ഡിസിസി പ്രസിഡന്‍റിന്‍റെ ബന്ധുവിനെ സ്ഥാനാർഥിയാക്കിയതിൽ ഇടുക്കിയിൽ വ്യാപക പ്രതിഷേധം. ഡിസിസി പ്രസിഡന്‍റ് സി പി മാത്യുവിന്‍റെ ഭാര്യ സഹോദരനാണ് മത്സരിക്കുന്നത്. സ്ഥാനാർഥിത്വത്തിൽ പ്രതിഷേധിച്ച് പ്രവർത്തകർ രംഗത്ത് വന്നതോടെ നേതൃത്വം അനുനയപ്പിക്കാനുള്ള ശ്രമം തുടങ്ങി.
സിപി മാത്യുവിന്‍റെ ഭാര്യ സഹോദരൻ ലാലു ജോസഫ് ഇളംദേശം ബ്ലോക്കിൽ നെയ്യശ്ശേരി ഡിവിഷനിലാണ് മത്സരിക്കുന്നത്. പ്രാദേശിക നേതൃത്വം ഡിസിസിക്ക് സമർപ്പിച്ച പട്ടികയിൽ ലാലുവിന്റെ പേരില്ല. എന്നാൽ ഇത് മറികടന്ന് ലാലുവിനെ സ്ഥാനാർഥിയാക്കിയത് സിപി മാത്യുവിന്‍റെ ഇടപെടലിനെ തുടർന്നാണെന്നാണ് ആരോപണം. പാർട്ടിയിൽ സജീവ പ്രവർത്തകനായ തന്‍റെ സ്ഥാനാർത്ഥിത്വം നേതൃത്വത്തിന്‍റെ തീരുമാനമാണെന്നാണ് ലാലുവിന്‍റെ വിശദീകരണം.
ലാലുവിനെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ച് കെപിസിസി നേതൃത്വത്തിന് പ്രാദേശിക നേതാക്കൾ രേഖാമൂലം പരാതി നൽകിയിട്ടുണ്ട്. കോൺഗ്രസിലെ പടല പിണക്കം വോട്ടാകുമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം.