ദേശീയപാത വികസനവും ഗെയിലും വിഴിഞ്ഞവുമുള്‍പ്പടെ സംസ്ഥാനത്തിന്‍റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മനോരമന്യൂസ് കോണ്‍ക്ലേവ് വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം നിക്ഷേപ സൗഹൃദമായി മാറിയെന്നും ഈസ് ഓഫ് ഡൂയിങ് ബിസിനസില്‍ ഒന്നാമതെത്തിയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ കമ്യൂണിസ്റ്റ് ആശയം പിന്നോട്ടടിച്ചുവെന്നും വികസനത്തില്‍ പിന്നാക്കം പോയെന്നുമുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാദങ്ങള്‍ക്ക് നേട്ടങ്ങള്‍ വിശദീകരിച്ചാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. ദുരന്തനിവാരണ ഫണ്ട് കേന്ദ്രസര്‍ക്കാരിന്‍റെ ഔദാര്യമല്ലെന്നും ധനകാര്യ കമ്മിഷന്‍റെ ശുപാര്‍ശയാണെന്നും അമിത് ഷായുടെ വെല്ലുവിളിക്ക് മുഖ്യമന്ത്രി മറുപടി നല്‍കി. മേപ്പാടി ദുരന്തബാധിതര്‍ക്ക് ഒരു രൂപ പോലും നല്‍കാതെ കേന്ദ്ര ഫണ്ട് തന്നുവെന്ന് പറയുന്ന കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നിലപാട് അപാരമെന്നും മുഖ്യമന്ത്രി. 'നമുക്ക് നാമേ തുണ' എന്ന അവസ്ഥയാണ് കേരളത്തിന്‍റേത്. പക്ഷേ മലയാളികളുടെ ഒത്തൊരുമ അതിജീവനത്തിന്‍റെ മറ്റൊരു പാത സൃഷ്ടിക്കാന്‍ നമുക്ക് കഴിഞ്ഞുവെന്നും മുഖ്യമന്ത്രി. യഥാര്‍ഥ കേരള സ്റ്റോറിയെന്തെന്ന് ഇവിടെ വ്യക്തമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. Also Read: സംവാദത്തിന് തയാറുണ്ടോ? പിണറായിയെ വെല്ലുവിളിച്ച് അമിത് ഷാ
മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ...'അമിത് ഷാ സംവാദത്തിന് ക്ഷണിച്ചുവെന്നാണ് കേട്ടത്. അദ്ദേഹം പറഞ്ഞത് , മോദി സര്‍ക്കാരാണ് ഏറ്റവുമധികം പണം നല്‍കിയതെന്നാണ്. ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുന്‍പ് കേന്ദ്ര സര്‍ക്കാര്‍ 1300 കോടി രൂപ നല്‍കിയെന്നും മോദി സര്‍ക്കാര്‍ വന്ന ശേഷം 5000 കോടിയിലേറെ നല്‍കിയെന്നും അദ്ദേഹം അവകാശപ്പെട്ടു. ഭരണഘടന അനുസരിച്ച് ധനകാര്യ കമ്മിഷനുകളെ നിയമിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നുണ്ട്. ഇത് ഒരു കേന്ദ്രസര്‍ക്കാരിന്‍റെയും ഔദാര്യമല്ല. 75:25 അനുപാതത്തിലാണ് ധനകാര്യ കമ്മിഷന്‍ ശുപാര്‍ശ അനുവദിച്ചുള്ള ഫണ്ട് അനുവദിക്കുന്നത്. ഇത് കേരളത്തിന് മാത്രം കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നതല്ല. ദുരന്തനിവാരണ ഫണ്ടിന്‍റെ വലിപ്പം നിശ്ചയിക്കുന്നത് കേന്ദ്രസര്‍ക്കാരല്ല, മറിച്ച് ധനകാര്യ കമ്മിഷനാണ്. അത് കേന്ദ്ര ആഭ്യന്തര മന്ത്രി ചിന്തിക്കേണ്ടിയിരുന്നു. ഇത് സംസ്ഥാന സര്‍ക്കാരിനോടുള്ള അവഹേളനം കൂടിയാണ്. ഒരു രൂപ പോലും അതിന്‍റെ ഭാഗമായി കേരളത്തിന് മാത്രമായി പ്രത്യേകമായി കിട്ടിയില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി ഓര്‍ക്കേണ്ടതായിരുന്നു.
മഹാപ്രളയ സമയത്ത് കേരളത്തെ സഹായിക്കാന്‍ വന്ന ചില രാഷ്ട്രങ്ങളോട് സഹായം സ്വീകരിക്കില്ലെന്നാണ് പ്രധാനമന്ത്രി അറിയിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് ഗുജറാത്ത് പരിചയമില്ലാത്തതല്ലല്ലോ, അവിടെ ദുരന്തമുണ്ടായപ്പോള്‍ രാജ്യത്തിന് പുറത്ത് നിന്നും സഹായം സ്വീകരിച്ചിരുന്നുവെന്നും ചരിത്രം പറഞ്ഞ് മുഖ്യമന്ത്രിയുടെ മറുപടി. മോദി പ്രധാനമന്ത്രിയായതിന് ശേഷം കേരളത്തില്‍ ദുരന്തം വന്നപ്പോള്‍ പുറമെ നിന്നുള്ള സഹായം സ്വീകരിക്കാന്‍ പറ്റില്ലെന്ന് നിലപാടെടുത്തു. ഇപ്പോള്‍ മഹാരാഷ്ട്രയ്ക്ക് അതിനുള്ള അനുമതി നല്‍കി. കേരളത്തോട് മാത്രമെന്താണ് വേറെ നിലപാട്? അതും കേന്ദ്ര ആഭ്യന്തരമന്ത്രി ഓര്‍ക്കുന്നത് നന്നാവും. അന്ന് കേരളമാകെ വല്ലാതെ പ്രയാസപ്പെടുമ്പോള്‍ ആ ഘട്ടത്തില്‍ ലോകത്താകെ വ്യാപിച്ചു കിടക്കുന്ന മലയാളികള്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് ഒരു നിര്‍ദേശം മുന്നോട്ട് വച്ചു. ഞങ്ങള്‍ പണം സ്വരൂപിക്കാന്‍ തയ്യാറാണ്. അത് വാങ്ങാന്‍ മന്ത്രിമാര്‍ വരുമോ? ഞങ്ങള്‍ ഓഫര്‍ സ്വീകരിച്ചു. പക്ഷേ മന്ത്രിമാര്‍ക്ക് യാത്രയ്ക്കുള്ള അനുമതി കേന്ദ്രസര്‍ക്കാര്‍ നല്‍കിയില്ല. അതും ആഭ്യന്തര മന്ത്രി ഓര്‍ക്കണമായിരുന്നുവെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.
ഏതൊരു നാടിന്‍റെയും പുരോഗതിക്ക് വികസനം അനിവാര്യമാണ്. എന്നാല്‍ അത് യഥാസമയം നടന്നില്ലെങ്കില്‍ അതുകൊണ്ട് യാതൊരു പ്രയോജനവും ഇല്ല. ഒരു കുട്ടി ജനിച്ച് യഥാസമയം അതിന് പോഷണവും വിദ്യാഭ്യാസവും വളരാനുള്ള സാഹചര്യവുമാണ് ഉണ്ടാവേണ്ടത്. അല്ലാതെ അഞ്ചു വയസുവരെ കിട്ടേണ്ട പോഷണവും പരിചരണവും 10 വയസില്‍ കിട്ടിയിട്ട് എന്താണ് പ്രയോജനം? നമ്മുടെ നാടിന്‍റെ കാര്യവും ഇതുപോലെ തന്നെയാണ്. വികസനം ഏറ്റവും പ്രധാനമാണ്. ജനാധിപത്യ സംവിധാനത്തില്‍ സര്‍ക്കാരുകള്‍ മാറിമാറി വരും. എന്നാല്‍ നാടിന്‍റെ വികസനമെന്നത് ഒരു തുടര്‍ പ്രക്രിയയാണ്. മുന്‍സര്‍ക്കാരിന്‍റെ കാലത്ത് ആരംഭിച്ചു, പിന്നീട് മറ്റൊരു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ഏതുസര്‍ക്കാര്‍ തുടങ്ങിയെന്നല്ല അത് എത്രമാത്രം ജനകീയ താല്‍പര്യം ഉയര്‍ത്തിപ്പിടിക്കുന്നുവെന്നതിലാണ് കാര്യം. നാടിന്‍റെ പുരോഗതി ഉയര്‍ത്തിപ്പിടിക്കുന്ന ഏതൊരു പദ്ധതിയും കക്ഷി രാഷ്ട്രീയത്തിന് അതീതമായി നടപ്പിലാക്കുകയാണ് സര്‍ക്കാര്‍ നിലപാട്. 9 വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ സംഭവിച്ച മാറ്റങ്ങള്‍ വളരെ വലിയതാണ്. വന്‍കിട വികസന പദ്ധതികള്‍ ഏറ്റെടുക്കാനായി. ദേശീയപാത കേരളത്തില‍് നടപ്പിലാകില്ലെന്ന് കരുതിയിരുന്ന വലിയ വിഭാഗം ആളുകളുണ്ട്. അതായിരുന്നു സ്ഥിതി. ഇപ്പോള്‍ ആ ആശങ്കയില്ല. അതിവേഗതയില്‍ നിര്‍മാണം നടക്കുന്നുവെന്നത് കാണുന്നതാണ്.
രാജ്യത്തിന്‍റെ തന്നെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖം, വിഴിഞ്ഞം അതും യാഥാര്‍ഥ്യമാക്കാന്‍ നമുക്ക് കഴിഞ്ഞിരിക്കുന്നു. ഒട്ടേറെ വെല്ലുവിളികള്‍ ഉണ്ടായിട്ടും പൂര്‍ണമായും അത് വിജയത്തിലേക്ക് എത്തിക്കാന്‍ നമുക്ക് കഴിഞ്ഞു. അതുപോലെ തന്നെയാണ് കേരളത്തില്‍ യാഥാര്‍ഥ്യമായ ഗെയില്‍ പൈപ്പ് ലൈനിന്‍റെ കാര്യവും. യാഥാര്‍ഥ്യമാകില്ലെന്ന് പലരും കരുതി. പക്ഷേ അത് യാഥാര്‍ഥ്യമായി. പൈപ്പിലൂടെ ഗ്യാസ് പ്രവഹിക്കുന്നു. പല അടുക്കളകളിലും പാചകത്തിന് ഉപയോഗിക്കുന്നു. കൊച്ചി– ഇടമണ്‍ ഹൈവേയും പൂര്‍ത്തിയായി. വൈദ്യുതി ആ ലൈനിലൂടെ പ്രവഹിക്കുന്നു.
സംസ്ഥാനത്തിന്‍റെ മുഖഛായ മാറ്റുന്ന ഒന്നായിരിക്കും കൊച്ചി –കോയമ്പത്തൂര്‍ വ്യാവസായിക ഇടനാഴി, മലയോര ഹൈവേകള്‍ എന്നിവ നിര്‍മാണത്തിന്‍റെ വിവധ ഘട്ടത്തിലാണ് നില്‍ക്കുന്നത്. ഇവയെല്ലാം പൂര്‍ത്തിയാകുന്നതോടെ നാടിന്‍റെ അടിസ്ഥാന സൗകര്യ വികസനത്തില്‍ വലിയ മാറ്റം വരും. കേരളത്തെ വിജ്ഞാന ഹബ്ബാക്കാനുള്ള നടപടികളും നടക്കുന്നു.
പൊതുവിദ്യാഭ്യാസ മേഖല ഏറ്റവും കരുത്താര്‍ജിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ 9 വര്‍ഷക്കാലവും കണ്ടത്. സ്കൂളുകളുടെ പശ്ചാത്തല സൗകര്യവികസനം, പുതിയ കെട്ടിടങ്ങള്‍, എന്നിവ കണ്ടു. സ്മാര്‍ട് ക്ലാസുകളില്ലാത്ത പൊതുവിദ്യാലയങ്ങള്‍ ഇന്ന് കേരളത്തിലില്ലെന്ന് തന്നെ പറയാം. കുട്ടികളുടെ വ്യക്തിത്വ വികസനത്തില്‍ സമഗ്ര പദ്ധതി ആവിഷ്കരിക്കാനും നമുക്ക് കഴിഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പുതുതലമുറ കോഴ്സുകള്‍ ആരംഭിച്ചും തൊഴിലധിഷ്ഠിത കോഴ്സുകള്‍ ആരംഭിച്ചും കേരളം മുന്നേറുന്നു. ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാര്‍ഥികള്‍ പുറത്തേക്ക് പോകുന്നത് ഗൗരവകരമായി കണ്ട് നൂതന കോഴ്സുകള്‍ സര്‍ക്കാര്‍ കൊണ്ടുവരികയും ചെയ്തു. സര്‍വകലാശാലകള്‍ ആവട്ടെ മികച്ച നിലവാരവും പുലര്‍ത്തുന്നു. മികച്ച 12 സര്‍വകലാശാലകളില്‍ മൂന്നെണ്ണം നമ്മുടെ നാട്ടില്‍ നിന്നാണ്. ഒന്‍പതാം സ്ഥാനത്ത് കേരള, പത്തില്‍ കൊച്ചിന്‍ യൂണിവേഴ്സിറ്റി, 11ാമത് എംജി, 43–ാമത് എംജി എന്നിങ്ങനെ. കേരളത്തിലെ 16 കോളജുകള്‍ രാജ്യത്തെ മികച്ച 100 കോളജുകളില്‍ ഉള്‍പ്പെടുന്നു. നമ്മുടെ നാടിന്‍റെ ഏറ്റവും വലിയ പ്രത്യേകത ഇപ്പോള്‍ കേരളത്തിലേക്ക് കേരളത്തിന് പുറത്തും, രാജ്യത്തിന് പുറത്തുമുള്ള വിദ്യാര്‍ഥികള്‍ ഇവിടെ വന്ന് പഠിക്കാന്‍ തയ്യാറാകുന്നുവെന്നതാണ്.
വ്യവസായ രംഗത്ത് ഇതേ വരെ കണ്ടിട്ടില്ലാത്ത മുന്നേറ്റമാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്. ദേശീയതലത്തില്‍ അംഗീകാരങ്ങള്‍ ലഭിച്ചു. സംസ്ഥാനത്തെ 20 പൊതുമേഖലാ സ്ഥാപനങ്ങള്‍ നിലവില്‍ ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സംരംഭക വര്‍ഷം പദ്ധതിയിലൂടെ മൂന്നരലക്ഷം സംരംഭങ്ങളാണ് കേരളത്തിലാരംഭിച്ചത്. ഏഴര ലക്ഷത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമായി.
പുതിയകാലത്ത് ആയുധമല്ല, വിവരമാണ് ഏറ്റവും വലിയ ശക്തി. ഡാറ്റ അനാലിസിസ് ഏതൊരു പദ്ധതിയുടെയും ആധാരമാണെന്നും ആ മേഖലയിലും കേരളം അസൂയാവഹമായ മുന്നേറ്റമാണ് നടത്തിയിട്ടുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തുന്നു. ഡാറ്റ അനാലിസിസില്‍ നിലവില്‍ നിര്‍മിത ബുദ്ധി വലിയ പങ്ക് വഹിക്കുന്നുവെന്നും ഇത് സംയോജിപ്പിച്ചുള്ള പ്രവര്‍ത്തനം നടത്തുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കേരളെ നിക്ഷേപ സൗഹൃദമാണെന്നും ഈസ് ഓഫ് ഡൂയിങ് ബിസിനസില്‍ ഒന്നാമതെത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.