വനംവകുപ്പിനെതിരെ ഭീഷണിയുമായി സിപിഎം നേതാവ് എം.എം. മണി. മര്യാദയ്ക്ക് അല്ലെങ്കില്‍ ഫോറസ്റ്റുകാര്‍ വഴിയേ നടക്കില്ലെന്നും മര്യാദയ്ക്ക് ഇരുന്നില്ലെങ്കില്‍ നിയമം കയ്യിലെടുക്കേണ്ടി വരുമെന്നും മണിയുടെ താക്കീത്. മുഖ്യമന്ത്രി വി ഡി സതീശൻ ഉമ്മാക്കി കാണിക്കാൻ വരുന്നു. നിങ്ങൾക്ക് ഒക്കെ വീട്ടിൽ ഭാര്യയും മക്കളും ഉണ്ട്. തിരിച്ചുചെല്ലാമെന്ന് പറഞ്ഞിട്ടല്ല പൊതുപ്രവര്‍ത്തനത്തിന് ഇറങ്ങിയത്. വനംമന്ത്രി ഷിബു ബേബി ജോണിന്റെ പിതാവിന് നല്ലപേരുണ്ട്. ആ പേര് വച്ച് ഉമ്മാക്കി കാണിക്കാന്‍ വരരുതെന്നും എം.എം.മണി പറഞ്ഞു.
ഇടുക്കി കഞ്ഞിക്കുഴിയിൽ റവന്യു ഭൂമി വനം വകുപ്പ് കയ്യടക്കുന്നു എന്നാരോപിച്ചു കർഷക സംഘം റേഞ്ച് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു മണി.
എം.എം. മണിയുടെ പരാമർശങ്ങൾക്ക് അദ്ദേഹത്തിന്റെ പ്രായം പരിഗണിച്ച് മറുപടി നൽകുന്നില്ലെന്ന് മന്ത്രി ഷിബു ബേബി ജോൺ പ്രതികരിച്ചു. മണിക്ക് സ്വന്തം പേരുപോലും മറന്നുപോകുന്ന അവസ്ഥയാണെന്നും എഴുന്നേറ്റുനിന്നാൽ ചീത്ത വിളിക്കലാണ് അദ്ദേഹത്തിന്റെ പ്രധാന പരിപാടിയെന്നും ഷിബു ബേബി ജോൺ പരിഹസിച്ചു