രാഷ്ട്രീയ വിവാദങ്ങളിൽ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പിന്തുണയുമായി സിപിഎം ആലപ്പുഴ ജില്ലാ നേതൃത്വം. വെള്ളാപ്പള്ളി പറയുന്ന ചില കാര്യങ്ങളിൽ വസ്തുതയുണ്ടെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍.നാസര്‍. മുസ്ലിം ലീഗിനെതിരെ അദ്ദേഹം പറയുന്ന ചില കാര്യങ്ങൾ ശരിയാണ്. മുസ്ലിം സമുദായത്തിന് എതിരല്ല തന്‍റെ നിലപാട് എന്ന് വെള്ളാപ്പള്ളി തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം മനോരമന്യൂസിനോട് പറഞ്ഞു. ചില കാര്യങ്ങൾ പറയുമ്പോൾ ശ്രദ്ധിക്കണമെന്ന് പരസ്യമായി മുഖ്യമന്ത്രി തന്നെ അദ്ദേഹത്തെ തിരുത്തിയിരുന്നു. യുഡിഎഫ് അധികാരത്തിൽ വരുമ്പോൾ ലീഗ് ആധിപത്യം പുലർത്തി നേട്ടങ്ങൾ സ്വന്തമാക്കുന്നു എന്ന് വെള്ളാപ്പള്ളി പറഞ്ഞത് വസ്തുതയാണ്. അതേസമയം, മാധ്യമപ്രവർത്തകനെ തീവ്രവാദി എന്ന് വിളിച്ചത് ശരിയായില്ലെന്നും നാസർ വിശദീകരിച്ചു.
ആലപ്പുഴയിൽ തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് താഴേത്തട്ടിലെ സംഘടനാ ദൗർബല്യം കാരണമായെന്നും ജില്ലാ നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. അമിത ആത്മവിശ്വാസവും വിനയായി. തിരിച്ചടി നഗര മേഖലകളിലുണ്ട്. 17 പഞ്ചായത്തുകളിൽ ഭരണം നഷ്ടമായത് നിസാര വോട്ടുകൾക്ക് വാർഡുകളിൽ പരാജയപ്പെട്ടതുകൊണ്ടാണ്. വോട്ടർ പട്ടികയിൽ പേര് ചേർക്കൽ നടപടികൾ നടന്നില്ല. ചില സ്ഥലങ്ങളില്‍ കറതീർന്ന പാർട്ടി പ്രവർത്തകർക്ക് വോട്ടുണ്ടായില്ല. ചില സ്ഥലങ്ങളിൽ പ്രായമുള്ളവരെ വോട്ടു ചെയ്യിക്കാനെത്തിക്കുന്നതിൽ വീഴ്ചയുണ്ടായി. ഈ അലസത തിരിച്ചടിയുണ്ടാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.