Image: From the video, @india today

Image: X, @NewsArenaIndia

TOPICS COVERED

90കാരിയായ അമ്മായിയമ്മയേയും ചുമന്ന് മരുമകള്‍ നടന്നത് 9കിലോമീറ്റര്‍ ദൂരം. സാധാരണ ഒരു നിരപ്പായ പാതയിലൂടെ ആയിരുന്നില്ല ഈ യാത്ര, വനത്തിലൂടെയും കല്ലും മുള്ളുകളും ചേര്‍ന്ന ദുഷ്കരമായ വഴിയിലൂടെയും നടന്നുപോകുന്ന മരുമകളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലും വൈറലാവുകയാണ്. അമ്മായിയമ്മയ്ക്ക് മാസം ലഭിക്കുന്ന 1500 രൂപ പെന്‍ഷന്‍ വാങ്ങാനാണ് ഈ യാത്രയെന്നതാണ് ചിന്തിപ്പിക്കുന്ന മറ്റൊരു കാര്യം. 

ഛത്തിസ്ഗഡില്‍ നിന്നാണ് ഈ ദൃശ്യങ്ങള്‍ പുറത്തുവരുന്നത്. സുര്‍ഗുജ ജില്ലയിലെ മെയിന്‍പറ്റ് മേഖലയിലാണ് സംഭവം. വിഡിയോ പുറത്തുവന്നതോടെ കടുത്ത പ്രതിഷേധമാണ് സൈബറിടത്തും ഉയരുന്നത്. ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലെ ക്ഷേമവിതരണത്തിന്റെ യാഥാര്‍ഥ്യമാണ് പുറത്തുവരുന്നതെന്ന് സോഷ്യല്‍മീഡിയ ചര്‍ച്ച ചെയ്യുന്നു. 

അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്ത ഗ്രാമങ്ങളിലെ പരുക്കന്‍ പാതകള്‍ താണ്ടി അമ്മായിയമ്മയെ ചുമലിലേറ്റിയത് സുഖ്മാനിയ ബായി എന്ന സ്ത്രീയാണ്. ഈ രീതിയില്‍ ദുഷ്കരമായ പാതകള്‍ താണ്ടിയാണ് പല മേഖലകളിലും ആളുകള്‍ അടിസ്ഥാനാവശ്യങ്ങള്‍ പോലും നിറവേറ്റുന്നത്. 

മറ്റൊരു സ്ത്രീയാണ് സുഖ്മാനിയ ബായിയുടെ വിഡിയോ ചിത്രീകരിച്ചത്. എന്തിനാണിങ്ങനെ അമ്മായിയമ്മയെ ചുമലിലേറ്റുന്നതെന്ന് ചോദിച്ചപ്പോള്‍ വിരലടയാളം ആവശ്യമാണെന്നും തിരിച്ചറിയല്‍ പരിശോധനക്കായി ബാങ്കില്‍ നേരിട്ട് ഹാജരാകണമെന്നും ഇവര്‍ മറുപടി പറയുന്നതും ദൃശ്യങ്ങളിലുണ്ട്. 1500 രൂപയ്ക്കായി ഇവര്‍ മാസങ്ങളായി സമാനരീതിയില്‍ യാത്ര നടത്തുന്നതായി നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു. അരുവികളും വനപാതകളും മുറിച്ചു കടക്കേണ്ടതുണ്ട്, പ്രദേശത്ത് ഗതാഗത സൗകര്യമില്ല. ചിലപ്പോള്‍ ഒന്നിലധികം മാസത്തേക്ക് ഒന്നിച്ച് പണം ലഭിക്കാറുണ്ടെന്നും സുഖ്മാനിയ ബായി പറയുന്നു. 

ഡിജിറ്റല്‍ ഇന്ത്യയെക്കുറിച്ചും സേവനങ്ങള്‍ വീട്ടുപടിക്കല്‍ എത്തുന്നതിനെക്കുറിച്ചും ആവര്‍ത്തിച്ച് അവകാശവാദങ്ങള്‍ നല്‍കുന്നതിനിടെയാണ് ഇത്തരം വേദനിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഇന്ത്യയുടെ ഗ്രാമങ്ങളില്‍ നിന്നും പുറത്തുവരുന്നത്.   

Daughter-in-law Carries Elderly Mother-in-Law 9km for Pension:

A 90-year-old woman was carried 9 kilometers through a difficult forest path by her daughter-in-law to collect her monthly pension of 1500 rupees in Chhattisgarh. This heartwarming and shocking incident has gone viral on social media, highlighting the challenges faced by people in remote Indian villages.