തിരുവനന്തപുരം പോത്തന്‍കോട് പ്രണയം നടിച്ച് പെണ്‍കുട്ടിയെയും പെണ്‍കുട്ടിയുടെ സുഹൃത്തിനെയും പീഡിപ്പിച്ചയാള്‍ പിടിയില്‍. കണ്ണൂര്‍ കൂവേരി സ്വദേശി കെ.വി.അനുരാജാണ് പിടിയിലായത്. പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രതി കൂട്ടുകാരിയെയും വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് പീഡിപ്പിച്ചത്.
സാമൂഹിക മാധ്യമത്തിലൂടെയാണ് 14 കാരിയായ വിദ്യാര്‍ഥിനികളെ പ്രതി പരിചയപ്പെട്ടത്. 20 ദിവസത്തെ പരിചയം. പിന്നെ നേരില്‍ കാണണമെന്ന് പറഞ്ഞ് കണ്ണൂരില്‍ നിന്ന് പോത്തന്‍കോടേക്ക് എത്തി. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ കണ്ണ് തെറ്റിച്ച് വീട്ടിനുള്ളില്‍ കയറിയ അനുരാജ് പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചു. പിന്നാലെ പെണ്‍കുട്ടിയുടെ കൂട്ടുകാരിയെയും വിളിച്ചുവരുത്തുകയായിരുന്നു. ഇരുവരെയും പീഡിപ്പിച്ച ശേഷം രാത്രി 12 മണിയോടെ വീട്ടുകാര്‍ ഉറങ്ങിയെന്ന് ഉറപ്പുവരുത്തിയാണ് ഇയാള്‍ പുറത്തുകടന്നത്.
അധികം വൈകാതെ പ്രതി രണ്ടുപേരേയും സാമൂഹ മാധ്യമത്തില്‍ ബ്ലോക്ക് ചെയ്തു. ഇയാള്‍ മറ്റൊരാളുമായി പ്രണയത്തിലായെന്ന് മനസ്സിലായ വിദ്യാര്‍ഥിനികള്‍ വീട്ടുകാരോട് വിവരം തുറന്നുപറഞ്ഞു. ഇരുവരുടെയും വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ രണ്ടു പോക്സോ കേസുകള്‍ റജിസ്റ്റര്‍ ചെയ്ത പോത്തന്‍കോട് പൊലീസ് കണ്ണൂരിലെത്തിയാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ക്കെതിരെ തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലും രണ്ട് കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.