വിഡിയോയില്‍ നിന്നുളള ദൃശ്യം
ട്രെയിനിലെ ലേഡീസ് കോച്ചുകളിലും സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് തെളിയിക്കുന്ന ഒരു വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. 2 സ്ത്രീകള്‍ ട്രെയിനിലെ ലേഡീസ് കോച്ചുകളില്‍ യാത്ര ചെയ്യുന്ന മറ്റു പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ അവരറിയാതെ പകര്‍ത്തുന്നതാണ് വിഡിയോയിലുളളത്. ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് കണ്ട് കയ്യോടെ പിടികൂടിയെങ്കിലും ഫൊട്ടോ ഡിലീറ്റ് ചെയ്യാന്‍ രണ്ട് സ്ത്രീകളും തയാറായില്ല. പകരം ചോദ്യം ചെയ്തവരെ പരിഹസിക്കുകയാണുണ്ടായത്. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ ഈ വിഷയത്തിൽ കർശനമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യം മുന്നോട്ടുവയ്ക്കുകയാണ് സോഷ്യല്‍ലോകം.
റിപ്പോര്‍ട്ടുകള്‍ പ്രകാരം മുംബൈ ലോക്കൽ ട്രെയിനിലെ ലേഡീസ് കോച്ചിലാണ് സംഭവം നടന്നിരിക്കുന്നത്. ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടികളുടെ നെഞ്ചിന്‍റേയും അരക്കെട്ടിന്‍റെയും മറ്റും ചിത്രങ്ങളാണ് പ്രതികളായ 2 സ്ത്രീകളും തങ്ങളുടെ മൊബൈലില്‍ പകര്‍ത്തിയത്. ശരീരഭാഗങ്ങള്‍ രഹസ്യമായി പ്രതികള്‍ പകര്‍ത്തുന്നത് മനസിലാക്കിയ പെണ്‍കുട്ടികള്‍ സംഭവം കയ്യോടെ പിടികൂടി. അനുവാദമില്ലാതെ ഫോട്ടോ എടുക്കുന്നത് ശരിയല്ലെന്ന് വ്യക്തമാക്കിയെങ്കിലും ഇരുവരും ഫൊട്ടോ ഡിലീറ്റ് ചെയ്യാന്‍ തയാറായില്ല. അവസാനം ഒരു ഫൊട്ടോ ഡിലീറ്റ് ചെയ്യാമെന്നും മറ്റൊന്ന് കൈവശം വയ്ക്കുമെന്നും അവര്‍ പരിഹാസത്തോടെ പറഞ്ഞു.
മറ്റുയാത്രക്കാരായ സ്ത്രീകളാണ് സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. എന്നാല്‍ സംഭവസ്ഥലത്തുണ്ടായിരുന്ന മറ്റ് യാത്രക്കാർ ആരും തന്നെ ഈ വിഷയത്തിൽ ഇടപെടാനോ ഇരകളായ സ്ത്രീകൾക്ക് പിന്തുണ നൽകാനോ തയ്യാറായില്ല. റിപ്പോര്‍ട്ടുകള്‍ പ്രകാരം ദുരനുഭവം നേരിട്ട പെണ്‍കുട്ടികള്‍ അടുത്ത സ്റ്റേഷനിൽ തന്നെ ട്രെയിനിൽ നിന്ന് ഇറങ്ങുകയായിരുന്നു. സ്ത്രീകൾക്ക് യാത്ര ചെയ്യാൻ ഏറ്റവും സുരക്ഷിതമെന്ന് കരുതപ്പെടുന്ന ഇടത്തുപോലും ഇത്തരം അനിഷ്ട സംഭവങ്ങൾ നടക്കുന്നത് പൊതുജനങ്ങളിൽ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. വിഷയത്തിൽ കർശനമായ നടപടികൾ സ്വീകരിക്കണമെന്നും സ്ത്രീകൾ യാത്രകളിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നുമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രധാന ആവശ്യം.