പാലക്കാട് എം.പി വി.കെ.ശ്രീകണ്ഠനെ വിമർശിച്ച വി.ഡി.സതീശനെതിരെ അമർഷം പുകയുന്നു. 'പൊളിറ്റിക്കലി ഇൻകറക്റ്റ്' അടക്കം മാധ്യമങ്ങൾക്ക് മുന്നിൽ നടത്തിയ പരാമർശം അതിരുകടന്നെന്നാണ് ജില്ലയിൽ നിന്നുള്ള നേതാക്കളുടെ പക്ഷം. വിഷയം കെപിസിസിയുടെ ശ്രദ്ധയിൽപ്പടുത്തിയേക്കും.
അർധ വസ്ത്ര വിവാദത്തിൽ പാലക്കാട് എം.പി വി.കെ ശ്രീകണ്ഠനെ തള്ളിയും രൂക്ഷമായി വിമർശിച്ചുമാണ് പാലക്കാട്ടെ നേതാക്കളുടെ അതൃപ്തിക്ക് ഇടയാക്കിയത്. രാഹുൽ മാങ്കൂട്ടത്തിലിനു നേരെയുള്ള വിവാദങ്ങളിൽ പ്രതികരിക്കവേയുണ്ടായ അധിക്ഷേപം ശ്രീകണ്ഠൻ വേഗത്തിൽ തിരുത്തിയെങ്കിലും അതേ ചൊല്ലിയുള്ള അസ്വാരസ്യം ജില്ലയിൽ തുടരുന്നുണ്ട്. ജില്ലയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട നേതാവും എം.പിയുമായ ശ്രീകണ്ഠനെ പറ്റി സതീശൻ പൊതുമധ്യത്തിൽ ഉയർത്തിയ വിമർശനസ്വരത്തിനു ഇത്രയും കടുപ്പംവേണ്ടിയിരുന്നില്ലെന്നാണ് ആക്ഷേപം. Also Read: രാഹുൽ ചാപ്റ്റർ അടയ്ക്കാൻ കോണ്‍ഗ്രസ് ഒറ്റക്കെട്ട്; ഭാവി സാധ്യതകൾ ഇങ്ങനെ
പാലക്കാട് ഉപ തിരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തലിനെ സ്ഥാനാർഥിയാക്കരുതെന്ന് ശ്രീകണ്ഠൻ എ.ഐ.സി.സിയെ അറിയിച്ചിരുന്നതാണ്. പാർട്ടി അത് അംഗീകരിച്ചില്ല. തിരഞ്ഞെടുപ്പിലും തുടർന്നങ്ങോട്ടും പാർട്ടിക്കൊപ്പം ശ്രീകണ്ഠൻ പൂർണമായി മുന്നോട്ടു പോയതാണ്. എന്നിട്ടും മുഖമടച്ചുള്ള ഈ വിമർശനം ശരിയായില്ലെന്നും അപക്വമാണെന്നുമാണ് ജില്ലയിൽ നിന്നുള്ള മിക്ക നേതാക്കളുടെയും വികാരം. സതീശന്റെ പ്രതികരണത്തിൽ ശ്രീകണ്ഠനും നേതാക്കളും കെ.പി.സി.സിയോട് അതൃപ്തി അറിയിക്കുമെന്നാണ് വിവരം.