സംസ്ഥാനത്ത് റെയില്‍വേ സ്റ്റേഷന്‍റെ സമീപ പ്രദേശങ്ങളില്‍ നിന്നും 17 ബവ്റിജസ് ഔട്ട്ലെറ്റുകള്‍ മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് റെയില്‍വേ. ശ്രീക്കുട്ടിയെന്ന പെണ്‍കുട്ടിയെ മദ്യപന്‍ ട്രെയിനില്‍ നിന്ന് തള്ളിയിട്ട സംഭവത്തിന് പിന്നാലെയാണ് റെയില്‍വേ സ്റ്റേഷന്‍റെ പരിസരങ്ങളില്‍ നിന്ന് മദ്യവില്‍പ്പന ശാലകള്‍ മാറ്റണമെന്ന ആവശ്യവുമായി റെയില്‍വേ രംഗത്തെത്തിയത്. ഇതനുസരിച്ച് കോട്ടയത്ത് നിന്നും ആറും തിരുവനന്തപുരത്തും കൊച്ചിയിലും മൂന്ന് ഔട്ട്ലറ്റുകള്‍ വീതവും മാറ്റേണ്ടി വരും.
എന്നാല്‍ മദ്യപര്‍ ട്രെയിനില്‍ കയറുന്നത് തടയേണ്ടത് റെയില്‍വേ ആണെന്ന് ചൂണ്ടിക്കാട്ടി ബവ്കോ ഈ ആവശ്യം തള്ളി. കത്തുകളുടെ പകര്‍പ്പുകള്‍ മനോരമ മന്യൂസിന് ലഭിച്ചു. അതേസമയം ബവ്റിജസ് ഔട്ട്ലെറ്റുകള്‍ മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട റെയില്‍വേ ബാറുകളുടെ കാര്യത്തില്‍ മൗനം പാലിക്കുകയാണ്. സംസ്ഥാനത്തെ റെയില്‍വേ സ്റ്റേഷന്‍റെ സമീപ പ്രദേശങ്ങളില്‍ ബവ്റിജസ് ഔട്ട്ലെറ്റുകളേക്കാള്‍ ഏറെയുള്ളത് ബാറുകളാണ്.
ശ്രീക്കുട്ടിയെ മദ്യപന്‍ ട്രെയിനില്‍ നിന്ന് തള്ളിയിട്ട സംഭവത്തില്‍ പ്രതി മദ്യപിച്ചത് 12 കിലോമീറ്റർ അകലെയുള്ള ബാറിൽ നിന്നാണ്. മാത്രമല്ല ട്രെയിനിലും മറ്റും യാത്ര ചെയ്യുന്നവര്‍ക്ക് ബവ്റിജസ് ഔട്ട്ലെറ്റുകളില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ എളുപ്പത്തില്‍ ബാറുകളില്‍ കയറി മദ്യപിക്കാന്‍ സാധിക്കും. ഈ സാഹചര്യത്തില്‍ റെയില്‍വേയുടെ നിലപാട് ഇരട്ടത്താപ്പാണെന്നാണ് വിമര്‍ശനം.