ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കൂറുമാറി എല്‍ഡിഎഫിന് വോട്ടുചെയ്യാന്‍ സിപിഎം 50 ലക്ഷം രൂപ കോഴ വാഗ്ദാനം ചെയ്തതായി ലീഗ് സ്വതന്ത്രന്‍ പറയുന്ന ശബ്ദരേഖ മനോരമ ന്യൂസിന്. വടക്കാഞ്ചേരി ബ്ലോക്ക് തളി ഡിവിഷനില്‍നിന്ന് വിജയിച്ച ഇ.യു. ജാഫര്‍ കോണ്‍ഗ്രസ് നേതാവിനോട് നടത്തിയ വെളിപ്പെടുത്തലാണ് പുറത്തായത്. പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന് തലേന്നായിരുന്നു സംസാരം. എല്‍ഡിഎഫിനും യുഡിഎഫിനും ഏഴ് വീതം അംഗങ്ങള്‍ ഉണ്ടായിരുന്ന ബ്ലോക്ക് പഞ്ചായത്തില്‍ ജാഫര്‍ കൂറുമാറി വോട്ട് ചെയ്തതോടെ എല്‍ഡിഎഫ് വിജയിച്ചിരുന്നു. അടുത്ത ദിവസം ജാഫര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ചിരുന്നു.
'എന്‍റെ ലൈഫ് സെറ്റിലാക്കാന്‍ വേണ്ടിയിട്ടാണ് ഞാന്‍ ജീവിക്കുന്നത്. അതിനുള്ള ഒരു ഓപ്ഷന്‍ വരികയാണ്. ഇവിടേ..50 ലക്ഷമാണിപ്പോ ഓഫര്‍ കിടക്കുന്നത്. ഒന്നും രണ്ടും റുപ്യ അല്ല. ഇയ്യാണേല്‍ അന്‍റെ കണ്ണ് മഞ്ഞളിക്കും. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിന്‍റെ പ്രസിഡന്‍റ്. പ്രസിഡന്‍റെന്ന് പറയുമ്പോ നീ എന്താ വിചാരിച്ചത്? അതിന്‍റെ പവറെന്താണെന്ന് നിനക്കറിയോ? ഇപ്പോ ഇങ്ങളെ കൂടെ നിന്നാ അത് നറുക്കെടുത്താലേ കിട്ട്വൊള്ളൂ. ഇതാകുമ്പോ ഒന്നും അറിയണ്ട. നമ്മളവിടെ ചെന്ന് കസേരയില്‍ കയറി ഇരുന്നാല്‍ മതി. പൈസയൊക്കെ കിട്ടിയാല്‍ നമ്മള് സേഫാകൂലോ. പിന്നെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങേണ്ട ആവശ്യോല്ലല്ലോ. അതുകൊണ്ടാ ഞാന്‍ പറഞ്ഞത്. ഇപ്പോ എനിക്കൊരു ഓപ്ഷന്‍ കിട്ടീട്ടുണ്ട്' എന്നാണ് ജാഫര്‍ പറയുന്നത്. ശബ്ദ സന്ദേശം പുറത്തുവന്നതിന് പിന്നാലെ വിജിലന്‍സ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.