കണ്ണൂർ മുഴപ്പിലങ്ങാട് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ സിപിഎം–ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ശ്രീ കുറുമ്പ ഭഗവതി ക്ഷേത്ര ഉത്സവത്തിനിടെയാണ് പ്രവർത്തകർ തമ്മിൽ കല്ലും ചെരുപ്പും വാരിയെറിഞ്ഞത്. പൊലീസ് ലാത്തി വീശി. സംഘര്‍ഷത്തിന്റെ ദൃശ്യങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു.
പുലര്‍ച്ചെ നാലുമണിയോടെ കലശം വരവിനിടെയാണ് സംഘര്‍ഷമുണ്ടായത്. സിപിഎം പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും രണ്ട് ഭാഗത്ത് നിന്നും കലശംവരവില്‍ പങ്കെടുത്തു. പാര്‍ട്ടി ചിഹ്നങ്ങളടക്കം കലശം വരവിലെ സ്തൂപങ്ങളില്‍ പ്രകടമായിയിരുന്നു. മുന്‍ വര്‍ഷങ്ങളിലും ഇവയുണ്ടായിരുന്നുവെങ്കിലും ഇക്കുറി കലശം വരവിനിടെ ഒരു ഭാഗത്ത് നിന്ന് കല്ലും ചെരുപ്പും മറുഭാഗത്തേക്ക് എറിഞ്ഞതോടെ അപ്പുറത്ത് നിന്നും ഇതാവര്‍ത്തിച്ചു. ഇതോടെയാണ് സംഘര്‍ഷമുണ്ടായത്. ഒടുവില്‍ സംഘര്‍ഷമൊഴിവാക്കാന്‍ പൊലീസ് ലാത്തി വീശി ആളുകളെ ഓടിക്കുകയായിരുന്നുവെന്നാണ് ദൃശ്യങ്ങളില്‍ കാണുന്നത്. സംഭവത്തില്‍ നിലവില്‍ കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടില്ല.