വിഴുപ്പു ചുമക്കേണ്ടെന്നും രാഹുൽ മാങ്കൂട്ടത്തില്‍ എംഎൽഎ സ്ഥാനം രാജി വയ്ക്കണമെന്നുമുള്ള കടുത്ത നിലപാടിൽ സംസ്ഥാന കോൺഗ്രസ് നേതൃത്വം ഒറ്റക്കെട്ട്. രാഹുലിന്‍റെ ഭാവി നേതാക്കള്‍ കൂടിയാലോചിച്ച് ഉടൻ തീരുമാനിക്കും. എന്നാൽ രാജിയാവശ്യം അവഗണിച്ച് പ്രതിരോധം തീർക്കുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ.
ഗർഭഛിദ്രത്തിന് പ്രേരിപ്പിച്ചതുൾപ്പെടെ ലൈംഗിക ആരോപണ പരമ്പരയ്ക്ക് പിന്നാലെ നാണം കെട്ട് രാജിവയ്ക്കേണ്ട ഗതികേടിലാണ് രാഹുൽ മാങ്കൂട്ടത്തിൽ. എം.എൽ.എ സ്ഥാനം തെറിപ്പിക്കണമെന്ന കാര്യത്തിൽ മുതിർന്ന നേതാക്കൾക്കെല്ലാം ഏകാഭിപ്രായം. വി.ഡി സതീശന്‍റെ ഉറച്ച നിലപാടിന് പിന്നാലെ രാഹുലിനെ ഉടൻ രാജി വയ്പ്പിക്കണമെന്ന് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. ഇരുവരും കെ.പി.സി.സി പ്രസിഡന്‍റ് സണ്ണി ജോസഫുമായി ആശയ വിനിമയം നടത്തി. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കുമെന്ന് കെപിസിസി അധ്യക്ഷൻ പ്രതികരിച്ചു.
ഇതെല്ലാം സൂചിപ്പിക്കുന്നത് രാഹുൽ ചാപ്റ്റർ അടയ്ക്കാൻ പാർട്ടി ഒറ്റക്കെട്ടായി തീരുമാനമെടുത്തുവെന്നു തന്നെ. എന്നാൽ പാലക്കാട് ഉപതിരഞ്ഞെടുപ്പ് അടിച്ചേല്‍പ്പിക്കരുതെന്ന നിലപാടും നേതൃത്വത്തിനുണ്ട്. അതിനാല്‍ നിയമോപദേശം തേടി. ജനപ്രാതിനിധ്യ നിയമനുസരിച്ച് നിലവിലെ നിയമസഭയ്ക്ക് ഒരു വർഷത്തിൽ താഴെ മാത്രം കാലാവധി ഉള്ളതിനാൽ ഉപതെരഞ്ഞെടുപ്പിന് സാധ്യതയില്ലെന്നാണ് വിദഗ്ധ അഭിപ്രായം.
ഇനി തിരഞ്ഞെടുപ്പ് ഉണ്ടാകുമെങ്കിൽ രാഹുലിനെ മാറ്റിനിർത്താൻ തീരുമാനമുണ്ടാകും. രാഹുൽ സ്ഥാനത്ത് തുടരുന്നത് വിവാദങ്ങൾ ശക്തിപ്രാപിക്കുന്നതിനും കൂടുതൽ ആരോപണങ്ങൾ ഉയരുന്നതിനും കാരണമാകുമെന്ന് നേതൃത്വം ഭയക്കുന്നുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിലും സിപിഎമ്മിലെയും ബിജെപിയിലെയും സമാന കേസുകളിൽ നിലപാട് എടുക്കുന്നതിലും പ്രതിസന്ധിയുണ്ടാകുമെന്നും പാർട്ടി വിലയിരുത്തുന്നു.
രാഹുലിന്‍റെ ഭാവി സാധ്യതകൾ ഇങ്ങനെയാണ്. ഒന്നുകില്‍ രാഹുൽ സ്വയം എം.എല്‍.എ രാജി വെക്കുക. രാജി വെയ്ക്കണമെന്ന് നേതൃത്വം പരസ്യ നിലപാടെടുക്കുകയാണ് രണ്ടാമത്തെ കാര്യം. ഇതിനൊക്കെ പുറമെയാണ് പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യാനുള്ള സാധ്യത. അങ്ങനെ വന്നാൽ കോൺഗ്രസ് നിയമസഭ കക്ഷി യോഗങ്ങളിലും രാഹുലിനെ പങ്കെടുപ്പിക്കില്ല.