ശബരിമലയിൽ പാണ്ടിത്താവളത്തിന് സമീപം ആശങ്ക കൂട്ടി കാട്ടാനക്കൂട്ടം. അയ്യപ്പ ഭക്തര്‍ വിശ്രമിക്കുന്നതിന്റെ മീറ്ററുകൾ മാത്രം മാറിയാണ് പുലർച്ചെയോടെ കുട്ടി ഉൾപ്പെടെയുള്ള കാട്ടാനക്കൂട്ടമിറങ്ങിയത്. ആനക്കൂട്ടത്തിന്റെയും വനപാലകരെത്തി പടക്കം പൊട്ടിച്ച് ആനയെ തുരത്തുന്നതിന്റെയും ദൃശ്യങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു. പാണ്ടിത്താവളത്തെ ജലസംഭരണിക്ക് സമീപത്താണ് ആനയിറങ്ങിയത്. ഉരൽക്കുഴി ഭാഗത്തേക്ക് കുടിവെള്ളം തേടിയിറങ്ങിയ ആനക്കൂട്ടം പൊലീസിന്‍റെ താല്‍കാലിക ഷെഡിനെ വലം വച്ചതല്ലാതെ ഇക്കുറി തരിപ്പണമാക്കിയില്ല.
താഴേക്ക് നീങ്ങിയാല്‍ ആദ്യം നിരവധി പൊലീസുകാരുള്ള പട്രോളിങ് പോയിന്‍റ്, അവിടെ നിന്നും വെറും 100 മീറ്റര്‍ മാത്രമകലെ ആയിരത്തിലേറെ സ്വാമിമാര്‍ വിശ്രമിക്കുന്ന സ്ഥലം. ആശങ്കയേറിയ മണിക്കൂറുകള്‍ക്കൊടുവില്‍ വനപാലകര്‍ പടക്കം പൊട്ടിച്ച് ആനകളെ തുരത്തി. ഒറ്റയാന്‍ ഉള്‍പ്പടെ കൂടുതല്‍ ആനകള്‍ പാണ്ടിത്താവളത്തിന് പരിസരത്തുണ്ടെന്നും വനപാലകര്‍ മുന്നറിയിപ്പ് നല്‍കുന്നു. പുല്ലുമേട് വഴി കാനന പാതയിലൂടെ വരുന്ന സ്വാമിമാരും ഉരൽക്കുഴിയിലേക്ക് കുളിക്കാനിറങ്ങുന്നവരും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്.