Untitled design - 1

സ്വകാര്യ ആശുപത്രി നഴ്സുമാരുടെ ശമ്പളപരിഷ്കരണത്തില്‍ കരട് വിജ്ഞാപനം  ഗസറ്റില്‍ പ്രസിദ്ധീകരിച്ചു. മിനിമം വേതനം 25450 രൂപ മുതല്‍ 33080 രൂപ വരെ. അതേസമയം മാര്‍ച്ച് 9 മുതല്‍ സമ്പൂര്‍ണ പണിമുടക്ക് നടത്തുമെന്നു യുഎന്‍എ അഖിലേന്ത്യ പ്രസിഡന്റ് ജാസ്മിന്‍ ഷാ അറിയിച്ചു. കരട് വിജ്ഞാപനത്തിലുള്ളത് തുച്ഛമായ ശമ്പള വര്‍ധനയെന്നും അത് മാനേജ്മെന്റുകളെ സഹായിക്കാനെന്നും ജാസ്മിന്‍ ഷാ പറഞ്ഞു. സമരം ആശുപത്രികളിലേക്ക് മാറ്റുമെന്നും മുന്നറിയിപ്പ്. നഴ്സുമാരുടെ ശമ്പളം 40,000രൂപ ആക്കുന്നതുവരെ സമരം തുടരാനാണ് നഴ്സുമാരുടെ സംഘടനയുടെ നീക്കം .  28000രൂപ അടിസ്ഥാന ശമ്പളമാക്കി കരട് വിജ്ഞാപനത്തില്‍ പരാതി നല്‍കാനും ആലോചനയുണ്ട്

 

Also Read: മാലാഖമാരല്ല മനുഷ്യരാണ്! ജീവിക്കാൻ ശമ്പളം വേണമെന്ന് നഴ്‌സുമാർ; പണിമുടക്കില്‍ സ്തംഭിപ്പിച്ച് ആശുപത്രികള്‍.

നഴ്സുമാരുടെ സംഘടനക്ക് രാഷ്ട്രീയലക്ഷ്യമുണ്ടെന്നും  കോണ്‍ഗ്രസ് സ്പോണ്‍സേര്‍ഡ് സമരമാണെന്നും  മന്ത്രി വി ശിവന്‍കുട്ടി ആരോപിച്ചു.  സമരം രാഷ്ട്രീയപ്രേരീതമാണെന്ന തൊഴിൽ മന്ത്രിയുടെ പ്രസ്താവന വിവരക്കേട് എന്ന് യു എൻ എ അഖിലേന്ത്യാ പ്രസിഡന്റ്‌ ജാസ്മിൻ ഷാ പ്രതികരിച്ചു . സംസ്ഥാനത്തെ  ആശുപത്രി മാനേജ്മെന്‍റുകള്‍ നഴ്സുമാര്‍ക്ക്  മാന്യമായ ശമ്പളം നല്‍കണമെന്നും  സർക്കാർ ഉത്തരവിനെതിരെ സ്റ്റേ വാങ്ങുന്നത് നിര്‍ത്തണമെന്നും തൊഴില്‍ മന്ത്രി ആവശ്യപ്പെട്ടു.   

 

യുഡിഎഫ് ഭരണ കാലത്ത് യുഎന്‍എയുടെ സമര പന്തലിൽ സിപിഎം നേതാക്കൾ ഉൾപ്പെടെ വന്നിരുന്നല്ലോ എന്നും തൊഴിൽ മന്ത്രി മാനേജ്മെന്റ്കൾക്കൊപ്പമാണെന്ന് പറയേണ്ടി വരുമെന്നും യുഎന്‍എ തിരിച്ചടിച്ചു. നഴ്സുമാർ പറയുന്നതിന് അസരിച്ചല്ല സർക്കാർ മിനിമം വേതനം നിശ്ചയിക്കേണ്ടതെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റൽ മാനേജ്മെൻ്റ് അസോസിയേഷൻ പ്രതികരിച്ചു . നിയമപരമായി നേരിടുമെന്ന് കെ.പി.എച്ച്.എ  പ്രസിഡൻ്റ് അഡ്വ.ഹുസൈൻ കോയ തങ്ങൾ പഞ്ഞു. 

 

ENGLISH SUMMARY:

Kerala nurse salary hike details are being released, with a draft notification published for private hospital nurses. The proposed minimum wage ranges from 25450 to 33080 rupees, sparking plans for a complete strike from March 9th by the UNA, citing insufficient pay increases.