lee-kang-in

പാസുകളില്‍ നൂറുശതമാനം കൃത്യതയുമായി ചെക്ക് റിപ്പബ്ലിക്കന്‍ കരുത്തിനെ വീഴ്ത്തിയ കൊറിയന്‍ ഹീറോയാണ് ലീ കാങ് ഇൻ.  

ഒരുകാലത്ത് കുട്ടികളുടെ ഫുട്ബോൾ റിയാലിറ്റി ഷോയിൽ താരമായിരുന്നവന്‍, ഇന്ന് ലോകകപ്പില്‍ ദക്ഷിണ കൊറിയൻ ടീമിന്റെ കുതിപ്പിന് കരുത്തേകുകയാണ്. ചെക്ക് റിപ്പബ്ലിക്കിനെതിരായ മല്‍സരത്തില്‍  37 കൃത്യതയാര്‍ന്ന പാസുകളാണ് ലീ കാങ്ങ് ഇന്നിന്റെ ബൂട്ടില്‍ നിന്ന് പിറന്നത്. സമനില ഗോളിന് വഴിയൊരുക്കിയതും ലീയുടെ ക്രിയേറ്റിവിറ്റിയാണ്. 

ദക്ഷിണ കൊറിയൻ ആരാധകർ ലീയെ ആദ്യമായി കാണുന്നത് ഒരു പ്രഫഷണൽ സ്റ്റേഡിയത്തിലായിരുന്നില്ല, 'ഫ്ലൈ ഷൂട്ട് ഡോറി' എന്ന പ്രശസ്തമായ കുട്ടികളുടെ ഫുട്ബോൾ പരിപാടിയിലായിരുന്നു. വെറും ആറാം വയസ്സിൽ, പ്രായത്തെ വെല്ലുന്ന മികവും പക്വതയും കൊണ്ട് ആ ബാലൻ കാഴ്ചക്കാരെ അമ്പരപ്പിച്ചു. 

തന്നെക്കാൾ മുതിർന്ന കുട്ടികൾക്കെതിരായ മത്സരങ്ങളിൽ ആധിപത്യം സ്ഥാപിക്കുന്നതും എതിരാളികളെ ഡ്രിബ്ൾ ചെയ്ത് മുന്നേറുന്നതും ലക്ഷക്കണക്കിനാളുകൾ ടെലിവിഷനിലൂടെ കണ്ടു. ഇതോടെ കൊറിയന്‍ ഫുട്ബോള്‍ ക്ലബുകള്‍ പിന്നാലെ കൂടി. പത്താം വയസില്‍ കൊറിയന്‍ വിസ്മയം സ്പാനിഷ് ക്ലബ് വലന്‍സിയയുടെ അക്കാദമിലെത്തി.  ലാ ലീഗയില്‍ നിന്ന് ലീയെ റാഞ്ചിയത് പിഎസ്ജി. ഇതോടെ, പിഎസ്ജിയുടെ ചരിത്രത്തിലെ ആദ്യ ദക്ഷിണ കൊറിയൻ താരമായി ലീ മാറി. 25കാരന്റെ അക്കൗണ്ടില്‍ ഇതിനോടകമെത്തിയത് ഫ്രഞ്ച് ലീഗ് കിരീടവും ചാംപ്യന്‍സ് ലീഗും.

ENGLISH SUMMARY:

Lee Kang-in is a Korean football hero who has impressed with his passing accuracy, contributing significantly to South Korea's World Cup campaign. He was discovered on a children's football reality show before becoming a professional, even playing for PSG.