വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കൂറുമാറി എല്‍ഡിഎഫിന് വോട്ട് ചെയ്യാന്‍ 50 ലക്ഷം രൂപ കോഴ വാഗ്ദാനമുണ്ടായെന്ന വെളിപ്പെടുത്തലില്‍ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. 50 ലക്ഷം കൊടുത്ത് ആളെ പിടിക്കേണ്ട ആവശ്യമില്ലെന്നും കുതിരക്കച്ചവടം സിപിഎമ്മിനില്ലെന്നും അദ്ദേഹം കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിച്ചു. അന്വേഷണം നടക്കട്ടെയെന്നും തെളിഞ്ഞാല്‍ പാര്‍ട്ടി നടപടി സ്വീകരിക്കുമെന്നും ഗോവിന്ദന്‍ പറഞ്ഞു. 15 വര്‍ഷമായി എല്‍ഡിഎഫ് ഭരണത്തിലാണ് വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത്.2020 ല്‍ 13 ല്‍ 11ഉം എല്‍ഡിഎഫ് നേടിയിരുന്നു. ഇക്കുറി തുല്യനില ആയതോടെയാണ് ഭരണം നിലനിര്‍ത്താന്‍ കുതിരക്കച്ചവടം നടന്നതെന്നാണ് നിഗമനം.
സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയംഗവും മുന്‍ ജില്ലാ സെക്രട്ടറിയുമായ കെ.വി.നഫീസയാണ് ജാഫറിന്‍റെ വോട്ടിലൂടെ ജയിച്ച് പ്രസിഡന്‍റായത്. ഒന്നുകില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാക്കാമെന്നും അല്ലെങ്കില്‍ 50 ലക്ഷം രൂപ സ്വീകരിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് വോട്ട് നല്‍കാമെന്നുമായിരുന്നു സിപിഎം മുന്നോട്ട് വച്ച ഓഫറെന്നായിരുന്നു ലീഗ് സ്വതന്ത്രനായ ഇ.യു.ജാഫര്‍ വെളിപ്പെടുത്തിയത്. പണം കിട്ടിയാല്‍ താന്‍ രാജി വച്ച് രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും ജാഫര്‍ കോണ്‍ഗ്രസ് വരവൂര്‍ മണ്ഡലം പ്രസിഡന്‍റായ സുഹൃത്ത് മുസ്തഫയോട് വെളിപ്പെടുത്തിയിരുന്നു. 31 വോട്ടിന് തിരഞ്ഞെടുപ്പില്‍ വിജയിച്ച ജാഫര്‍ പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന് പിന്നാലെ രാജി വയ്ക്കുകയും ചെയ്തു.
പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട യുഡിഎഫിലെ പി.ഐ.ഷാനവാസാണ് വിവാദ ശബ്ദസന്ദേശം പുറത്തുവിട്ടത്. ജാഫര്‍ ഇക്കാര്യം തന്നോട് സംസാരിച്ചതാണെന്ന് മുസ്തഫയും സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഫോണിലൂടെ താന്‍ തമാശയ്ക്ക് പറഞ്ഞതാണെന്നായിരുന്നു ജാഫറിന്‍റെ വിശദീകരണം. വിജിലന്‍സ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ജാഫര്‍ ഒളിവില്‍ പോയി.