മുസ്ലിം ലീഗിനെതിരെ തുറന്നടിച്ച് വീണ്ടും വെള്ളാപ്പള്ളി നടേശന്‍. മത കലഹമുണ്ടാക്കാന്‍ ലീഗ് ശ്രമിക്കുകയാണ്. മാറാട് ആവര്‍ത്തിക്കാനാണ് ശ്രമം. മുസ്ലിം സമുദായത്തെ ഈഴവര്‍ക്കെതിരെ തിരിക്കാന്‍ നോക്കുന്നുവെന്നും വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു. ലീഗ് സാമൂഹിക നീതി നടപ്പിലാക്കിയില്ലെന്നും മലപ്പുറത്ത് മുസ്ലിം സമുദായത്തിന് മുട്ടിന് മുട്ടിന് കോളജുണ്ട്. ഈഴവ സമുദായത്തിന് നല്‍കിയത് ഒരു എയ്ഡഡ് കോളജാണ്. ഭരണത്തിലിരുന്നപ്പോള്‍ ലീഗ് എന്ത് ചെയ്തുവെന്ന് ആത്മപരിശോധന നടത്താന്‍ വെല്ലുവിളിക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. താന്‍ സത്യം പറഞ്ഞതിന് തന്നെ വേട്ടയാടുകയാണെന്നും അദ്ദേഹം വാദിക്കുന്നു. തിരഞ്ഞെടുപ്പിലെ തോല്‍വി സിപിഐ പരിശോധിക്കണമെന്ന് വിമര്‍ശനം ഉയര്‍ത്തിയ വെള്ളാപ്പള്ളി താന്‍ പിണറായിയുടെ ജിഹ്വയല്ലെന്നും പ്രശ്നാധിഷ്ഠിത പിന്തുണ മാത്രമാണ് നല്‍കുന്നതെന്നും പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രിക്കൊപ്പമുള്ള കാര്‍ യാത്ര വിവാദമായത് അപഹാസ്യമാണെന്ന് വ്യക്തമാക്കി എസ്എന്‍ഡിപി മുഖപത്രം യോഗനാദത്തില്‍ ലേഖനം . അധസ്ഥിത സമൂഹത്തോടുള്ള അസഹിഷ്ണുത തുടരുകയാണ്. അയിത്തത്തിന്‍റെ വൃത്തികെട്ട മുഖമാണ് വെളിവായതെന്നും പിന്നാക്കക്കാരന്‍ കാറില്‍ കയറിയതാണ് പരിഹാസത്തിന് കാരണമെന്നും എഡിറ്റോറിയലില്‍ പറയുന്നു. പാവപ്പെട്ട സമുദായത്തിന്‍റെ നേതാവാണ് വെള്ളാപ്പള്ളിയെന്നും യോഗനാദം എഴുതിയിട്ടുണ്ട്.
വെള്ളാപ്പള്ളി നടേശന്‍ വര്‍ഗീയവാദിയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ആവര്‍ത്തിച്ചു. 'ഒരു കാര്യം പറഞ്ഞാല്‍ ഉടനെ ഒരാള്‍ വര്‍ഗീയവാദിയാകുമോ?' സിപിഎമ്മിന്‍റെ ബ്രാഞ്ചിലോ ലോക്കല്‍ കമ്മിറ്റിയിലോ ഉള്ളയാളല്ല വെള്ളാപ്പള്ളി. വെള്ളാപ്പള്ളിയുടെ മതനിരപേക്ഷ നിലപാടുകളെ അംഗീകരിക്കും അതിന് വിരുദ്ധമായ നിലപാടുകളെ സിപിഎം അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മലപ്പുറത്ത് എസ്.എന്‍.ഡി.പിക്ക് സ്കൂള്‍ തുടങ്ങാന്‍ പ്രയാസമുണ്ടെങ്കില്‍ സര്‍ക്കാരുമായി ഇടപെടല്‍ നടത്തി പരിഹരിക്കണമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.