അറുപത്തിമൂന്നുവര്‍ഷത്തെ സിപിഎം ബന്ധം ഉപേക്ഷിച്ചു ജി.സുധാകരന്‍. അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനോ പ്രചാരണമോ ചുമരെഴുത്തോ നടത്തില്ല. ആരുടെയും പിന്തുണ തേടിപ്പോകില്ല. പിന്തുണ നല്‍കുന്നവര്‍ക്കുള്ള മറുപടി അപ്പോള്‍ നല്‍കും. നാടകീയമായായിരുന്നു വാര്‍ത്താ സമ്മേളനത്തിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം. ജയിക്കാനായാണ് മല്‍സരിക്കുന്നതെന്നും സുധാകരന്‍ വ്യക്തമാക്കി. എതിരാളിയായി വിഎസ്സിന്റെ മകന്‍ വന്നാലും പിന്മാറില്ലെന്നാണ് നിലപാട്.

ജി.സുധാകരൻ, അടുപ്പമുള്ള സഖാക്കളും അല്ലാത്തവരും ജിഎസ് എന്ന് വിളിക്കും. ജി. സുധാകരന്‍ എന്തായിരുന്നു പാര്‍ട്ടിക്ക്? വിഎസ് അച്യുതാനന്ദനും കെ.ആര്‍. ഗൗരിയമ്മയും വന്ന അതേ മണ്ണില്‍, ആലപ്പുഴയുടെ മണ്ണിലെ കരുത്തനായി കമ്മ്യൂണിസ്റ്റ്. ഗൗരിയമ്മ പോവുകയും വിഎസ് സംസ്ഥാന രാഷ്ട്രീയത്തിന്റെ മുഖമാവുകയും ചെയ്ത കാലത്തിന് പിന്നാലെ ആലപ്പുഴയിലെ സിപിഎം ചലിച്ചത് ജി. സുധാകരനെന്ന് കേന്ദ്രബിന്ദുവിനെ ചുറ്റിയായിരുന്നു. അഴിമതിക്കറ പുരളാത്ത പ്രതിഛായ. എന്തും തുറന്നടിച്ചുള്ള പ്രതികരണങ്ങള്‍. ആരേയും കൂസാതെ സുധാകരന്‍ ആലപ്പുഴയുടെ ജനകീയനായി. 

സ്കൂൾ വിദ്യാർഥിയായിരിക്കുമ്പോഴേ ഇടത് ആശയങ്ങളോടുള്ള അടുപ്പം. 1967 ൽ, രണ്ടാം ഇഎംഎസ് മന്ത്രിസഭ അധികാരമേൽക്കുന്ന കാലത്തു പാർട്ടി അംഗമായി.  കേരള സ്റ്റുഡന്റ്സ് ഫെഡറേഷനിൽ  സംസ്ഥാന ജോയിന്റ് സെക്രട്ടറിയായി.  എസ്എഫ്ഐ രൂപീകരിക്കപ്പെട്ടപ്പോൾ ആദ്യ സംസ്ഥാന പ്രസിഡന്റുമായി. അടിയന്തരാവസ്ഥയ്ക്കെതിരായ സമരങ്ങളിൽ പങ്കെടുത്തു ജയിലിൽ കഴിഞ്ഞു. പന്തളം എൻഎസ്എസ് കോളജിലുണ്ടായ വിദ്യാർഥി സംഘർഷത്തിനിടയിൽ 1977 ഡിസംബർ 7നു സുധാകരന്റെ സഹോദരൻ ഭുവനേശ്വരൻ രക്തസാക്ഷിയായി. പാർട്ടിക്കു വേണ്ടിയായി ജി.സുധാകരന്റെ പിന്നീടുള്ള ജീവിതം. സിഐടിയുവിലും സജീവമായി പ്രവർത്തിച്ചു. 

1982 ൽ കുട്ടനാട്ടിൽനിന്ന് ആദ്യമായി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ട സുധാകരൻ പരാജയപ്പെട്ടെങ്കിലും 1990 ലെ ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പിൽ വിജയിച്ച് ആലപ്പുഴ ജില്ലാ കൗൺസിൽ പ്രസിഡന്റായി. 1996 ൽ കായംകുളത്തുനിന്നു നിയമസഭയിലെത്തി. 2001 ൽ കായംകുളത്തു പരാജയപ്പെട്ടു. 2006 മുതൽ 2021 വരെ അമ്പലപ്പുഴ എംഎൽഎയായി. 2006 ൽ വിഎസ് മന്ത്രിസഭയിൽ ദേവസ്വം, സഹകരണം, കയർ വകുപ്പുകളുടെയും 2016 ൽ പിണറായി മന്ത്രിസഭയിൽ പൊതുമരാമത്ത്, റജിസ്ട്രേഷൻ വകുപ്പുകളുടെയും മന്ത്രിയായി. മികച്ച മന്ത്രിയെന്ന പേരോടെ ജനങ്ങൾക്കിടയിൽ സ്വീകാര്യനായി.  അതേസമയം, പ്രസംഗങ്ങളിലും മറ്റുമുള്ള ചില പദപ്രയോഗങ്ങൾ വിവാദമാകുകയും ചെയ്തു. ദേവസ്വം മന്ത്രിയായിരിക്കെ പൂജാരിമാർക്കെതിരെയും പൊതുമരാമത്തു മന്ത്രിയായിരിക്കെ കരാറുകാർക്കെതിരെയും നടത്തിയ ചില പരാമർശങ്ങൾ വലിയ ചർച്ചയായി. 

പാര്‍ട്ടിയോട് അകന്നുതുടങ്ങുന്നത് 2021ലെ തിരഞ്ഞെടുപ്പിനുശേഷം.  തിരഞ്ഞെടുപ്പു ഫലം പരിശോധിച്ച സിപിഎം സംസ്ഥാന കമ്മിറ്റിയുടെ റിപ്പോർട്ടിൽ പേരെടുത്തു കുറ്റപ്പെടുത്തിയ ഒരു നേതാവു മാത്രമേയുള്ളൂ; അതു ജി.സുധാകരനാണ്. അമ്പലപ്പുഴയിലെ വീഴ്ച മാത്രമാണ് സംസ്ഥാന കമ്മിറ്റി നേരിട്ട് അന്വേഷിച്ചത്. 1985ൽ നടന്ന കൊച്ചി സമ്മേളനത്തില്‍ എം.വി.രാഘവന്റെ ബദല്‍ രേഖയ്ക്കെതിരെ ആലപ്പുഴ ജില്ലയില്‍ നിന്ന് സംസാരിച്ച, 2015ൽ ആലപ്പുഴയില്‍ വിഎസ് അച്യുതാനന്ദന്‍ ഇറങ്ങിപ്പോയ സംസ്ഥാന സമ്മേളനത്തില്‍ സിപിഎമ്മിന്റെ കോട്ട കാത്ത നേതാവാണ് സുധാകരന്‍. അറുപതുവര്‍ഷം ഒപ്പം നടന്ന നേതാവ് അകലുമ്പോള്‍ ആലപ്പുഴയിലെ കോട്ട കാക്കുകയാണ് ഇനി സിപിഎമ്മിനു മുന്നിലുള്ള വെല്ലുവിളി. പാര്‍ട്ടിയില്‍ ഇരട്ടത്താപ്പെന്ന ആരോപണം ഉന്നയിച്ചാണ് സുധാകരന്‍ സിപിഎം ബന്ധം ഉപേക്ഷിക്കുന്നത്. രണ്ടുതവണ മന്ത്രിയായെന്ന് തന്നെ പാര്‍ട്ടിക്കാര്‍ വിമര്‍ശിക്കുന്നു. തോമസ് ഐസക്കിനോട് ഈ ചോദ്യമില്ല. രാജ്യസഭയില്‍ നിന്ന് ഇറങ്ങിയ ഉടന്‍ എളമരം കരീം ലോക്സഭയിലേക്ക് മല്‍സരിച്ചു. എത്രനാള്‍ ഇരുന്നു എന്നതല്ല ഇരുന്നപ്പോള്‍ എന്തുചെയ്തു എന്നതാണ് കാര്യം. മരിക്കുന്നതുവരെ ലെനിന്‍ അധികാരത്തിലിരുന്നു. ഒഴിയാത്തതെന്തെന്ന് എകെജിയോട് ആരും ചോദിച്ചിരുന്നില്ല. തനിക്ക് അധികാരക്കൊതി മൂത്തിട്ടാണ് പാര്‍ട്ടി വിടുന്നതെന്ന വിമര്‍ശകരോടുള്ള സുധാകരന്റെ ചോദ്യങ്ങളും വിശദീകരണങ്ങളും ഇതായിരുന്നു. അമ്പലപ്പുഴയില്‍ പാര്‍ട്ടിക്ക് സ്വാധീനം കുറഞ്ഞെന്നും സുധാകരന്‍ കുറ്റപ്പെടുത്തുന്നു.

പാര്‍ട്ടിയുമായി വഴിപിരിയുമ്പോഴും സര്‍ക്കാരിനെതിരെ ഒന്നും പറയില്ല എന്നാണ് സുധാകന്റെ നിലപാട്. ആരും നിര്‍ബന്ധിച്ചിട്ട് പാര്‍ട്ടിയില്‍ ചേര്‍ന്നവനല്ല താന്‍. പിണറായി വിജയന്‍ മൂന്നാമതും കേരളത്തിന്റെ മുഖ്യമന്ത്രിയാകണമെന്നാണ് ആഗ്രഹമെന്ന് സുധാകരന്‍ പറഞ്ഞുവയ്ക്കുമ്പോള്‍ തന്റെ ഉന്നം പിണറായിയല്ല, പാര്‍ട്ടി സെക്രട്ടറി ഉള്‍പ്പെടുന്ന നേതൃത്വമെന്ന് അടിവരയിടുന്നു സുധാകരന്‍. മന്ത്രി സജി ചെറിയാനേയും എളമരം കരീമിനേയും എംഎം മണിയേയും പേരെടുത്ത് പരിഹസിച്ചു ജി.സുധാകരന്‍. എംഎം മണി ഇടുക്കിയിലെ ശൂ ആണെന്ന് സുധാകരന്‍ പറഞ്ഞു. ലോക്സഭയിലേക്ക് മല്‍സരിച്ച എളമരം കരീം കോഴിക്കോട്ട് കരീമിക്ക എന്ന് പോസ്റ്റര്‍ പതിച്ച് വോട്ടുതേടി. ഇതാണോ കമ്യൂണിസ്റ്റ് രീതിയെന്നും സുധാകരന്‍ ചോദിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലെ സമവായ ശ്രമങ്ങള്‍ക്ക് ഫലമുണ്ടാവില്ലെന്ന പ്രതീതി നേരത്തെ സൃഷ്ടിക്കപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ സുധാകരന്റെ സ്വതന്ത്രസ്ഥാനാര്‍ഥിത്വം അറിഞ്ഞ സിപിഎം നേതാക്കള്‍ കരുതലോടെയാണ് പ്രതികരിച്ചത്. ജി.സുധാകരന്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത് ദുഃഖകരമെന്നായിരുന്നു  സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബിയുടെ പ്രതികരണം. 

തിരഞ്ഞെടുപ്പിൽ മൽസരിക്കാനുള്ള ജി. സുധാകരൻ്റെ നീക്കത്തോട് പരസ്യമായി പ്രശ്നമില്ലെന്ന് പറയുമ്പോഴും സുധാകരൻ ഉയർത്തുന്ന വെല്ലുവിളികളെ ഗൗരവത്തോടെ നേരിടാനൊരുങ്ങുകയാണ് CPM. തിരഞ്ഞെടുപ്പ് കാലത്ത് ജി.  സുധാകരൻ സ്വീകരിച്ച നിലപാടിൽ കടുത്ത അമർഷം ആണ് പാർട്ടി നേത്യത്വത്തിന് . സുധാകരൻ്റെ നടപടി അപചയം ആണെന്ന് സിപിഎം ജില്ലാ നേതൃത്വം വിമർശിച്ചു. സ്ഥാനാർഥിത്വത്തിൽ നിന്ന് പിൻവാങ്ങുമെന്ന പ്രതീക്ഷ സി പി എം ജില്ലാ സെക്രട്ടറി ആർ നാസർ പ്രകടിപ്പിച്ചു. പാർട്ടിയെ സുധാകരൻ ചതിച്ചെന്ന് അമ്പലപ്പുഴയിലെ എൽഡിഎഫ് സ്ഥാനാർഥി എച്ച് സലാം. യു ഡി എഫുമായി ചേർന്നുള്ള നാടകമാണെന്നും എച്ച് സലാം പ്രതികരിച്ചു. പാർട്ടിയിൽ നിന്ന് ഒരാൾ പോലും സുധാകരനൊപ്പം പോകില്ലെന്ന് നാസറും സലാമും പറഞ്ഞു. സുധാകരൻ്റെ വീടിന് സമീപത്ത് ശനിയാഴ്ച ശക്തി പ്രകടനം നടത്താൻ Cpm തീരുമാനിച്ചു. ശനിയാഴ്ച വൈകിട്ട് ആലപ്പുഴ പറവൂരിൽ സിപിഎം ശക്തിപ്രകടനം നടത്തും. വിഎസിൻ്റെ വീടിൻ്റെ സമീപത്ത് നിന്ന് പ്രകടനം ആരംഭിക്കും. ഇന്നും നാളെയുമായി പാർട്ടി ലോക്കൽ ഏരിയ കമ്മിറ്റികളും പാർട്ടി ജനറൽ ബോഡികളും ചേർന്ന് സുധാകരനുമായി ബന്ധപ്പെട്ട നിലപാടുകൾ വിശദീകരിക്കും. പാര്‍ട്ടിക്ക് മുന്നില്‍ വാതില്‍ കൊട്ടിയടച്ച് ജി സുധാകരന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച സാഹചര്യത്തില്‍ അനുനയനം വിട്ട് പ്രതിരോധത്തിലേക്ക് കടക്കുകയാണ് പാര്‍ട്ടി. നാളെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം സുധാകരന്‍റെ കൂറ് മാറ്റം വിശദമായി ചര്‍ച്ച ചെയ്യും. തുടര്‍ന്ന്, സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പാര്‍ട്ടി നിലപാട് ഔദ്യോഗികമായി പ്രഖ്യാപിക്കും.  സുധാകരന്‍ പാര്‍ട്ടിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് സംസ്ഥാന സെക്രട്ടറി തന്നെ മറുപടി പറയും. സുധാകരന്‍റെ കൂറുമാറ്റം വഞ്ചനയെന്നാണ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. 

എം.എം. മണിയെ പരിഹസിച്ച സുധാകരന് അതേ നാണയത്തിലായിരുന്നു എംഎം മണിയുടെ മറുപടി. അനിയന്റെ ഘാതകര്‍കരായ കാപാലികര്‍ക്കൊപ്പം ജി.സുധാകരന്‍ എങ്ങനെ പോകുമെന്ന് എ.കെ.ബാലന്‍. സ്വപ്നത്തില്‍പ്പോലും അത് ആലോചിക്കാനാവില്ല. സുധാകരനെ മല്‍സരിപ്പിക്കാത്തത് പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനമാണ്. സുധാകരന്‍ തെറ്റുതിരുത്തുമെന്നും എ.കെ.ബാലന്‍ പറഞ്ഞു. പക്ഷേ സഹോദരൻ ജി ഭുവനേശ്വരൻ രക്തസാക്ഷിയായപ്പോൾ കേസു നടത്താൻ പോലും പാർട്ടി സഹായിച്ചില്ലെന്ന് വൈകാരികമായി തുറന്നടിച്ചാണ് സുധാകരൻ വിമർശനങ്ങൾക്ക് മേൽ അവസാന ആണിയും അടിച്ചത്. സുധാകരന്‍റെ ആരോപണങ്ങള്‍ പാര്‍ട്ടി അണികളെ സ്വാധീനക്കാതിരിക്കാന്‍ ശക്തമായ പ്രചാരണ പരിപാടികള്‍ക്കാണ് ആലപ്പുഴയിലെ പാര്‍ട്ടി രൂപം നല്‍കുന്നത് . നാളെ ലോക്കല്‍ കമ്മറ്റികളുടെ ജനറല്‍ ബോര്‍ഡി യോഗങ്ങള്‍ വിളിച്ച് ചേര്‍ത്ത് പാര്‍ട്ടി നിലപാട് വിശദീകരിക്കും. അതിന് ശേഷമായിരിക്കും ശനിയാഴ്ചത്തെ ശക്തിപ്രകടനം. 

പാര്‍ട്ടിയുമായി സുധാകരന്‍ അസ്വാരസ്യത്തിലാണ് കഴിഞ്ഞ കുറെ നാളുകളായിട്ട്. പലപ്പോഴും സുധാകരനെ അരിശം കൊള്ളിക്കുന്ന പ്രവര്‍ത്തികള്‍ പാര്‍ട്ടിയുടെ ഭാഗത്തുനിന്നും ഉണ്ടായി. ഏറ്റവും ഒടുവില്‍ പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജി. സുധാകരനെ പരിഗണിക്കുന്നുണ്ടോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിച്ച രീതിയാണ് സുധാകരനെ വല്ലാതെ ചൊടിപ്പിച്ചത്. പാര്‍ട്ടി സെക്രട്ടറിയുടെ മറുപടിയെ പരിഹാസവും പുച്ഛവുമായി തോന്നിയ ജി. സുധാകരന്‍ അതിനെ നേരിട്ടത് ഫെയ്സ്ബുക്കില്‍ കുറിപ്പിട്ടാണ്. പാര്‍ട്ടി അംഗത്വം പുതുക്കുന്നില്ലെന്ന പ്രഖ്യാപനം കൂടി വന്നതോടെ സുധാകരനെ അനുനയിപ്പിക്കല്‍ യജ്ഞമായി. പാര്‍ട്ടി സെക്രട്ടറി വിളിച്ചു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പോയി കണ്ടു. സി.എസ്. സുജാത പോയി നേരില്‍ കണ്ട് ചര്‍ച്ച നടത്തി അയവുവരുത്താന്‍ ശ്രമിച്ചു. പക്ഷേ തന്റെ സ്വതന്ത്രസ്ഥാനാര്‍ഥി പ്രഖ്യാപനം കുറച്ചു ദിവസം നീട്ടിക്കൊണ്ട് പോകാനേ അത് ഉപകരിച്ചുള്ളു. യുഡിഎഫ് ഇത് പ്രതീക്ഷിച്ചിരുന്നതാണ്. ജി. സുധാകരന്‍ സ്വതന്ത്രനായി മല്‍സരിക്കുന്ന പക്ഷം അമ്പലപ്പുഴയില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താതെ സുധാകരനെ പിന്തുണക്കും യുഡിഎഫ്. സുധാകരൻ സ്വതന്ത്രനായാൽ പിന്തുണ പ്രഖ്യാപിക്കുന്നതിനായി അമ്പലപ്പുഴ സീറ്റ് മാറ്റിവച്ചാണ് സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളും കോൺഗ്രസിൽ പുരോഗമിച്ചിരുന്നത്. കെ.സി.വേണുഗോപാലും വി.ഡി.സതീശനും സുധാകരനുമായി ആശയവിനിമയവും നടത്തിയിരുന്നു. പിന്തുണ നൽകാൻ നേരത്തെ തന്നെ ധാരണയിലെത്തിയിരുന്നെങ്കിലും മുന്നണിക്കുള്ളിൽ വിശദമായ ചർച്ച നടക്കും. സുധാകരനെ വിസ്മയപട്ടികയിൽ ഉൾപ്പെടുത്തിയ വി.ഡി.സതീശൻ, ഉത്തമരായ കമ്യൂണിസ്റ്റുകള്‍ സി.പി.എമ്മിൽ നിന്ന് അകലുകയാണെന്ന് കുറ്റപ്പെടുത്തി. 

​സുധാകരൻ സ്വീകാര്യനായ നേതാവെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും നിയമസഭയിൽ ഉണ്ടാകേണ്ട നേതാവെന്ന് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. അമ്പലപ്പുഴയുടെ ചരിത്രത്തിൽ രണ്ടുതവണ മാത്രമാണ് കോൺഗ്രസ് വിജയിച്ചിട്ടുള്ളത്. ഒടുവിൽ വിജയിച്ചത് 2001ലും. സുധാകരൻ വിജയിക്കുന്നതിനൊപ്പം സുധാകരന്റെ സാന്നിധ്യം ആലപ്പുഴയിലെ മറ്റ് മണ്ഡലങ്ങളിലും അനുകൂലമായി പ്രതിഫലിക്കുമെന്നാണ് കോൺഗ്രസ് കണക്കൂക്കൂട്ടുന്നത്. ഇടുക്കിയില്‍ നിന്നുള്ള മുന്‍ എംഎല്‍എ എസ്. രാജേന്ദ്രന്‍ ബിജെപിയിലേക്ക് പോയി. പി.കെ. ശശി പാലക്കാട്ട് വിമത സമ്മേളനം വിളിച്ച് പാര്‍ട്ടി പുറത്തായി. ഇപ്പോള്‍ സുധാകരനും. കൂട്ടത്തില്‍ ജി. സുധാകരന്റെ ഇറങ്ങിപ്പോക്ക് സിപിഎമ്മിനെ സംബന്ധിച്ച് മറ്റാരേക്കാളും ഗൗരവമുള്ളതാണ്. സുധാകരന്റെ പടിയിറക്കം അമ്പലപ്പുഴയിലും ആലപ്പുഴയിലും മാത്രമല്ല അതിന് കേരളത്തെയാകെ സ്വാധീനിക്കാനുള്ള ശേഷിയുണ്ട്. കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നതും സിപിഎം ഭയക്കുന്നതും ആ ശേഷിയുടെ പ്രതിഫലനങ്ങളെയാണ്.

ENGLISH SUMMARY:

G. Sudhakaran has announced his decision to contest as an independent candidate from Ambalappuzha, severing his 63-year-long association with the CPM. This dramatic announcement comes after he expressed dissatisfaction with party policies and internal criticisms.