2025 ജനുവരി 15ന് രാവിലെ 9.30 ന് തൃശൂര്‍ നടത്തറ ദേശീയപാത സിഗ്നല്‍ ജംക്ഷനില്‍ വച്ചാണ് പടക്ക സാമഗ്രികളുമായി വന്ന കണ്ടെയ്നര്‍ ലോറിയ്ക്ക് തീപിടിച്ചത്. ആളുകള്‍ വീടുകളിലേക്ക് ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത പടക്ക സാമഗ്രികളായിരുന്നു നിറയെ. പിക്കപ്പ് വാനിലേയ്ക്കു മാറ്റുമ്പോള്‍ തീപിടിച്ചു. രണ്ടു വണ്ടികളും കത്തി. രണ്ടു വാഹനങ്ങളിലെ നാലു ജീവനക്കാര്‍ ഇപ്പോള്‍ ജയിലിലാണ്. നിയമലംഘിച്ച് ഓണ്‍ലൈനില്‍ പടക്കം വിറ്റെന്നാണ് കുറ്റം. തീപിടുത്തം നടന്നിട്ട് ഒരു മാസമായെങ്കിലും സംഭവം ഉയര്‍ത്തുന്ന മറ്റൊരു ആശങ്ക കൂടിയുണ്ട്. സുപ്രീംകോടതി നിരോധിച്ചിട്ടും ഓണ്‍ലൈനില്‍ തകൃതിയായി നടക്കുന്ന പടക്കവില്‍പന. ഒരു പടക്കക്കടയില്‍ എന്തെല്ലാം നേരില്‍ കിട്ടും അതെല്ലാം ഓണ്‍ലൈനിലും സുലഭമായി കിട്ടുമത്രേ.
ഇന്‍വെസ്റ്റിഗേഷന്‍റെ ഭാഗമായി, ശിവകാശിയിലെ കണ്ണന്‍ ക്രാക്കേഴ്സ് എന്ന കമ്പനിയുടെ വെബ്സൈറ്റില്‍ കയറി ഞങ്ങള്‍ പടക്കം ഓര്‍ഡര്‍ ചെയ്തു. പടക്കവും ഫാന്‍സി അമിട്ടുകളും ഓര്‍ഡര്‍ ചെയ്തു. 2,350 രൂപ ഓണ്‍ലൈന്‍ വഴി പേ ചെയ്തു. ഓരാഴ്ചത്തെ കാത്തിരിപ്പിനു ശേഷം പടക്ക കമ്പനിയുടെ പാഴ്സല്‍ വണ്ടിക്കാരന്‍ വിളിച്ചു. തൃശൂര്‍ നടത്തറ സിഗ്നല്‍ ജംക്ഷനില്‍ വരണം. ഒരു മാസം മുമ്പ് ഓണ്‍ലൈന്‍ പടക്ക വണ്ടി കത്തിയ അതേ സ്ഥലത്ത്. അതേ കച്ചവടം. വണ്ടിക്കാരന്‍ പിക്കപ്പ് വാനിന്‍റെ ടാര്‍പോളിന്‍ മാറ്റിയതിന് പിന്നാലെ കണ്ടത് അന്‍പതോളം പടക്ക പാഴ്സലുകള്‍.
സുപ്രീംകോടതി വിധിയുടെ നഗ്നമായ നിയമലംഘനമാണ് നടന്നുകൊണ്ടിരിക്കുന്നത്. 2015 ഒക്ടോബര്‍ 15 നാണ് ഓൺലൈൻ പടക്ക വിൽപന പൂർണ്ണമായും സുപ്രീംകോടതി നിരോധിക്കുന്നത്. പടക്കങ്ങളുടെ ഓൺലൈൻ വിൽപ്പന അനുവദിക്കില്ല, ഇ-കൊമേഴ്സ് വെബ്സൈറ്റുകൾ വഴിയുള്ള വിൽപ്പനയ്ക്ക് നിരോധനം, ഓൺലൈൻ വഴി വാങ്ങി വീട്ടിലെത്തിക്കുന്ന സംവിധാനം നിയമവിരുദ്ധം എന്നിങ്ങനെയണ് ഉത്തരവില്‍ പറയുന്നത്. ലൈസൻസ് ഉള്ള കടകളില്‍ മാത്രമേ പടക്ക വില്‍പന അനുവദിക്കൂ, കടയ്ക്ക് പ്രാദേശിക ഭരണകൂട അനുമതി നിർബന്ധം, ഇവിടെ നിന്ന് നേരിട്ട് പടക്കം വാങ്ങാം എന്നും ഉത്തരവിലുണ്ട്.
ഓണ്‍ലൈന്‍ പടക്ക ഇടപാടിന് ജനങ്ങള്‍ക്കിടയില്‍ പ്രിയം കൂടാന്‍ കാരണമെന്താണ്? വിലക്കുറവാണ് കാരണം. എന്നാല്‍ ഈ പടക്കങ്ങളുടെ കുറഞ്ഞ ഗുണനിലവാരം അപകട സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. വാങ്ങുന്ന സാധനത്തിന് എന്തെങ്കിലും അപാകതയുണ്ടെങ്കില്‍ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ആരുമുണ്ടാകില്ലതാനും.
കോടതിയും പൊലീസും ഇടപ്പെട്ടിട്ടും എന്തുക്കൊണ്ട് ഈ ഓണ്‍ലൈന്‍ പടക്കവില്‍പന തുടരുന്നു? പൊലീസിന്‍റെ തുടരന്വേഷണത്തിന് കൈമാറാനായി ഈ പടക്കങ്ങള്‍ മനോരമ ന്യൂസ് സംഘം സൂക്ഷിച്ചിട്ടുണ്ട്. ദേശീയപാതകളില്‍ അലക്ഷ്യമായി, അപടകരമായി തലങ്ങും വിലങ്ങും പായുന്ന ഓണ്‍ലൈന്‍ പടക്ക പാഴ്സല്‍ വണ്ടികള്‍ ജീവനു ഭീഷണിയാണെന്ന കാര്യത്തില്‍ സംശയമില്ല. ഇതിനു തടയിട്ടേ തീരൂ.