amit-shah-pinarayi-1
  • കേരളത്തിന് അനുവദിച്ച ദുരന്തനിവാരണഫണ്ട്
  • സംവാദത്തിന് പിണറായിയെ വെല്ലുവിളിച്ച് അമിത് ഷാ
  • ‘മുന്‍ സര്‍ക്കാരുകളെക്കാള്‍ തുക മോദി അനുവദിച്ചു’

ദുരന്ത നിവാരണ ഫണ്ട് കേരളത്തിനായി അനുവദിച്ചതില്‍ മുഖ്യമന്ത്രി പിണറായി വിജയനെ സംവാദത്തിന് ക്ഷണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മനോരമന്യൂസ് കോണ്‍ക്ലേവിലാണ് അമിത് ഷായുടെ വെല്ലുവിളി.  മുന്‍ സര്‍ക്കാരുകള്‍ 1300 കോടിയോളം രൂപയാണ് കേരളത്തിന് ഫണ്ടായി അനുവദിച്ചത്. മോദി സര്‍ക്കാര്‍ അയ്യായിരം കോടിയിലേറെയും അനുവദിച്ചുവെന്നും അമിത് ഷാ  അവകാശപ്പെട്ടു. അനന്ത സാധ്യതകള്‍ കേരളത്തിന് മുന്നിലുണ്ടെങ്കിലും അതുവേണ്ടരീതിയില്‍ പ്രയോജനപ്പെടുത്തുന്നില്ലെന്നും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. 

വരുന്ന നിയമസഭാ തിര‍ഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി അധികാരം പിടിക്കുമെന്ന് അവകാശപ്പെട്ട അമിത് ഷാ എല്‍ഡിഎഫിനെയും യുഡിഎഫിനെയും അധികാരത്തില്‍ നിന്ന് പുറത്താക്കുമെന്നും പറഞ്ഞു. വരുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ 25 ശതമാനം വോട്ടുകള്‍ ബിജെപി പിടിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. Also Read: മോദിയുടെ കാലം സുവര്‍ണാക്ഷരങ്ങളില്‍ എഴുതപ്പെടും; കമ്യൂണിസം കേരളത്തെ പിന്നോട്ടടിച്ചു; അമിത് ഷാ

മോദി സര്‍ക്കാര്‍ ഭരിക്കുന്നത് കൊണ്ട് മാത്രമാണ് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കേരളം തയ്യാറായത്. അല്ലെങ്കില്‍ അത് നടപ്പിലാക്കുമായിരുന്നില്ല. പാര്‍ട്ടിക്കാര്‍ക്ക് വേണ്ടിയല്ല, ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ വരണമെന്നും അമിത് ഷാ പറഞ്ഞു. ബിജെപിയുടെ അടിത്തറ വിപുലമാക്കി കേരളത്തില്‍ അധികാരം പിടിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. 

മണ്ഡലപുനര്‍ നിര്‍ണയത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് നീതി നിഷേധിക്കപ്പെടില്ലെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും അമിത് ഷാ വ്യക്തമാക്കി. മകന്‍ ഉദയനിധിയെ അടുത്ത തമിഴ്നാട് മുഖ്യമന്ത്രിയാക്കണമെന്നാണ് സ്റ്റാലിന്‍റെ ആഗ്രഹം. ജയിലിലായിട്ടും ഭരണം തുടര്‍ന്നവരുണ്ട്. ആ സ്ഥിതി മാറി രാഷ്ട്രീയ നൈതികതയിലൂന്നി രാജ്യം മുന്നോട്ട് പോകണമെന്നുള്ളതു കൊണ്ടാണ് പുതിയ ബില്‍ കൊണ്ടുവന്നതെന്നും അദ്ദേഹം വിശദീകരിച്ചു. 

തിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടത്തിയെന്ന തരത്തില്‍ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളെയും അമിത് ഷാ തള്ളി. ക്രമക്കേടെന്ന് പരാതിയുണ്ടായിരുന്നുവെങ്കില്‍ ജില്ലാ കലക്ടര്‍ക്കോ, റിട്ടേണിങ് ഓഫിസര്‍ക്കോ, സംസ്ഥാനത്തോ എന്നിങ്ങനെ മൂന്ന് തലങ്ങളില്‍  പരാതി ഉന്നയിക്കാന്‍ സാവകാശമുണ്ടായിരുന്നു. എന്നാല്‍ അവിടങ്ങളിലൊന്നും കോണ്‍ഗ്രസ് പരാതിപ്പെട്ടില്ല. പകരം തെരുവിലേക്കാണ് കോണ്‍ഗ്രസ് ഇറങ്ങിയത്. അവിടെ  ചര്‍ച്ച ചെയ്യുന്ന കാര്യങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പരിഗണിക്കില്ല. പരാതിയുള്ളവര്‍ കമ്മിഷനെ സമീപിക്കുകയാണ് വേണ്ടത്. അതാണ് നിയമപരമായ മാര്‍ഗമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. നിലവിലെ പ്രതിപക്ഷ നീക്കം ബിഹാര്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നും അമിത് ഷാ ആരോപിച്ചു.

ENGLISH SUMMARY:

Union Home Minister Amit Shah invited Kerala Chief Minister Pinarayi Vijayan for a debate over disaster relief funds, while speaking at the Manorama News Conclave. Shah claimed that while previous governments had allocated around ₹1,300 crore to Kerala, the Modi government sanctioned over ₹5,000 crore. He further criticized that despite Kerala’s immense potential, it has not been utilized effectively.