന്തുടര്‍ന്നു. നീന്തിയെത്തുന്ന ചീങ്കണ്ണി യുവാവിനെ കടിക്കുന്നതും ഇരുവരും വെള്ളത്തില്‍ മല്‍പ്പിടുത്തത്തിലേര്‍പ്പെടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. 

തുടര്‍ന്ന് ചീങ്കണ്ണിയില്‍ നിന്നും രക്ഷപ്പെടുന്ന യുവാവ് കരയിലേക്ക് കയറി ഓടാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഓട്ടവും നീന്തലും ചീങ്കണ്ണിയുടെ ആക്രമണത്തോടെയുണ്ടായ പരുക്കും യുവാവിനെ അവശനാക്കിയിരുന്നു. പിന്നാലെ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

ഇതിന് പിന്നാലെ ലൂയിസിയാന പൊലീസ് ഡിപാര്‍ട്മെന്‍റ് രസകരമായ ഒരു സന്ദേശവുമിറക്കി. ഒരിക്കലും മദ്യപിച്ച് വാഹനമോടിക്കരുത്, മദ്യപിച്ച് വാഹമോടിച്ച് പിടിച്ചാല്‍ ഓടരുത്, അഥവാ ഓടിയാല്‍ പോയി ചതുപ്പില്‍ ചാടരുത്, ലൂയിസിയാനയിലെ വന്യമൃഗങ്ങള്‍ നിയമപാലകരോടൊപ്പമാണ് എന്നതായിരുന്നു ആ സന്ദേശം

ENGLISH SUMMARY:

In a bizarre incident, a young man in Louisiana found himself between a rock and a hard place, quite literally, after attempting to evade police by jumping into a swamp, only to be chased by a massive alligator. The dramatic encounter, captured on a police officer's body camera, shows the man struggling in the murky waters as the reptile attacks.