Image: X & ANI
പഞ്ചാബിലെ ലഹരി ഉപയോഗത്തെക്കുറിച്ചുള്ളതെന്ന് അവകാശപ്പെട്ട് ബി.ജെ.പി എം.പിയും മുന്‍ക്രിക്കറ്ററുമായ ഹർഭജൻ സിങ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിഡിയോ വിവാദമാകുന്നു. ദൃശ്യങ്ങള്‍ യഥാർഥത്തിൽ എഎപി ഭരിക്കുന്ന പഞ്ചാബില്‍ നിന്നുള്ളതല്ല, മറിച്ച് ബിജെപി ഭരിക്കുന്ന രാജസ്ഥാനിലെ ശ്രീഗംഗാനഗറിൽ നിന്നുള്ളതാണെന്ന് തെളിഞ്ഞതോടെയാണ് സംഭവം തിരിച്ചടിക്കുകയായിരുന്നു. പിന്നാലെ സമൂഹമാധ്യമങ്ങളിലും ഹർഭജൻ സിങിനെതിരെ വിമര്‍ശനം ശക്തമാണ്. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തി ഇത്തരത്തിൽ വ്യാജപ്രചരണങ്ങൾ നടത്തുന്നത് ശരിയല്ലെന്നാണ് വിമര്‍ശനം.
പഞ്ചാബിലെ യുവാക്കൾക്കിടയിലെ ലഹരി ഉപയോഗം എന്ന തലക്കെട്ടോടെയാണ് 'സോംബി ഡ്രഗ്' എന്നറിയപ്പെടുന്ന ലഹരി ഉപയോഗിക്കുന്നവരുടെ ദൃശ്യങ്ങൾ ഹർഭജൻ സിങ് എക്സില്‍ പങ്കുവെച്ചത്. രണ്ട് യുവാക്കള്‍ പൊതുനിരത്തില്‍ സ്വബോധമില്ലാതെ പെരുമാറുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സംസ്ഥാനത്തെ യുവാക്കൾ ലഹരിയുടെ വലയത്തിലാണെന്ന് പറഞ്ഞ അദ്ദേഹം പഞ്ചാബിലെ യുവാക്കളെ രക്ഷിക്കാൻ ജനങ്ങളോട് അഭ്യർഥിക്കുകയും പോസ്റ്റില്‍ ചെയ്യുന്നുണ്ട്.
എന്നാല്‍ വിഡിയോ പഞ്ചാബിലേതല്ലെന്നും ബിജെപി ഭരിക്കുന്ന രാജസ്ഥാനിലെ ശ്രീഗംഗാനഗറിൽ നിന്നുള്ളതാണെന്നും വ്യക്തമായതോടെ കടുത്ത വിമർശനമാണ് ഹർഭജൻ സിങിനെതിരെ ഉയരുന്നത്. ഹർഭജന്‍ സിങിന്‍റെ പോസ്റ്റിന് ശക്തമായ മറുപടിയുമായി പഞ്ചാബ് സർക്കാർ തന്നെ രംഗത്തെത്തി. ഉത്തരവാദിത്തമില്ലാതെ ഇത്തരം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് സംസ്ഥാനത്തെ അപകീർത്തിപ്പെടുത്താനാണെന്ന് പഞ്ചാബ് സർക്കാർ ആരോപിച്ചു. പഞ്ചാബിനെ മോശമായി ചിത്രീകരിക്കാൻ ബിജെപി എംപി മറ്റൊരു സംസ്ഥാനത്ത് നിന്നുള്ള ദൃശ്യങ്ങൾ മനഃപൂർവ്വം പങ്കിട്ടതായാണ് പഞ്ചാബ് മന്ത്രി ബൽജിത് കൗർ പ്രതികരിച്ചത്. പഞ്ചാബിലെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളെ തകർക്കുന്നതാണ് ഇത്തരം പ്രചരണങ്ങളെന്നും സർക്കാർ കുറ്റപ്പെടുത്തി. ALSO READ: അമ്മ റീല്‍ ഷൂട്ടില്‍ മുഴുകി; കുഞ്ഞ് ഇഴഞ്ഞ് പാലത്തിന്‍റെ കൈവരിയിലേക്ക്; നെഞ്ചിടിപ്പേറ്റി വിഡിയോ ...
പഞ്ചാബ് പൊലീസും വിഡിയോ രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിൽ ചിത്രീകരിച്ചതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ‘പ്രചരിക്കുന്ന വിഡിയോ പഞ്ചാബിലെയല്ല, രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിൽ നിന്നുള്ളതാണ്, പഞ്ചാബുമായി ഇതിന് യാതൊരു ബന്ധവുമില്ല. പശ്ചാത്തലത്തിലെ പഞ്ചാബി മ്യൂസിക്ക് ഒരു സംഭവത്തെ പഞ്ചാബിലുള്ളതാക്കി മാറ്റില്ല’ എന്ന് പൊലീസ് എക്സില്‍ കുറിച്ചു. ഒപ്പം സോഷ്യൽ മീഡിയയിൽ കാര്യങ്ങൾ പങ്കുവെക്കുമ്പോൾ അതീവ ശ്രദ്ധയും ഉത്തരവാദിത്തവും പുലർത്തണമെന്നും, തെറ്റായ വിവരങ്ങൾ സമൂഹത്തിൽ ഭീതിയും തെറ്റിദ്ധാരണയും പരത്തുമെന്നും പൊലീസ് വ്യക്തമാക്കി.
നിയമവിരുദ്ധമായി ഉപയോഗിക്കപ്പെടുന്ന ഒരു വെറ്ററിനറി സെഡേറ്റീവ് ആയ സൈലാസൈനിനെ വിശേഷിപ്പിക്കാനാണ് ‘സോംബി ഡ്രഗ്’ എന്ന പദം ഉപയോഗിക്കുന്നത്. ‘ട്രാങ്ക്’ അല്ലെങ്കിൽ ‘ട്രാങ്ക് ഡോപ്പ്’ എന്ന് വിളിക്കപ്പെടുന്ന സൈലാസൈൻ, കൊക്കെയ്ൻ ഉൾപ്പെടെയുള്ള മറ്റ് ലഹരികളുമായി ചേര്‍ത്ത് പലപ്പോഴും ഉപയോഗിക്കാറുണ്ട്. എന്നാല്‍ 'സോംബി ഡ്രഗ്' ഉപയോഗിച്ച് എന്ന് പ്രചരിക്കപ്പെടുന്ന വിഡിയോകള്‍ പലപ്പോളും തെളിവുകളില്ലാതെയോ സ്ഥിരീകരിക്കാതെയോ പ്രചരിക്കപ്പെടുന്നവയാണ്. മുന്‍പ് ബെംഗളൂരുവില്‍ നിന്നും ‘സോംബി ഡ്രഗ്’ എന്ന പേരില്‍ വിഡിയോകള്‍ പ്രചരിച്ചിരുന്നു.