Image Credit: Facebook

Image Credit: Facebook

 

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ പ്രതിയായ എ.പത്മകുമാറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ സിപിഎം. തിങ്കളാഴ്ച ചേരുന്ന ജില്ലാ സെക്രട്ടേറിയറ്റില്‍ കേന്ദ്രകമ്മിറ്റി അംഗങ്ങളടക്കം പങ്കെടുക്കും. തെറ്റ് ചെയ്തിട്ടില്ലെന്നും പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയിട്ടില്ലെന്നുമാണ് പത്മകുമാറിന്റെ വിശദീകരണം. അതേസമയം, സ്വര്‍ണക്കൊള്ളയില്‍ പത്മകുമാര്‍ പാര്‍ട്ടിക്ക് നല്‍കിയ വിശദീകരണം പുറത്തുവന്നു. ‘പിത്തള വെട്ടി ചെമ്പ് എന്നാക്കിയതാണ് കണ്ടെത്തല്‍. യഥാര്‍ഥത്തില്‍ ചെമ്പില്‍ത്തന്നെയാണ് സ്വര്‍ണം പൂശിയത്’. ജില്ലാക്കമ്മിറ്റിക്ക് നല്‍കിയ മറുപടിയിലാണ് വിശദീകരണം. പാളികള്‍ നന്നാക്കാനുള്ളത് ബോര്‍‍ഡിന്റെ കൂട്ടായ തീരുമാനമാണെന്നും തെറ്റ്ചെയ്തിട്ടില്ലെന്നും നടപടി എടുക്കരുതെന്നും പത്മകുമാര്‍ ആവശ്യപ്പെട്ടു.

 

സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ വാട്സാപ് ഗ്രൂപ്പിൽനിന്ന് എ.പത്മകുമാറിനെ കഴിഞ്ഞദിവസം നീക്കിയിരുന്നു. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പത്മകുമാർ മൂന്നര മാസത്തോളം ജയിലിൽ കഴിഞ്ഞശേഷമാണ് ജാമ്യത്തിലിറങ്ങിയത്. ജില്ലാ സെക്രട്ടറി ഉൾപ്പെടെ ഗ്രൂപ്പിൽ ചർച്ച ചെയ്യുന്ന പാർട്ടി തീരുമാനങ്ങൾ പത്മകുമാർ അറിയേണ്ട എന്ന വിലയിരുത്തലിലാണ് ഒഴിവാക്കിയത്. ജില്ലാ കമ്മിറ്റി അംഗമെന്ന നിലയിൽ യോഗങ്ങളിലും മറ്റും പങ്കെടുക്കാനുള്ള പത്മകുമാറിന്റെ അവസരം തടയാൻകൂടിയാണ് ഈ നീക്കമെന്നും വ്യാഖ്യാനമുണ്ട്.വാട്സാപ് ഗ്രൂപ്പിലും വെട്ടിനിരത്തലാണോ എന്ന പരിഹാസം പാർട്ടി പ്രവർത്തകർക്കിടയിൽ തന്നെ ഉയരുന്നുണ്ട്. 

 

ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റ് ചെയ്ത് ജയിലിലായിട്ടും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ പത്മകുമാറിനെതിരെ പാർട്ടി നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല. ജില്ലാ സെക്രട്ടറി ഉൾപ്പെടെ അഡ്മിനായ ഗ്രൂപ്പിൽ നിന്നാണു പത്മകുമാറിനെ ഒഴിവാക്കിയത്. ജില്ലാ കമ്മിറ്റി അംഗമായി പത്മകുമാർ തുടരുകയാണ്. ജില്ലാ സെക്രട്ടറിയടക്കം 34 അംഗങ്ങളാണുള്ളത്. ജില്ലാ സെക്രട്ടേറിയറ്റിൽ 10 അംഗങ്ങളാണുള്ളത്. ഇതിൽ ഒരു സ്ഥാനം ഒഴിച്ചിട്ടിരിക്കുകയാണ്. 

കഴിഞ്ഞ സമ്മേളനത്തിൽ പത്മകുമാറിനെ സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഈ ഒഴിവ് നികത്തിയിരുന്നില്ല. സ്വർണക്കൊള്ളക്കേസിൽ ജാമ്യം ലഭിച്ച പത്മകുമാർ ആറന്മുളയിലെ വീട്ടിൽ വിശ്രമത്തിലാണ്.

ENGLISH SUMMARY:

The CPM is considering expelling A. Padmakumar, who has been named as an accused in the Sabarimala gold plating controversy. The issue will be discussed at the district secretariat meeting on Monday with the participation of central committee members. Padmakumar has defended himself, stating that he has not committed any wrongdoing and has not brought disrepute to the party. His explanation to the party has also surfaced, where he claims the gold was plated on copper and that the repair work was a collective decision of the board. The controversy has intensified political discussions surrounding the Sabarimala temple administration and party accountability.