vijay-towel

Image: (@CMOTamilnadu X)

TOPICS COVERED

 

 

മുഖ്യമന്ത്രി ഓഫീസിലുണ്ടായിരുന്ന ‘വെളുത്ത ടവല്‍ രീതി’ ഉപേക്ഷിച്ച് തമിഴ്നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്. കാലാവസ്ഥാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആക്റ്റിവിസ്റ്റ് ലിസിപ്രിയ കംഗുജത്തിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് ഈ മാറ്റമെന്ന രീതിയിലാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്. മുഖ്യമന്ത്രി ഓഫീസുകളില്‍ ഉള്‍പ്പെടെ പരമ്പരാഗതമായി തുടരുന്ന ഈ ‘വിഐപി വെള്ളത്തുണി സംസ്കാരം’ ഉപേക്ഷിച്ചുകൂടേയെന്ന എക്സിലൂടെയുള്ള ലിസിപ്രിയയുടെ ചോദ്യത്തിനാണ് ഔദ്യോഗികമായി മറുപടിയൊന്നും നല്‍കാതെ തന്നെ വിജയ് നടപടി സ്വീകരിച്ചത്. 

വ്യാഴാഴ്ചയാണ് ലിസിപ്രിയ സോഷ്യല്‍മീഡിയയിലൂടെ ഈ ആവശ്യം ഉന്നയിച്ചത്. പിറ്റേദിവസമായ വെള്ളിയാഴ്ച നടന്ന ഔദ്യോഗിക യോഗങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയ്ക്ക് കാരണമായത്. വെള്ളത്തുണിയില്ലാത്ത കസേരയിലാണ് യോഗത്തില്‍ മുഖ്യമന്ത്രി ജോസഫ് വിജയ് ഇരുന്നത്. 

മെയ് 14-ന് സെക്രട്ടേറിയറ്റിൽ നടന്ന വ്യവസായ-നിക്ഷേപക പ്രോത്സാഹന വാണിജ്യ വകുപ്പിന്റെ അവലോകന യോഗത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് പങ്കുവെച്ച ചിത്രങ്ങളിൽ പരമ്പരാഗത വെള്ളത്തുണി വിരിച്ച കസേരയിലായിരുന്നു വിജയ് ഇരുന്നിരുന്നത്. ഇന്നലെ നടന്ന ടാഫെ ചെയർപേഴ്സണും മാനേജിങ് ഡയറക്ടറുമായ മല്ലിക ശ്രീനിവാസൻ, വൈസ് ചെയർപേഴ്സൺ ഡോ. ലക്ഷ്മി വേണു എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പുറത്തുവന്നപ്പോൾ അദ്ദേഹത്തിന്റെ കസേരയിൽ വെള്ളത്തുണി ഉണ്ടായിരുന്നില്ല എന്നതാണ് അമ്പരപ്പുളവാക്കിയത്. ഇന്ത്യന്‍ രാഷ്ട്രീയത്തിലേയും ഉദ്യോഗസ്ഥ തലത്തിലേയും പരമ്പരാഗത സംസ്കാരങ്ങളെല്ലാം വിജയ് മാറ്റിയെഴുതുമെന്ന രീതിയില്‍ സൈബറിടങ്ങളില്‍ ചര്‍ച്ച നടക്കുകയാണ്. 

ലിസിപ്രിയയുടെ പോസ്റ്റില്‍ തമിഴ്നാട് സര്‍ക്കാറോ വിജയ്‌യോ ഒന്നും തന്നെ പ്രതികരിച്ചിരുന്നില്ല. വെള്ളിയാഴ്ച നടന്ന യോഗത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ പുറത്തുവന്നതോടെ വിജയ്ക്ക് നന്ദി പറഞ്ഞ് ലിസിപ്രിയ രംഗത്തെത്തി. സാധാരണക്കാരന്റെ ശബ്ദം കേള്‍ക്കുന്ന സര്‍ക്കാരാണ് തമിഴ്നാടിന്റേതെന്ന് വ്യക്തമാക്കുന്നതാണ് ഈ മാറ്റമെന്ന് ലിസിപ്രിയ പ്രതികരിച്ചു. 

കൊളോണിയല്‍ കാലം മുതല്‍ തുടങ്ങിയതാണ് ഈ വെള്ളത്തുണി സംസ്കാരമെന്നും അന്ന് എസിയോ കൂളറോ ഒന്നും വ്യാപകമല്ലാത്ത കാലത്ത് ഇന്ത്യയുടെ ചൂടേറിയ കാലാവസ്ഥ ഉള്‍പ്പെടെ പരിഗണിച്ചാണ് വെള്ളത്തുണി ഉപയോഗിച്ചിരുന്നതെന്നുമാണ് സൂചനകള്‍. വിയര്‍പ്പ് ആഗിരണം ചെയ്യാന്‍ സഹായിക്കുന്നതു കൂടിയാണ് ഈ വെള്ളത്തുണികള്‍. പിന്നീടതൊരു വിഐപി സംസ്കാരമായി മാറുകയായിരുന്നുവെന്നാണ് ഇതുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരം. 

Tamil Nadu CM Ditches VIP White Cloth Tradition on Chair:

Tamil Nadu CM's office is abandoning the traditional 'white cloth' method on chairs, a practice often associated with VIP culture. This significant change was reportedly prompted by a plea from climate activist Lisi Priya Kangujam, highlighting a shift towards a more accessible and modern governance style.