മഞ്ഞുരുക്കത്തിന് പിന്നാലെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം വേദി പങ്കിട്ട് ശശി തരൂര്‍ എം.പി. കെപിസിസിയുടെ ഗാന്ധി രക്തസാക്ഷി ദിനാചരണത്തിലാണ് പ്രധാന നേതാക്കള്‍ക്കൊപ്പം തരൂര്‍ പങ്കെടുത്തത്. കഴിഞ്ഞ കാര്യങ്ങളെ കുറിച്ച് പറയാനില്ലെന്നും ഇനി സ്നേഹത്തില്‍ മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയില്‍ ഇന്നലെ രാഹുല്‍ ഗാന്ധിയുമായും മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുമായി നടത്തിയ ചര്‍ച്ചയില്‍ ഉണ്ടായ മഞ്ഞുരുക്കത്തിന് പിന്നാലെയാണ് ഇന്ന് കെ.പി.സി.സി ആസ്ഥാനത്ത് ഗാന്ധി രക്തസാക്ഷി ദിനാചരണ പരിപാടിയില്‍ ശശി തരൂര്‍ പങ്കെടുത്തത്. എ.കെ ആന്‍റണി, കെസി വേണുഗോപാല്‍, വി.ഡി സതീശന്‍, സണ്ണി ജോസഫ്, രമേശ് ചെന്നിത്തല തുടങ്ങിയ കേരളത്തിലെ പ്രധാന നേതാക്കള്‍ക്കൊപ്പമാണ് പിണക്കത്തിന് ശേഷമുള്ള തരൂരിന്‍റെ ആദ്യ വേദി പങ്കിടല്‍.
പാര്‍ട്ടിക്കൊപ്പം ഉറച്ച് നില്‍ക്കുമെന്ന് തരൂര്‍ വ്യക്തമാക്കി. തരൂര്‍ കോണ്‍ഗ്രസിന്‍റെ അഭിമാനമാണെന്ന് പുകഴ്ത്തി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ രംഗത്തെത്തി. തരൂര്‍ പാര്‍ട്ടി വിടുമെന്ന അഭ്യൂഹങ്ങള്‍ മാധ്യമ സൃഷ്ടിയെന്നും നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അദ്ദേഹം മുന്‍നിരയിലുണ്ടാകുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞു.