ആഭ്യന്തരവകുപ്പിനെ വെല്ലുവിളിക്കുക, പൊലീസിനെ നോക്കുകുത്തിയാക്കുക. അര്‍ജുന്‍ ആയങ്കിക്ക് ഒടുവില്‍ പൂട്ടുവീണത് ഇന്നലെയാണ്. ഇനി തുടര്‍നടപടികള്‍ എന്തെടുക്കണമെന്ന ചര്‍ച്ചകളിലാണ് അന്വേഷണസംഘം. കാപ്പ ചുമത്തുന്നതില്‍ ഇപ്പോഴും അന്തിമതീരുമാനം വന്നിട്ടില്ല. എന്തായാലും, ഒരാഴ്ച സമയമാകുമെന്നാണ് ഇതുവരെയുള്ള വിവരങ്ങളില്‍ നിന്ന് മനസിലാകുന്നത്. അര്‍ജുനെതിരെ പൊലീസിന്റെ കേസ് ഹിസ്റ്ററി റിപ്പോര്‍ട്ടാണ് ഇത്തവണ നിര്‍ണായകം. 

ഈ റിപ്പോര്‍ട്ട് കണ്ണൂര്‍ ജില്ലാ കലക്ടറിലേക്ക് എത്തും, അവിടെ നിന്നാണ് ഒരു ഫൈനല്‍ ഡിസിഷനിലേക്ക് എത്തുക. കണ്ണൂർ വളപട്ടണം എസ്എച്ച്ഒയാണ് അർജുൻ ആയെങ്കിക്കെതിരായ കേസ് ഹിസ്റ്ററി റിപ്പോർട്ട് തയ്യാറാക്കുന്നത്. അർജുന് എതിരായ മുഴുവൻ കേസുകളുടെയും വിശദാംശങ്ങൾ റിപ്പോർട്ടിൽ ഉണ്ടാകും. കണ്ണൂർ കമ്മീഷണർക്ക് നൽകുന്ന റിപ്പോർട്ട് ജില്ലാ കളക്ടർക്ക് കൈമാറുകയും കലക്ടർ കാപ്പ ചുമത്തുന്നതിൽ തീരുമാനമെടുക്കുകയും ചെയ്യും. അങ്ങനെയാണ് അതിന്റെ പ്രൊസീജ്യര്‍. നാടുകടത്തണോ, ജയിലിൽ അടയ്ക്കണോ, കുറ്റകൃത്യം ആവർത്തിക്കില്ലെന്ന ബോണ്ട് വെക്കണോ എന്നത് കലക്ടറുടെ തീരുമാനത്തിനനുസരിച്ചാണ്. എറണാകുളം  ഊന്നുകൽ സിഐയെ ഭീഷണിപ്പെടുത്തിയ കേസിൽ കൂടുതൽ വകുപ്പുകൾ ചുമത്താൻ പൊലീസ് നീക്കവും തുടങ്ങിയിട്ടുണ്ട്. BNS 351(3) പ്രകാരമുള്ള ഗുരുതരമായ ക്രിമിനൽ ഭീഷണിപ്പെടുത്തൽ വകുപ്പു കൂടി ചുമത്താൻ ആണ് ആലോചന.

അതേസമയം, പിടിയിലാകുന്നതിനു മുൻപ് അർജുൻ ആയങ്കി മൂന്നുദിവസം പൊലീസിന്റെ മൂക്കിൻതുമ്പിലൂടെ കണ്ണൂരിൽ കറങ്ങി നടന്നു എന്ന് കണ്ടെത്തി. ഇന്നലെ പിടിയിലാകുന്നതിന് മൂന്നുദിവസം മുൻപ് കണ്ണൂരിൽ അർജുൻ ആയെങ്കി എത്തിയിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം. അഞ്ചാം തീയതി അഴീക്കോട്ട വീട്ടിൽ താമസിച്ചു. ആറാം തീയതി സുഹൃത്ത് പ്രണവിനും ബന്ധു കുട്ടനും ഒപ്പം മട്ടന്നൂർ ചാലോട് തോട്ടട എന്നിവിടങ്ങളിൽ കറങ്ങി . സുഹൃത്തുക്കളുടെ ജോലി സ്ഥലങ്ങളിലേക്കാണ് കാറിൽ സഞ്ചരിച്ചത്. ആളുകൾ കാണാതിരിക്കാൻ കാറിൽ നിന്ന് പുറത്തിറങ്ങിയിരുന്നില്ല. ആറാം തീയതി രാത്രി തളിപ്പറമ്പിൽ ലോഡ്ജിൽ മുറിയെടുത്ത ആയങ്കി ഏഴാം തീയതിയും എട്ടിന് ഉച്ചവരെയും മുറിയിൽ തുടർന്നു. പിന്നീടാണ് ഓട്ടോ വിളിച്ച് പയ്യന്നൂർ ഭാഗത്തേക്ക് പോവുകയും സുഹൃത്തിന്റെ കാറിൽ കണ്ണൂർ ടൗണിലെ അഭിഭാഷകയുടെ ഫ്ലാറ്റിൽ എത്തുകയും ചെയ്യുന്നത്. കാണാം ലോ ആന്‍ഡ് ഓര്‍ഡര്‍.

ENGLISH SUMMARY:

Arjun Ayanki has finally been apprehended, marking a significant development in the ongoing investigation. The police are now deliberating on the next steps, including the potential imposition of the KAAPA act, with a final decision expected within a week.