vishmupuram-chandrashekar

യുഡിഎഫിലേക്കില്ലെന്ന് കേരള കാമരാജ് കോണ്‍ഗ്രസ് അധ്യക്ഷന്‍ വിഷ്ണുപുരം ചന്ദ്രശേഖരന്‍. എന്‍ഡിഎയില്‍ അതൃപ്തിയുണ്ടെങ്കിലും യുഡിഎഫില്‍ ചേരാന്‍ അപേക്ഷ നല്‍കിയിട്ടില്ല. അപേക്ഷയുണ്ടെങ്കില്‍ പുറത്തുവിടണമെന്നും വിഷ്ണുപുരം ചന്ദ്രശേഖരന്‍ വെല്ലുവിളിച്ചു. തനിക്ക് സംഘപരിവാര്‍ പശ്ചാത്തലമാണ്. സ്വയം സേവനകനാണ്. എന്‍ഡിഎയില്‍ അതൃപ്തിയുണ്ട്. ഘടകകക്ഷികള്‍ക്ക് വോട്ട് ചെയ്യാന്‍ ബിജെപിക്ക് മടിയാണ്. വിഷയം എന്‍ഡിഎയില്‍ ഉന്നയിക്കും. പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും താന്‍ എന്‍ഡിഎ വൈസ് ചെയര്‍മാനാണെന്നും വിഷ്ണുപുരം ചന്ദ്രശേഖര്‍ പറഞ്ഞു. പി.വി.അന്‍വറിനും സി.കെ.ജാനുവിന്റെ പാര്‍ട്ടിക്കും യുഡിഎഫില്‍ അസോഷ്യേറ്റ് അംഗത്വം നല്‍കുമെന്ന് പ്രഖ്യാപിച്ച വിഡി സതീശനാണ് വിഷ്ണുപുരം ചന്ദ്രശേഖരനും യു.ഡി.എഫിലേക്ക് എത്തുമെന്ന് പറഞ്ഞത്. 

Also Read: പി.വി.അന്‍വറും സി.കെ. ജാനുവും യുഡിഎഫിലേക്ക്; അസോഷ്യേറ്റ് അംഗത്വം നല്‍കും

യുഡിഎഫ് നേതാക്കളുമായി മൂന്ന് മാസം മുമ്പ് ആണ് സംസാരിച്ചത്. എന്നാല്‍ കാമരാജ് കോൺഗ്രസ് ഒരു അപേക്ഷയും നൽകിയിട്ടില്ല. നാല് മാസം മുമ്പ് വി.ഡി സതീശനെ കണ്ടിരുന്നു. രമേശ് ചെന്നിത്തല, കെ മുരളീധരൻ എന്നിവരെയും കണ്ടിരുന്നു. എന്‍ഡിഎയിലെ അതൃപ്തി അവരോട് പറഞ്ഞിരുന്നു. ഒപ്പം നിൽക്കണം എന്ന് നേതാക്കൾ പറഞ്ഞിരുന്നു. എല്ലാം ഒറ്റക്ക് തിന്നാനുള്ള ആർത്തി ആണ് ബിജെപിക്ക്. ബിജെപിയുടെ അടിമയല്ല ഞാനെന്നും വിഷ്ണുപുരം ചന്ദ്രശേഖരന്‍ പറഞ്ഞു. 

വിഷ്ണുപുരം ചന്ദ്രശേഖരന്റെ നിലപാട് മാറ്റത്തിന്‍റെ പിന്‍മാറ്റത്തിന്റെ കാരണമറിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. സൗകര്യമില്ലെങ്കില്‍ വരേണ്ട. അത് അവരുടെ ഇഷ്ടമാണ്. നിരവധി തവണ ആവശ്യപ്പെട്ടിട്ടാണ് ഉള്‍പ്പെടുത്തിയത്. വരാനല്ലെങ്കില്‍ ഞങ്ങളെ കണ്ടതെന്തിനെന്നും സതീശന്‍ ചോദിച്ചു. 

അതേസമയം തൂക്കുസഭയില്‍ എല്‍ഡിഎഫുമായി സഹകരിക്കേണ്ടെന്നും യുഡിഎഫ് തീരുമാനിച്ചു. നിയമസഭാ സീറ്റ് വിഭജനം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് യോഗ ശേഷം വി.ഡി. സതീശന്‍ കൊച്ചിയില്‍ പറഞ്ഞു. പി.വി.അന്‍വറിനും സി.കെ.ജാനുവിന്‍റെ പാര്‍ട്ടിക്കും അസോഷ്യേറ്റ് അംഗത്വം നല്‍കാനാണ് യുഡിഎഫ് തീരുമാനിച്ചത്.  

ENGLISH SUMMARY:

Vishnupuram Chandrasekhar clarifies Kerala Kamaraj Congress's stance on joining UDF. Despite discontent with NDA, no application has been submitted to UDF, and he challenges anyone to produce such an application.