AI Generated Representative image

  • റോഹിൻഗ്യന്‍ അഭയാർഥികള്‍ കയറിയ രണ്ട് ബോട്ടുകൾ മ്യാന്‍മര്‍ തീരത്ത് മുങ്ങി. അഞ്ഞൂറിലധികം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഒരു ബോട്ടില്‍ ഇരുനൂറ്റി അന്‍പതും മറ്റൊന്നില്‍ ഇരുനൂറ്റി എണ്‍പതും യാത്രക്കാര്‍ ഉണ്ടായിരുന്നു

റോഹിൻഗ്യന്‍ അഭയാർഥികള്‍ കയറിയ രണ്ട് ബോട്ടുകൾ മ്യാന്‍മര്‍ തീരത്ത് മുങ്ങി. അഞ്ഞൂറിലധികം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. 2017-ൽ മ്യാൻമർ സൈന്യം റാഖൈൻ പ്രവിശ്യയിൽ സൈനിക നടപടി ആരംഭിച്ചതോടെയാണ് റോഹിൻഗ്യകളുടെ കൂട്ടപ്പലായനം തുടങ്ങിയത്. തട്ടിക്കൂട്ടിയുണ്ടാക്കിയ പലക ബോട്ടുകളാണ് റോഹിൻഗ്യന്‍ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ പ്രതീക്ഷയുടെ കച്ചിത്തുരുമ്പ്.

മലേഷ്യ, ഇന്തൊനീഷ്യ, തായ്‌ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളാണ് ലക്ഷ്യം. മ്യാൻമറിലെ റാഖൈൻ സംസ്ഥാനത്തുനിന്ന് പുറപ്പെട്ട ബോട്ടുകളാണ്  അപകടത്തില്‍പ്പെട്ടത്. ഒരു ബോട്ടില്‍ ഇരുനൂറ്റിയമ്പതും മറ്റൊരു ബോട്ടില്‍ ഇരുനൂറ്റിയെണ്‍പതും ആളുകളുണ്ടായിരുന്നു. മരണസംഖ്യയില്‍ സ്ഥിരീകരണമില്ല. യാത്ര എന്നുതുടങ്ങിയെന്നോ അപകടം എപ്പോഴായിരുന്നെന്നോ എന്നും കൃത്യമായ വിവരമില്ല. ജൂണ്‍ അവസാന ആഴ്ച ആദ്യ ബോട്ടും കഴിഞ്ഞ എട്ടാം തീയതി രണ്ടാമ‌ത്തെ ബോട്ടും മുങ്ങിയെന്നാണ് കരുതുന്നത്. 

ബംഗ്ലാദേശിലെ അഭയാര്‍ഥി ക്യാംപുകളില്‍ നിന്നുള്ളവരും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നതായും സൂചന. റോഹിൻഗ്യന്‍  അഭയാര്‍ഥികള്‍ ഇത്തരത്തില്‍ അപകടത്തില്‍ പെടുന്നതും ആദ്യമായല്ല. ഇരുനൂറ്റിയന്‍പതോളം പേര്‍ സഞ്ചരിച്ച ബോട്ട് നവംബറില്‍ മുങ്ങിയിരുന്നു. കഴിഞ്ഞ വർഷം ആൻഡമാൻ കടലിലും ബംഗാൾ ഉൾക്കടലിലുമായി 900-ത്തോളം റോഹിൻഗ്യന്‍  അഭയാർഥികൾ മരിക്കുകയോ കാണാതാവുകയോ ചെയ്തിരുന്നതായാണ് കണക്ക്. ലോകത്തിലെ ഏറ്റവും അപകടം പിടിച്ച  കടൽപ്പാതയിലാണ് ഒരു ജനതയുടെ ഭാഗ്യപരീക്ഷണം.

ENGLISH SUMMARY:

At least 500 Rohingya refugees are feared dead after two boats capsized off the coast of Myanmar while attempting to escape intense internal conflict. The vessels, carrying a combined total of over 500 passengers, encountered rough seas during their dangerous journey toward Southeast Asian nations. The United Nations has warned that the death toll is likely to rise as search operations continue amidst the ongoing regional crisis. This tragic incident highlights the growing desperation of refugees fleeing displacement from Rakhine state and nearby camps.