കേരള കോൺഗ്രസ് എം മല്‍സരിക്കുന്ന പെരുമ്പാവൂർ സീറ്റ് പാർട്ടി ഏറ്റെടുക്കണമെന്ന് ഒരുവിഭാഗം സിപിഎം നേതാക്കൾ. പെരുമ്പാവൂരിൽ പാർട്ടി സ്ഥാനാർഥിയെ നിർത്തിയാൽ ജയിക്കാം എന്ന പ്രതീക്ഷയാണ് സിപിഎം പ്രാദേശിക നേതൃത്വം നല്‍കുന്നത്. സ്ഥാനാര്‍ഥിക്കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ലെങ്കിലും വിഷയം ഗൗരവമായി പരിഗണിക്കാനാണ് സിപിഎമ്മിന്‍റെയും തീരുമാനം. വരുംദിവസങ്ങളില്‍ എല്‍ഡിഎഫില്‍ ഇത് സംബന്ധിച്ച ചര്‍ച്ചകളും ഉണ്ടാകും.
അതേസമയം, നിലവില്‍ സീറ്റ് കേരളാ കോണ്‍ഗ്രസ് എമ്മിന്‍റേതാണെന്നും ആ നില തുടര്‍ന്നാല്‍ താന്‍ തന്നെ സ്ഥാനാര്‍ഥിയാകുമെന്നുമാണ് ബാബു ജോസഫ് പ്രതീക്ഷിക്കുന്നത്. എതിര്‍പ്പുകള്‍ മറികടന്ന് പ്രാരംഭ പ്രവര്‍ത്തനങ്ങളും മുന്നൊരുക്കവും നടത്തിവരികയാണ്. കഴിഞ്ഞ പ്രാവശ്യം നേരിയ മാര്‍ജിനിലാണ് തോറ്റതെന്നതിനാല്‍ ഇക്കുറി ജയിക്കാമെന്നാണ് ബാബു ജോസഫിന്‍റെ കണക്കുകൂട്ടല്‍.
എന്നാൽ 2021ലെ തോൽവിയിൽ ബാബു ജോസഫിന്റെ പരാതിയിൽ, അന്വേഷണക്കമിഷൻ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ പെരുമ്പാവൂരിൽ കടുത്തനടപടി നേരിട്ട ഒരുകൂട്ടം സിപിഎം നേതാക്കളുണ്ട് പെരുമ്പാവൂരിൽ. നേതൃനിരയിൽ നിന്ന് കേവലം പാർട്ടി മെമ്പർഷിപ്പിലേക്ക് ഒതുങ്ങിയവർ. ബാബു ജോസഫ് വീണ്ടും സ്ഥാനാർഥിയായി എത്തിയാൽ അവരുടെ നിലപാട് എന്താകും എന്ന ആശങ്ക നിലവിൽ എൽഡിഎഫിൽ ഉണ്ട്. ഈ സംശയം കേരള കോൺഗ്രസിലെ ചിലരും ഉയർത്തുന്നുണ്ട്. ഇതിന് പുറമെ സീറ്റില്‍ കണ്ണുവച്ച് കേരള കോണ്‍ഗ്രസിലെ ചില നേതാക്കളും രംഗത്തുണ്ട്. ഈ സാഹചര്യത്തിലാണ് സീറ്റ് സിപിഎം ഏറ്റെടുക്കണമെന്ന ആവശ്യം ഉയരുന്നത്.