ഫയല്‍ ചിത്രം

സി.പി.ഐ.എം നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞ ജി. സുധാകരനെ അമ്പലപ്പുഴ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി പിന്തുണയ്ക്കാൻ യു.ഡി.എഫ്. ഇതുസംബന്ധിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ജി. സുധാകരനുമായി സംസാരിച്ചു. സുധാകരനെ പിന്തുണയ്ക്കുന്ന കാര്യത്തിൽ എ.ഐ.സി.സി (AICC) അനുമതി നൽകി. ജി. സുധാകരനെ പിന്തുണയ്ക്കുന്ന കാര്യത്തിൽ കോൺഗ്രസും യു.ഡി.എഫും ആലോചിച്ച് തീരുമാനമെടുക്കുമെന്ന് മാധ്യമങ്ങളെ കണ്ട പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഇക്കാര്യം പാർട്ടിക്കുള്ളിലും മുന്നണിയിലും വിശദമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ജി. സുധാകരന്റെ നീക്കം അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണെന്ന് പറഞ്ഞ സതീശൻ, സി.പി.ഐ.എമ്മിനുള്ളിലെ ആദർശശുദ്ധിയുള്ള കമ്മ്യൂണിസ്റ്റുകൾക്ക് അവിടെ തുടരാനാകാത്ത സാഹചര്യമാണുള്ളതെന്ന് ചൂണ്ടിക്കാട്ടി. ഉത്തമരായ കമ്മ്യൂണിസ്റ്റുകൾ പാർട്ടിയിൽ നിന്ന് അകലുകയാണെന്നും ഇത്തരം വിസ്മയങ്ങൾ കേരള രാഷ്ട്രീയത്തിൽ ഇനിയുമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടിയുടെ നിലവിലെ ശൈലിയിൽ പ്രതിഷേധമുള്ള പലരും വരും ദിവസങ്ങളിൽ സമാനമായ തീരുമാനങ്ങൾ എടുത്തേക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചു.

ജി. സുധാകരനെതിരെ സി.പി.ഐ.എം സ്വീകരിച്ച നിലപാടുകൾ വലിയ അനീതിയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. "അഴിമതിയില്ലാത്ത, ജനങ്ങൾക്ക് സ്വീകാര്യനായ നേതാവാണ് ജി. സുധാകരൻ. അമ്പലപ്പുഴയിൽ അദ്ദേഹത്തെ പിന്തുണയ്ക്കണോ എന്ന കാര്യം യു.ഡി.എഫ് ഗൗരവമായി ആലോചിച്ചു വരികയാണ്," അദ്ദേഹം വ്യക്തമാക്കി. സുധാകരന്റെ രാജി അതീവ ഗൗരവമുള്ള വിഷയമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും പ്രതികരിച്ചു.

ജി. സുധാകരനെപ്പോലൊരു നേതാവ് പാർട്ടി വിടുന്നത് സി.പി.ഐ.എമ്മിന് വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച സുധാകരനെ യു.ഡി.എഫ് പിന്തുണയ്ക്കുന്നത് ആലപ്പുഴയിലെ രാഷ്ട്രീയ സമവാക്യങ്ങൾ പൂർണ്ണമായും മാറ്റിമറിക്കും. അമ്പലപ്പുഴയിൽ സുധാകരൻ സ്വതന്ത്രനായി മത്സരിക്കുമ്പോൾ യു.ഡി.എഫ് വോട്ടുകൾ കൂടി ലഭിക്കുന്നത് അദ്ദേഹത്തിന്റെ വിജയാധാരങ്ങൾ വർദ്ധിപ്പിക്കും.

ENGLISH SUMMARY:

G. Sudhakaran will contest as an independent candidate from the Ambalappuzha constituency with UDF support. This decision, reportedly with AICC approval, is set to significantly alter political dynamics in Alappuzha, especially considering Sudhakaran's stance against corruption.