പുതു യുഗയാത്രയുടെ സമാപന സമ്മേളനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്തു. യുഎസുമായി വ്യാപാര കരാർ ഒപ്പിട്ടതോടെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ വഞ്ചിച്ചതായി രാഹുൽ ഗാന്ധി പറഞ്ഞു. അമേരിക്ക പറയുന്നവരിൽനിന്നു മാത്രമേ എണ്ണ വാങ്ങൂ എന്ന് പ്രധാനമന്ത്രി ധാരണയിലെത്തി. ജനങ്ങളുടെ ഡേറ്റ ഇന്ത്യൻ സർക്കാർ യുഎസിന് അടിയറവുവച്ചു. എപ്സ്റ്റീൻ ഫയലുകൾ ഇനിയും പുറത്തു വരാനുണ്ട്. ഫയലുകളിൽ പ്രധാനമന്ത്രിയുടെ പേരുമുണ്ട്. പരിഭ്രമിച്ചാണ് അമേരിക്കയുമായുള്ള കരാറിൽ പ്രധാനമന്ത്രി ഒപ്പിട്ടത്. ട്രംപാണ് പ്രധാനമന്ത്രിയെ നിയന്ത്രിക്കുന്നത്. അതുപോലെയാണ് പ്രധാനമന്ത്രി കേരള മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നതെന്നും രാഹുൽ പറഞ്ഞു
അഞ്ചു ഉറപ്പുകളുമായി രാഹുല്‍
1. സ്ത്രീകൾക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര. ഇത് സ്ത്രീകളുടെ യാത്രാസൗകര്യം വർധിപ്പിക്കുകയും കുടുംബങ്ങളുടെ ദൈനംദിന ചിലവ് കുറയ്ക്കുകയും ചെയ്യും. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ രംഗത്തേക്ക് കടന്നുവരുന്ന പെൺകുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനായി കോളജ് വിദ്യാർത്ഥിനികൾക്ക് മാസംതോറും 1,000 രൂപ സാമ്പത്തിക സഹായം നൽകും.
2. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് അർഹമായ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനായി സാമൂഹിക ക്ഷേമ പെൻഷൻ 3,000 രൂപയായി വർധിപ്പിക്കും.
3 ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലൂടെ ഓരോ കുടുംബത്തിനും 25 ലക്ഷം രൂപ വരെയുള്ള ചികിത്സാ പരിരക്ഷ ലഭിക്കും. സാമ്പത്തിക ബാധ്യതയില്ലാതെ മികച്ച ചികിത്സ എല്ലാവർക്കും ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
4. സംരംഭങ്ങൾ തുടങ്ങുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി യുവാക്കൾക്ക് 5 ലക്ഷം രൂപ വരെ പലിശരഹിത വായ്പ നൽകും.
5 കേരളത്തിലെ വയോജനങ്ങളുടെ ക്ഷേമം, സംരക്ഷണം, അന്തസ്സ് എന്നിവ ഉറപ്പാക്കുന്നതിനായി ഒരു പ്രത്യേക വകുപ്പ് രൂപീകരിക്കും.
യാത്രയെ നെഞ്ചിലേറ്റിയവര്‍ക്ക് ഒരായിരം നന്ദിയെന്നും യുഡിഎഫ് കേരളത്തെ കൈപിടിച്ച് ഉയര്‍ത്തുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. പുതുയുഗ യാത്ര വലിയൊരു അനുഭവമായിരുന്നു. നവകേരള മോഡല്‍ യുഡിഎഫിന്റെ വാക്കാണെന്നും വിഡി ഉറപ്പ് നല്‍കി. 100 സീറ്റ് നേടി യു.ഡി.എഫ് ഭരണത്തില്‍ വരുമെന്നും എത്ര പരസ്യം നല്‍കിയാലും മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖം നന്നാക്കാനാകില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാരിന്റേത് നാണമില്ലാത്ത പബ്ലിസിറ്റിയെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു. യുഡിഎഫ് നേതാക്കളും സമ്മേളനത്തില്‍ പങ്കെടുത്തു.