മനോരമന്യൂസ് കോണ്‍ക്ലേവില്‍ കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ ഉയര്‍ത്തിയ വെല്ലുവിളികള്‍ക്കും ആരോപണങ്ങള്‍ക്കും കടുത്തഭാഷയില്‍ മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ അധികാരം പിടിക്കുമെന്നും തദ്ദേശ തിരഞ്ഞെടുപ്പില്‍ 25 ശതമാനം വോട്ടുപിടിക്കുമെന്ന അമിത് ഷായുടെ അവകാശവാദത്തിനും സ്വപ്നം കാണുന്നതിന് ആരും എതിരല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം കലര്‍ന്ന മറുപടി. വിരട്ടിയത് കൊണ്ടൊന്നും കേരളീയരെ സ്വാധീനിക്കാന്‍ കഴിയില്ലെന്നും അമിത് ഷാ നടത്തിയ വെല്ലുവിളിയെ കേരളീയ സമൂഹം ഗൗരവത്തില്‍ കാണുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജെപിക്ക് നല്‍കുന്ന ഓരോ വോട്ടും കേരളത്തിന്‍റെ തനിമ നഷ്ടപ്പെടുത്തുന്നാണെന്ന തിരിച്ചറിവിലാണ് ഓരോ കേരളീയനും ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്ക് വോട്ടു നല്‍കിയാല്‍ നാമിന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യങ്ങളെല്ലാം നഷ്ടപ്പെടും. ഇതെല്ലാം നമുക്ക് അനുഭവിക്കണം. അതാണ് ഏറ്റവും പ്രധാനമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. Also Read: സംവാദത്തിന് തയാറുണ്ടോ? പിണറായിയെ വെല്ലുവിളിച്ച് അമിത് ഷാ
സാധാരണജനങ്ങളില്‍ അശാന്തി പടര്‍ത്താനാണ് എക്കാലവും ആര്‍എസ്എസ് ശ്രമിച്ചതെന്നും കേരളത്തിന്‍റെ വികസനത്തിലെങ്ങും ആര്‍എസ്എസിന്‍റെ ഒരു പങ്കുമില്ലെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. മുഖ്യമന്ത്രിയുടെ പ്രസംഗത്തിലെ ഭാഗങ്ങളിങ്ങനെ..' കേരളത്തില്‍ വല്ലാതെ യാതനകള്‍ അനുഭവിച്ച സംഘടനയാണ് അദ്ദേഹത്തിന്‍റേതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. ആ കണക്ക് ഞാന്‍ പറയുന്നില്ല. അദ്ദേഹത്തിന് പ്രിയപ്പെട്ട സംഘടനയുടെ നേതൃത്വത്തിലാണ് അത് നടന്നത്. ആര്‍എസ്എസ് എന്താണെന്ന് കേരളത്തിന് നല്ല ബോധ്യമുണ്ടല്ലോ. അത് മറ്റൊരു തരത്തില്‍ ചിത്രീകരിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. ഇവിടെ വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടിയില്‍ പെട്ടവരെ കൊന്നൊടുക്കുന്നതാണോ ത്യാഗം? നാട് ഇന്ന് എത്തി നില്‍ക്കുന്ന ഈ അവസ്ഥയിലേക്ക് എത്താന്‍ എന്ത് സംഭാവനയാണ് ആര്‍എസ്എസ് നല്‍കിയിട്ടുള്ളത്. സാധാരണജനങ്ങളില്‍ അശാന്തി എങ്ങനെയുണ്ടാക്കാമെന്ന് മാത്രമാണ് അവര്‍ എല്ലാക്കാലത്തും ആലോചിച്ചിരുന്നത്. Also Read : വയനാടിന് ഒരു രൂപ നല്‍കിയില്ല; അപാരം തന്നെ; വികസനം എണ്ണിപ്പറഞ്ഞ് അമിത് ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരം പിടിക്കുമെന്നും തദ്ദേശ തിരഞ്ഞെടുപ്പില്‍ 25 ശതമാനം വോട്ടു നേടുമെന്നും അവകാശവാദം മുഴക്കി. സ്വപ്നം കാണുന്നതിന് ആരും എതിരല്ല. കേരളത്തിന് കേരളത്തിന്‍റേതായ രീതികളുണ്ട്. കേരളം കേരളമായതില്‍ നവോത്ഥാന പ്രസ്ഥാനങ്ങളുടെയും നായകന്‍മാരുടെയും പങ്ക് മറക്കാന്‍പറ്റില്ല. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാന്‍ ബിജെപി വന്നാല്‍ സ്വാതന്ത്ര്യമുണ്ടാകുമോ? വിശ്വാസികളായവര്‍ക്ക് ഏത് ആരാധനാലയത്തിലും പോകാന്‍ ബിജെപി വന്നാല്‍ ഉണ്ടാകുമോ? നാട്ടിലെ പട്ടികജാതി പട്ടികവര്‍ഗം ഏറ്റവും സംരക്ഷിക്കപ്പെടുന്നവരാണ്. ആ സംരക്ഷണം ബിജെപി വന്നാലുണ്ടാകുമോ? സ്ത്രീ സുരക്ഷ ഏറ്റവുമധികമുള്ള നാടാണ് കേരളം. അത് ബിജെപി വന്നാലുണ്ടാകുമോ? വ്യത്യസ്ത ജാതിമത വിഭാഗങ്ങള്‍ ഏകോദര സഹോദരങ്ങളായാണ് കേരളത്തില്‍ ജീവിക്കുന്നത്. സാധിക്കുമോ ബിജെപി വന്നാല്‍?
പോപ്പുലര്‍ ഫ്രണ്ടിനെ പ്രോല്‍സാഹിപ്പിച്ചെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പറയുന്നു. ആര് പ്രോല്‍സാഹിപ്പിച്ചെന്നാണ്? ഇപ്പോഴല്ലേ ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റുകളുമായി നിങ്ങള്‍ സഖ്യം ചേര്‍ന്നത്. ആര്‍എസ്എസിന് മാത്രമല്ല, എല്ലാ വര്‍ഗീയ ശക്തികള്‍ക്കും ഞങ്ങള്‍ എതിരാണ്. ജനങ്ങള്‍ക്ക് വേണ്ടിയുള്ള സര്‍ക്കാരാണ് കേരളത്തിലെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്.നിങ്ങളെ പോലെ കോര്‍പറേറ്റുകള്‍ക്ക് വേണ്ടിയുള്ളതല്ല. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് നീതി നിഷേധിക്കപ്പെടില്ലെന്ന് പറഞ്ഞതിനെ അതേ അര്‍ഥത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ എടുക്കാന്‍ പോകുകയാണ്. മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും ജയിലില്‍ അടച്ച് ഭരണ അസ്ഥിരത ഉണ്ടാക്കാന്‍ ഉള്ള ബില്ലിനെയും ന്യായീകരിക്കുന്നത് കണ്ടു. സുപ്രീംകോടതി അടക്കമുള്ള രാജ്യത്തെ പരമോന്നത കോടതി ഇത്തരം ഏജന്‍സികളെ രൂക്ഷമായി വിമര്‍ശിച്ചതാണ്. ബിഹാറില്‍ വോട്ടര്‍ പട്ടിക പുതുക്കലല്ല, പുറന്തള്ളലാണ് നടന്നതെന്നും മുഖ്യമന്ത്രി അമിത് ഷായ്ക്ക് മറുപടി നല്‍കി. കേരളിത്തിന്‍റെ വികസനത്തിന് പിന്തുണ നല്‍കേണ്ടിയിരുന്ന അമിത് ഷാ വെല്ലുവിളി ഉയര്‍ത്തിയാണ് മടങ്ങിപ്പോയത്. അത് തിരിച്ചറിയാന്‍ നമുക്ക് കഴിയണമെന്നും മുഖ്യമന്ത്രി കോണ്‍ക്ലേവ് വേദിയില്‍ പറഞ്ഞു.